16 November Friday

ഇന്ത്യ ഇന്ന് ശ്രീലങ്കയോട്

വെബ് ഡെസ്‌ക്‌Updated: Wednesday Sep 5, 2018


ധാക്ക
സാഫ് കപ്പ് ഫുട്ബോളിൽ കിരീടം നിലനിർത്താൻ ഇന്ത്യ ഇന്ന് ഇറങ്ങുന്നു. ആദ്യകളിയിൽ ശ്രീലങ്കയാണ് ഇന്ത്യയുടെ എതിരാളി. ധാക്കയിലെ ബംഗബന്ധു സ്റ്റേഡിയത്തിൽ ഇന്ത്യൻസമയം രാത്രി 6.30നാണ് മത്സരം. ആദ്യദിനം നടന്ന മത്സരത്തിൽ നേപ്പാളിനെ പാകിസ്ഥാൻ ഒരു ഗോളിന് തോൽപ്പിച്ചു.

ഏഴ് രാജ്യങ്ങളാണ് ടൂർണമെന്റിൽ. ഗ്രൂപ്പ് ബിയിലാണ് ഇന്ത്യ. ശ്രീലങ്കയും മാലദ്വീപുമാണ് ഗ്രൂപ്പിലെ മറ്റ് ടീമുകൾ. എ ഗ്രൂപ്പിൽ പാകിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ, ഭൂട്ടാൻ ടീമുകൾ.

അണ്ടർ 23 ടീമാണ് ഇന്ത്യക്ക്. സുമീത് പാസിയാണ് ടീമിലെ മുതിർന്ന കളിക്കാരൻ. മലയാളി താരം ആഷിഖ് കുരുണിയനും ടീമിലുണ്ട്. ഓസ്ട്രേലിയയിലായിരുന്നു ഇന്ത്യൻ ടീമിന്റെ പരിശീലനക്യാമ്പ്. പ്രതിരോധക്കാരൻ സുഭാശിഷ് ബോസ് ആണ് ക്യാപ്റ്റൻ.
ശ്രീലങ്കയുമായി ആകെ 22 തവണ ഇന്ത്യ കളിച്ചിട്ടുണ്ട്. ഇതിൽ 15ലും ജയിച്ചു. 1995ലെ ദക്ഷിണേഷ്യൻ സ്വർണക്കപ്പ് ഫൈനലിൽ ഇന്ത്യയെ തോൽപ്പിച്ച് കിരീടം നേടിയിട്ടുണ്ട് ശ്രീലങ്കൻ ടീം.

ടൂർണമെന്റിൽ ആർക്കും കൃത്യമായ സാധ്യതയില്ലെന്ന് ഇന്ത്യൻ പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റന്റൈൻ പറഞ്ഞു. 'ജയിക്കാനാണ് ഞങ്ങൾ ഇറങ്ങുന്നത്. എന്നാൽ ഞങ്ങൾ മാത്രമല്ല മികച്ചവർ. മറ്റ് ടീമുകളും ശക്തരാണ്. യുവതാരങ്ങൾക്ക് ഇത് നല്ല അനുഭവമായിരിക്കും'‐ കോൺസ്റ്റന്റൈൻ വ്യക്തമാക്കി. മുൻ ഐ ലീഗ് ക്ലബ്ബ് ചിരാഗ് കേരള യുണൈറ്റഡിന്റെ പരിശീലകനായ നിസാം പക്കീർ അലിയാണ് ലങ്കൻ ടീമിന്റെ പുതിയ പരിശീലകൻ.

ഇന്ത്യൻ ടീം: ഗോൾ കീപ്പർമാർ‐ വിശാൽ കെയ്ത്, കമൽജിത് സിങ്, സുഖ്ദേവ് പാട്ടീൽ.  പ്രതിരോധം‐ ദേവീന്ദർ സിങ്, സലാം രഞ്ജൻ സിങ്, സാർഥക് ഗൊളൂയി, സുഭാശിഷ് ബോസ്, മുഹമ്മദ് സാജിദ് ദോത്, ജെറി ലാൽറിൻസുവാല.മധ്യനിര‐ നിഖിൽ പൂജാരി, വിനീത് റായ്, ഗെർമൻപ്രീത് സിങ്, അനിരുദ്ധ് ഥാപ്പ, ലല്ലിയൻസുവാല ചങ്തെ, ആഷിഖ് കുരുണിയൻ, ഡി വിഗ്നേഷ്. മുന്നേറ്റം‐ സുമീത് പാസി, ഹിതേഷ് ശർമ, മൻവീർ സിങ്, ഫാറൂഖ് ചൗധരി.
 


പ്രധാന വാർത്തകൾ
Top