23 September Sunday

സ്പെയ്ൻ തിളങ്ങിയില്ല, സ്വിസുകാർ തളച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jun 5, 2018


മാഡ്രിഡ്
ലോകകപ്പ് പ്രതീക്ഷിക്കുന്ന സ്പെയ്ന് മങ്ങിയ തുടക്കം. സ്വന്തം മൈതാനിയിൽ സ്വിറ്റ്സർലൻഡുമായി നടന്ന സൗഹൃദ മത്സരത്തിൽ ഓരോ ഗോളടിച്ച് പിരിഞ്ഞു. നേരത്തെ പരിശീലന മത്സരത്തിൽ അർജന്റീനയെ 6‐1ന് തകർത്തതിന്റെ നിഴൽപോലുമായില്ല സ്പെയ്ൻ.

ചാമ്പ്യൻസ് ലീഗ് നേടിയ റയൽ മാഡ്രിഡിന്റെ കളിക്കാരെ ആരെയും സ്പാനിഷ് പരിശീലകൻ ലൊപെട്ടേഗി സ്വിറ്റ്സർലൻഡിനെതിരെ ഇറക്കിയല്ല. ബാഴ്സലോണയുടെ സെർജിയോ ബുസ്ക്വിറ്റ്സിനെയും പിൻവലിച്ചു. ബുസ്ക്വിറ്റ്സിന് വയറുവേദനയായിരുന്നു.കളിയിൽ സ്പെയ്നിനായിരുന്നു ആധിപത്യം. കളിയുടെ മുക്കാൽ പങ്ക് സമയത്തും സ്പെയ്നിന്റെ കാലുകളിലായിരുന്നു പന്ത്.

കളിയുടെ തുടക്കത്തിൽ സ്പെയ്ൻ മുന്നിലെത്തി. അൽവാരോ ഒഡ്രിയോസോള ഒരു വോളിയിലൂടെ സ്പെയ്നെ മുന്നിലെത്തിച്ചു. റയൽ സൊസിദാദിന്റെ പ്രതിരോധക്കാരനായ ഒഡ്രിയോസോളയുടെ ആദ്യ രാജ്യാന്തര ഗോളാണിത്.
എന്നാൽ രണ്ടാം പകുതിയിൽ സ്വിറ്റ്സർലൻഡ് തിരിച്ചടിച്ചു. സ്പാനിഷ് ഗോളിയുടെ അപ്രതീക്ഷിത പിഴവിൽനിന്നായിരുന്നു ഗോൾ. സ്റ്റീഫൻ ലിച്ച്സ്റ്റൈനറുടെ ദുർബലമായ അടി പിടിച്ചൊതുക്കുന്നതിൽ ഗോളി ഡേവിഡ് ഡെഗെയ പരാജയപ്പെട്ടു. കൈയിൽനിന്ന് വഴുതിയ പന്ത് സ്വിസ് ഫുൾബാക്ക് റിക്കാർഡോറോഡ്രിഗസ് ഒഴിഞ്ഞ വലയിലേക്ക് അനായാസം തട്ടിയിട്ടു.

ഇനി ഒരു സന്നാഹ മത്സരം കൂടി സ്‌പെയ്‌ൻ കളിക്കും. ഒന്പതിന്‌ ആഫ്രിക്കൻ ടീം മൊറോക്കോയെ നേരിടും.

പ്രധാന വാർത്തകൾ
Top