13 November Tuesday

സൗരഭിന് റെക്കോഡ്

വെബ് ഡെസ്‌ക്‌Updated: Friday Sep 7, 2018

സ്വർണം നേടിയ സൗരഭ് ചൗധരിയെ അർജുൻ സിങ് ചീമ എടുത്തുയർത്തുന്നു


ചങ്വോൺ
ഏഷ്യൻ ഗെയിംസിനു പിന്നാലെ ഐഎസ്എസ്എഫ് ഷൂട്ടിങ് ലോക ചാമ്പ്യൻഷിപ്പിലും സൗരഭ് ചൗധരിക്ക് സ്വർണം. ജൂനിയർ വിഭാഗത്തിൽ റെക്കോഡോടെയായിരുന്നു സൗരഭിന്റെ സ്വർണനേട്ടം. 10 മീറ്റർ എയർ പിസ്റ്റളിലാണ് ഈ പതിനാറുകാരൻ സ്വർണം നേടിയത്.

ഇന്ത്യയുടെതന്നെ അർജുൻ സിങ് ചീമയ്ക്കാണ് ഈ ഇനത്തിൽ വെങ്കലം. ദക്ഷിണ കൊറിയയുടെ ഹോജിൻ ലിം രണ്ടാമത്തെത്തി. സൗരഭും ചീമയും ഉൾപ്പെട്ട ടീം ഗ്രൂപ്പ് ഇനത്തിൽ വെള്ളിയും സ്വന്തമാക്കി. 10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് ടീം ഇനത്തിൽ കഴിഞ്ഞദിവസം സൗരഭ് വെങ്കലംനേടിയിരുന്നു. അതേസമയം, സീനിയർ തലത്തിൽ ഇന്ത്യൻ ഷൂട്ടർമാർ നിരാശപ്പെടുത്തി.

ഫൈനലിൽ 245.5 പോയിന്റ് നേടിയാണ് സൗരഭ് റെക്കോഡിട്ടത്. സ്വന്തം റെക്കോഡുതന്നെയാണ് ഇന്ത്യൻ താരം തിരുത്തിയത്. യോഗ്യതാറൗണ്ടിൽ ഒന്നാമനായി ഫൈനലിലെത്തിയ കൊറിയൻതാരത്തിന് 243.1 പോയിന്റ് നേടാനെ കഴിഞ്ഞുള്ളൂ. 218 പോയിന്റാണ് ചീമയുടെ സമ്പാദ്യം. സൗരഭ് മൂന്നാമതും ചീമ ആറാമതുമാണ് െെഫനലിലേക്ക് യോഗ്യത നേടിയത്.

സൗരഭ്, ചീമ, അൻമോൾ എന്നിവരാണ് ടീം ഇനത്തിൽ വെള്ളി നേടിയത്. 1730 പോയിന്റാണ് ഇന്ത്യൻ ടീം കുറിച്ചത്. 1732 പോയിന്റോടെ കൊറിയ സ്വർണം സ്വന്തമാക്കി. റഷ്യക്കാണ് വെങ്കലം.

ലോകചാമ്പ്യൻമാരെ പിന്നിലാക്കിയാണ് ജക്കാർത്തയിൽ സൗരഭ് പൊന്നണിഞ്ഞത്. ഏഷ്യാഡിൽ സ്വർണംനേടിയ ഏറ്റവും പ്രായംകുറഞ്ഞ ഇന്ത്യൻ ഷൂട്ടറാണ് ഈ കൗമാരതാരം. മീററ്റിലെ ഒരു കർഷകന്റെ മകനാണ്. അമിത് ഷെറോൺ അക്കാദമിയിലായിരുന്നു പരിശീലനം.
10 മീറ്റർ എയർ പിസ്റ്റളിൽ ഏഷ്യൻ ഗെയിംസ് വെങ്കല മെഡൽ ജേതാവ് അഭിഷേക് വർമ എട്ടാംസ്ഥാനത്താണ് ഫിനിഷ് ചെയ്തത്.


പ്രധാന വാർത്തകൾ
Top