Top
18
Monday, December 2017
About UsE-Paper

ദേശീയ സ്കൂള്‍ ജൂനിയര്‍ അത്ലറ്റിക്സ് കേരള ടീം പുറപ്പെട്ടു

Saturday Nov 4, 2017
രജീഷ് ബാലന്‍


കൊച്ചി > ദേശീയ സ്കൂള്‍ ജൂനിയര്‍ അത്ലറ്റിക്സ് കിരീടം നിലനിര്‍ത്താന്‍ കേരളസംഘം യാത്രതിരിച്ചു. തിരുവനന്തപുരത്തെ ഏഴുദിവസത്തെ പരിശീലനത്തിനുശേഷം ബുധനാഴ്ച കേരള എക്സ്പ്രസിലാണ് 51 അംഗസംഘം പുറപ്പെട്ടത്. ഭോപാലില്‍ ഏഴുമുതല്‍ 12 വരെയാണ് മീറ്റ്.

മൂന്നായി വിഭജിച്ചശേഷമുള്ള രണ്ടാം ദേശീയ മീറ്റിനാണ് ഭോപാല്‍ ആതിഥേയത്വം വഹിക്കുന്നത്. വഡോദരയില്‍ നടന്ന ആദ്യ മീറ്റില്‍ കേരളം എതിരാളികളെ ബഹുദൂരം പിന്നിലാക്കി കിരീടമണിഞ്ഞിരുന്നു. 25 പെണ്‍കുട്ടികളും 26 ആണ്‍കുട്ടികളുമാണ് ഇക്കുറി കേരളസംഘത്തില്‍. പെണ്‍കുട്ടികളില്‍ രണ്ടുപേര്‍ പിന്മാറി. റിലേ ടീമില്‍ അംഗമായിരുന്ന കെ ആര്‍ ആര്‍ദ്രയും ഹൈജമ്പ് താരം കെ എച്ച് സാഹിലയുമാണ് പിന്മാറിയത്. പരിശീലകരടക്കം 10 ഒഫീഷ്യല്‍സും രണ്ട് ഡോക്ടര്‍മാരും രണ്ട് പാചകക്കാരും ടീമിനൊപ്പമുണ്ട്. ജിജി ജോണാണ് ടീം മാനേജര്‍. വനിതാ പരിശീലകരായി എന്‍ പി ലിസി, സൂര്യമോള്‍, ശാന്തി എന്നിവരും ടീമിനൊപ്പമുണ്ട്. എന്‍ എസ് സിജിന്‍, കെ പി അജയരാജ്, നന്ദഗോപാല്‍, ജിക്കു സി ചെറിയാന്‍ എന്നിവരാണ് മറ്റ് പരിശീലകര്‍.

സംസ്ഥാന കായികോത്സവത്തില്‍ 400 മീറ്ററില്‍ റെക്കോഡ് സ്വര്‍ണമടക്കം ഹാട്രിക് നേടിയ കോതമംഗലം മാര്‍ ബേസില്‍ സ്കൂളിലെ അഭിഷേക് മാത്യുവും കടകശേരി ഐഡിയല്‍ സ്കൂളിലെ പി ഡി അഞ്ജലിയുമാണ് ടീം ക്യാപ്റ്റന്‍മാര്‍.

പുറപ്പെടുന്നതിന് മണിക്കൂറുകള്‍ക്കുമുമ്പ് മന്ത്രി സി രവീന്ദ്രനാഥിന്റെയും എം ബി രാജേഷ് എംപിയുടെയും ഇടപെടലാണ് യാത്രയ്ക്കുള്ള ടിക്കറ്റുകള്‍ ഉറപ്പാക്കിയത്. സര്‍ക്കാര്‍ കൃത്യസമയത്ത് ഇടപെട്ടതുകൊണ്ട്  യാത്രയുടെ കാര്യത്തില്‍ അനിശ്ചിതത്വമുണ്ടായില്ലെന്ന് മാനേജര്‍ ജിജി ജോണ്‍ പറഞ്ഞു. കിരീടം നിലനിര്‍ത്താനുള്ള പോരാട്ടത്തില്‍ ടീം പൂര്‍ണസജ്ജരാണെന്നും ജിജി പറഞ്ഞു.

പന്ത്രണ്ട് സ്വര്‍ണവും അഞ്ചു വെള്ളിയും ഏഴ് വെങ്കലവും ഉള്‍പ്പെടെ 24 മെഡല്‍ വാരിക്കൂട്ടിയാണ് വഡോദരയില്‍ കേരളം കിരീടമണിഞ്ഞത്. സ്പ്രിന്റില്‍ ഇരട്ടസ്വര്‍ണം നേടിയ സി അഭിനവ്, ദീര്‍ഘദൂരയിനങ്ങളില്‍ രണ്ട് സ്വര്‍ണം സ്വന്തമാക്കിയ സി ചാന്ദിനി എന്നിവര്‍ ഇക്കുറിയും സംഘത്തിലുണ്ട്.

അഞ്ചിന് പുലര്‍ച്ചെ മൂന്നിന് ടീം ഭോപാലില്‍ എത്തും. ഭോപാലില്‍നിന്ന് 18 കിലോമീറ്റര്‍ അകലെ സായിയുടെ പുതിയ സ്റ്റേഡിയത്തിലാണ് മീറ്റ്. നേരത്തെ ഭോപാല്‍ ടൌണില്‍തന്നെയുള്ള ടി ടി നഗര്‍ സ്റ്റേഡിയത്തില്‍ നടക്കുമെന്നായിരുന്നു സൂചന.

Categories