16 November Friday

സ്വരേവ്‌ മടങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday Jun 6, 2018


പാരീസ്‌
രണ്ടാം സീഡ്‌ അലക്‌സാണ്ടർ സ്വരേവ്‌ ഫ്രഞ്ച്‌ ഒാപ്പൺ ടെന്നീസിന്റെ ക്വാർട്ടറിൽ പുറത്തായി. ഏഴാം സീഡ്‌ ഡൊമിനിക്‌ തീമാണ്‌ സ്വരേവിനെ തോൽപ്പിച്ചത്‌. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു തീമിന്റെ ജയം (6‐4, 6‐2, 6‐1). വനിതകളിൽ മാഡിസൺ കീസും സ്ലൊയെൻ സ്‌റ്റീഫൻസും സെമിയിലേക്ക്‌ മുന്നേറി.

കടുത്ത മത്സരങ്ങൾ കഴിഞ്ഞെത്തിയ  സ്വരേവിന്‌ തീമിന്‌ മുന്നിൽ പിടിച്ചുനിൽക്കാനായില്ല. ആദ്യ സെറ്റ്‌ മുതൽ തീം ആധിപത്യം നേടി. ഇതിനിടെ സ്വരേവിന്റെ കാൽമുട്ടിന്‌ പരിക്കേറ്റു. മുൻ മത്സരങ്ങളിൽ അവസാന ഘട്ടത്തിൽ വന്പൻ തിരിച്ചുവരവ്‌ നടത്തിയ ജർമൻതാരത്തിന്‌ ഇക്കുറി കഴിഞ്ഞില്ല.

വനിതകളിൽ കീസ്‌ ക്വാർട്ടറിൽ ഉക്രയ്‌ന്റെ പുടിൻസേവയെ തോൽപ്പിച്ചു (7‐6, 6‐4). പത്താം സീഡ്‌ സ്‌റ്റീഫൻസ്‌ റഷ്യയുടെ ഡാരിയ കസാക്‌റ്റിനയെ നേരിട്ടുള്ള സെറ്റുകളിൽ മറികടന്നു (6‐3, 6‐1). സെമിയിൽ കീസും സ്‌റ്റീഫൻസും ഏറ്റുമുട്ടും.

ഇന്ന്‌ നടക്കുന്ന ക്വാർട്ടറിൽ റാഫേൽ നദാൽ സ്‌ട്രൂസ്‌മാനെയും സിലിച്ച്‌ ഡെൽപൊട്രോയെയും നേരിടും. വനിതകളിൽ ഹാലെപ്‌‐കെർബെർ, ഷരപോവ‐മുഗുരുസ ക്വാർട്ടറാണ്‌.

പ്രധാന വാർത്തകൾ
Top