12 December Wednesday

പുതുവർഷത്തിൽ റാക്കറ്റേന്തും സെറീന

വെബ് ഡെസ്‌ക്‌Updated: Thursday Dec 6, 2018

മെൽബൺ
അടുത്തവർഷം ജനുവരിയിൽ തുടങ്ങുന്ന ഓസ‌്ട്രേലിയൻ ഓപ്പണിൽ സെറീന വില്യംസ‌്‌ പങ്കെടുക്കും. പോരാട്ടത്തിന്റെ മറുവാക്കായ ഈ മുപ്പത്തേഴുകാരി ഒരു ഗ്രാൻഡ‌്‌സ്ലാംകൂടി നേടിയാൽ മാർഗരറ്റ‌്‌ കോാർട്ടിനൊപ്പമെത്തും. ഓസ‌്ട്രേലിയക്കാരി മാർഗരറ്റിന‌് 24 ഗ്രാൻഡ‌്‌സ്ലാമുകളുണ്ട‌്.
ഓസ‌്ട്രേലിയൻ ഓപ്പൺ സെറീനയ‌്ക്ക‌് പ്രിയപ്പെട്ട വേദിയാണ‌്. ഏഴുതവണ ഇവിടെ ചാമ്പ്യനായിട്ടുണ്ട‌്. 2017ൽ ഇവിടെ കിരീടം നേടിയശേഷമാണ‌് പ്രസവത്തിനായി കളിക്കളം വിട്ടത‌്.‌ ഓസ‌്ട്രേലിയൻ ഓപ്പൺ നേടുമ്പോൾ സെറീന രണ്ടുമാസം ഗർഭിണിയായിരുന്നു.

2018ൽ സെറീന ടെന്നീസിൽ തിരിച്ചെത്തി. കഠിനമായ പരിശീലനത്തിനും തയ്യാറെടുപ്പുകൾക്കും ശേഷമാണ‌് റാക്കറ്റേന്തിയത‌്. നിശ‌്‌ചയദാർഢ്യത്തിന്റെ തിളങ്ങുന്ന ഉദാഹരണമായി ഇത‌്. തിരിച്ചുവരവിന‌് പക്ഷെ, കിരീടങ്ങളുടെ തിളക്കം നൽകാനായില്ല. വിംബിൾഡണിലും യുഎസ‌് ‌ഓപ്പണിലും ഫൈനലിൽ എത്തിയതിലൊതുങ്ങി നേട്ടം. യുഎസ‌് ഓപ്പണിലെ ഫൈനലിൽ കടുത്ത സമ്മർദത്തിലായിരുന്നു സെറീന. അമ്പയർ കാർലോസ‌് റാമോസുമായി തർക്കിക്കുകയും ചെയ‌്തു.

ഓസ‌്ട്രേലിയൻ ഓപ്പണിന‌ുമുമ്പ‌് അബുദാബിയിൽ പരിശീലനമത്സരം കളിക്കും. ഡിസംബർ അവസാന ആഴ‌്‌ചയാണ‌് അബുദാബിയിൽ എത്തുക.
102 വനിതകളും 101 പുരുഷന്മാരും ഓസ‌്ട്രേലിയൻ ഓപ്പണിന‌്‌ എത്തുമെന്ന‌് ഇതിനകം അറിയിച്ചിട്ടുണ്ടെന്ന‌് സംഘാടകർ പറഞ്ഞു.

പരിക്കുമൂലം ഇത്തവണ മൂന്ന‌ു ഗ്രാൻഡ‌്‌സ്ലാമുകൾ ഒഴിവാക്കിയ ആൻഡി മറെ പുരുഷവിഭാഗത്തിലുണ്ട‌്. മറെ ഇതുവരെ ഈ ഓപ്പൺ നേടിയിട്ടില്ല. അഞ്ച‌ുതവണ ഫൈനലിൽ എത്തിയിട്ടുണ്ട‌്. ആറുതവണ ചാമ്പ്യനായ റോജർ ഫെഡററാണ‌് പുരുഷവിഭാഗത്തിലെ കരുത്തനായ താരം. ജനുവരി 14ന‌് ടൂർണമെന്റ‌് തുടങ്ങും.


പ്രധാന വാർത്തകൾ
Top