19 December Wednesday

ജർമനി ക്വാർട്ടറിലേക്ക‌്; പാകിസ്ഥാന്‌ സമനില

വെബ് ഡെസ്‌ക്‌Updated: Thursday Dec 6, 2018

നെതർലൻഡ്‌സിനെതിരെ ജർമനിയുടെ ക്രിസ്‌റ്റഫർ റൂഹറിന്റെ മുന്നേറ്റം


ഭുവനേശ്വർ
ഒരു ഗോൾ വഴങ്ങിയശേഷം മൂന്നെണ്ണം തിരിച്ചടിച്ച‌് ജർമനി ഹോക്കി ലോകകപ്പിന്റെ ക്വാർട്ടറിന‌് അരികെയെത്തി. പൂൾ ഡിയിലെ മറ്റൊരു മത്സരത്തിൽ പാകിസ്ഥാനും മലേഷ്യയും ഓരോ ഗോളടിച്ച‌ു പിരിഞ്ഞു. രണ്ട‌ു ജയവുമായി ജർമനിയാണ‌് ഒന്നാമത‌്. നെതർലൻഡ‌്ഡ‌് രണ്ടാമതും.
രണ്ട‌ുതവണ ചാമ്പ്യൻമാരായ ജർമനിക്കെതിരെ നെതർലൻഡ‌്സ‌് തുടക്കത്തിൽ നല്ല കളി പുറത്തെടുത്തു. നിലവിലെ രണ്ടാം സ്ഥാനക്കാരായ ഡച്ചുകാർ വാലെന്റീൻ വർഗയിലൂടെ തുടക്കത്തിൽത്തന്നെ ലീഡ‌് നേടുകയുംചെയ‌്തു. പിന്നാലെ ക്യാപ‌്റ്റൻ ബില്ലി ബാക്കറിന‌്  മികച്ച അവസരം കിട്ടി. ബാക്കറുടെ ഷോട്ട‌് ജർമൻ ഗോൾകീപ്പർ ടോബിയാസ‌് വാൾട്ടർ തടഞ്ഞു. ആദ്യ ക്വാർട്ടറിന്റെ അവസാന ഘട്ടത്തിൽ ജർമനി തിരിച്ചടിക്കാൻ ശ്രമിച്ചു. മതിയാസ‌് മുള്ളറുടെ ഷോട്ട‌് പോസ‌്റ്റിൽ തട്ടിത്തെറിച്ചു. നിക്കളാസ‌് വെല്ലെന്റെ അടി ഡച്ച‌് ഗോൾകീപ്പർ പിർമിൻ ബ്ലാക്കും തടുത്തു. തുടർച്ചയായി കിട്ടിയ രണ്ട‌് പെനൽറ്റി കോർണറുകൾ മുതലാക്കാനും ജർമനിക്ക‌് കഴിഞ്ഞില്ല.

മൂന്നാം ക്വാർട്ടറിൽ ജർമനി ഒരു ഗോൾ തിരിച്ചടിച്ചു. മതിയാസ‌് മുള്ളറാണ‌് ഗോളടിച്ചത‌്. അവസാന ക്വാർട്ടറിൽ ജർമനിയുടെ കിടയറ്റ ആക്രമണത്തിന‌ു മുന്നിൽ നെതർലൻഡ‌്സിന‌് പിടിച്ചുനിൽക്കാനായില്ല. ആറ‌് മിനിറ്റിൽ അവർ മൂന്ന‌് ഗോൾ വഴങ്ങി. ലൂക്കാസ‌് വിൻഡെ‌ഫ‌്ദെർ, മാർകോ മിൽകൗ, ക്രിസ‌്റ്റഫർ റൂഹർ എന്നിവരാണ‌് ജർമനിക്കുവേണ്ടി ഗോളടിച്ചത‌്.

മലേഷ്യക്കെതിരെ മുന്നിട്ടുനിന്നശേഷം പാകിസ്ഥാൻ സമനില വഴങ്ങി. മുഹമ്മദ‌് ആതിഖിലൂടെ പാകിസ്ഥാൻ മുന്നിലെത്തി. നാല‌ു മിനിറ്റിനുള്ളിൽ മലേഷ്യ തിരിച്ചടിച്ചു. ഫൈസൽ സാരി ഗോൾ നേടി.ഇന്ന‌് സ‌്പെയ‌്ൻ ന്യൂസിലൻഡിനെയും അർജന്റീന ഫ്രാൻസിനെയും നേരിടും.
 


പ്രധാന വാർത്തകൾ
Top