26 September Wednesday

ഐസിസി ടെസ്റ്റ് റാങ്കിങ് : കോഹ്ലി ഒന്നാമൻ

വെബ് ഡെസ്‌ക്‌Updated: Monday Aug 6, 2018


 ദുബായ്
ഇംഗ്ലണ്ടിനെതിരായ ഉജ്വലപ്രകടനത്തോടെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാമത്. പന്തുചുരണ്ടൽ വിവാദത്തിൽ വിലക്കിലുള്ള മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിനെ കോഹ്ലി മറികടന്നു. കോഹ്ലിക്ക് 934 പോയിന്റുണ്ട്. സ്മിത്തിന് 929.

ടെസ്റ്റിൽ ടീം തോറ്റെങ്കിലും നായകന്റെ പ്രകടനം കളിജീവിതത്തിലെ ഏറ്റവും തിളക്കമുള്ള നേട്ടത്തിലെത്തിച്ചു. ഏകദിന റാങ്കിങ്ങിൽ നേരത്തെതന്നെ ഒന്നാമതുള്ള കോഹ്ലി, സച്ചിൻ ടെൻഡുൽക്കറിനുശേഷം ടെസ്റ്റിൽ ഈ നേട്ടംകൈവരിക്കുന്ന ആദ്യ ഇന്ത്യക്കാരനായി.

ഇംഗ്ലണ്ടിനെതിരെ ഒരു ഇന്ത്യൻ ബാറ്റ്സ്മാന്റെ ടെസ്റ്റിലെ എക്കാലത്തെയും മികച്ചപ്രകടനമാണ് എഡ്ജ്ബാസ്റ്റണിൽ കോഹ്ലി പുറത്തെടുത്തത്. 200 റൺ രണ്ടിന്നിങ്സിലുമായി കോഹ്ലി അടിച്ചുകൂട്ടി. 2015 ഡിസംബർ മുതൽ ഒന്നാംസ്ഥാനത്ത് തുടർന്ന സ്മിത്ത് വിലക്കിനെത്തുടർന്ന് മാർച്ചിനുശേഷം കളിച്ചിട്ടില്ല.

2011 ജനുവരിയിലാണ് സച്ചിൻ ഒന്നാംറാങ്കിലെത്തിയത്. ജൂണിൽസ്ഥാനം നഷ്ടമായി. രാഹുൽ ദ്രാവിഡ്, ഗൗതം ഗംഭീർ, സുനിൽ ഗവാസ്കർ, വിരേന്ദർ സെവാഗ്, ദിലീപ് വെങ്സർക്കാർ എന്നിവരാണ് സച്ചിനുമുമ്പ് ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാമതെത്തിയ ഇന്ത്യക്കാർ.

ഏറ്റവും കൂടുതൽ റേറ്റിങ് പോയിന്റോടെ ഒന്നാംസ്ഥാനത്തെത്തുന്ന ഇന്ത്യക്കാരൻ കോഹ്ലിയാണ്. 961 പോയിന്റുമായി ഡോണാൾഡ് ബ്രഡ്മാന്റെ പേരിലാണ് ഉയർന്ന റേറ്റിങ്. 947 പോയിന്റുമായാണ് സ്മിത്ത് പട്ടികയിൽ ഇടംപിടിച്ചത്. മാത്യു ഹെയ്ഡെൻ, ജാക് കാലിസ്, എബി ഡിവില്ലിയേഴ്സ് എന്നിവർ 935 പോയിന്റ് നേടി.

865 പോയിന്റുമായി ഇംഗ്ലണ്ട് നായകൻ ജോറൂട്ടാണ് മൂന്നാം സ്ഥാനത്ത്. ചേതേശ്വർ പൂജാര ആറാംസ്ഥാനം നിലനിർത്തി. ആദ്യടെസ്റ്റിൽ തിളങ്ങിയ ജോണി ബെയർസ്റ്റോ നാല് സ്ഥാനം മെച്ചപ്പെടുത്തി പന്ത്രണ്ടാമതെത്തി.

ബൗളർമാരുടെ പട്ടികയിൽ ഇംഗ്ലീഷ് പേസർ ജയിംസ് ആൻഡേഴ്സനാണ് ഒന്നാംപടിയിൽ. ഇന്ത്യയുടെ രവീന്ദ്ര ജഡേജ മൂന്നാംസ്ഥാനത്തും ഇംഗ്ലണ്ടിനെതിരെ മികച്ചപ്രകടനം നടത്തിയ ആർ അശ്വിൻ അഞ്ചാംസ്ഥാനത്തും തുടർന്നു. ദക്ഷിണാഫ്രിക്കയുടെ കഗീസോ റബാദയാണ് രണ്ടാമൻ. ഓൾറൗണ്ടർമാരുടെ പട്ടികയിൽ ഷാകിബ് അൽഹസൻ ഒന്നും ജഡേജ രണ്ടും സ്ഥാനം നിലനിർത്തി.
 

പ്രധാന വാർത്തകൾ
Top