18 November Sunday

റഷ്യ ഇവരുടെ നോട്ടത്തിൽ

വെബ് ഡെസ്‌ക്‌Updated: Friday Jul 6, 2018


മോസ്കോ
ഫിഫ അവാർഡ് സമിതി അംഗങ്ങളാണ് ജോർജി കാമ്പോസ്, ലോതർ മത്തേവൂസ്, റൊണാൾഡോ എന്നിവർ. മെക്സികോയുടെ പ്രശസ്തനായ ഗോളിയായിരുന്നു കാമ്പോസ്. മത്തേവൂസ് ജർമൻ പ്രതിരോധക്കാരനും റൊണാൾഡോ ബ്രസീലിന്റെ സ്ട്രൈക്കറുമായിരുന്നു. സെപ്തംബർ 24ന് പ്രഖ്യാപിക്കുന്ന അവാർഡ് ജേതാക്കളെ കണ്ടെത്താനാണ് അവർ റഷ്യയിൽ എത്തിയത്.
ഇതുവരെയുള്ള പ്രകടനം അവർ വിലയിരുത്തുന്നു.

കാമ്പോസ്: കുറച്ചു ഗോൾ വഴങ്ങുന്നവരാണ് നല്ല ഗോളിമാർ. ആറ് കളിയിൽ ഒന്നോ രണ്ടോ ഗോൾ വഴങ്ങിയതുകൊണ്ട് മോശം ഗോളിയാകില്ല. ഇവിടെ മികച്ച ഗോൾകീപ്പർമാർ ഉണ്ടായിരുന്നു. കാസ്പെർ ഷ്മൈക്കൽ, ഫെർനാണ്ടോ മുസ്ലേര, ഗ്വില്ലെർമോ ഒച്ചോവ എന്നിവർ മികച്ച പ്രകടനം നടത്തി.
മത്തേവൂസ്: ടീമിനത്തിൽനിന്ന് മികച്ചൊരു കളിക്കാരനെ കണ്ടെത്തുന്നത് ബുദ്ധിമുട്ടാണ്. ടീം മികച്ച പ്രകടനം നടത്തുമ്പോഴാണ് മികച്ച കളിക്കാരനുണ്ടാകുന്നത്. ടീം ഉണ്ടാക്കുന്ന ഫലമാണ് പ്രധാനം. അതോടൊപ്പം നിർണായക ഗോൾ നേടുന്നതും പരിഗണിക്കണം. ജയിക്കുന്ന ടീമിൽനിന്നാണ് ഏറ്റവും നല്ല കളിക്കാരനുണ്ടാകുന്നത്. റഷ്യൻ ലോകകപ്പ് ഇതുവരെ വൻ വിജയമാണ്. അത്ഭുതകരമായ ഫലങ്ങൾ ഉണ്ടായി. താഴ്ന്ന റാങ്കിലുള്ള ടീമുകൾ അത്ഭുതകരമായി കളിച്ചു. ഒരു ലോകകപ്പ് മികച്ചതാകുന്നത് അത്ഭുതങ്ങളുടെ എണ്ണം കൂടുമ്പോഴാണ്.

റൊണാൾഡോ: മെസിയും ക്രിസ്റ്റ്യാനോ  റൊണാൾഡോയും ആധിപത്യം സ്ഥാപിച്ച ഫുട്ബാളിൽ മാറ്റംവരുന്നു. അവർ രണ്ടുപേരും പുറത്തായതോടെ  നെയ്മർക്ക് സാധ്യത കൂടി. ഇത് യാഥാർഥ്യമാകണമെങ്കിൽ നെയ്മർ ലോകകപ്പ് നേടണം. ഇപ്പോൾ കളിക്കുന്നപോലെ കൂട്ടായ്മയോടെ കളിക്കണം. മികച്ച കളിക്കാരൻ എന്ന ചിന്ത മനസ്സിൽ പാടില്ല. ഇതുവരെ കണ്ട ഏറ്റവും നല്ല ഗോൾ പോർച്ചുഗലിന്റെ റിക്കാർഡോ ക്വറെസ്മയുടേതാണ്.

പ്രധാന വാർത്തകൾ
Top