21 November Wednesday

മുന്നിൽ ഹരിയാന

വെബ് ഡെസ്‌ക്‌Updated: Tuesday Sep 4, 2018

ബജ്‌രംഗ്‌ പൂണിയ

ന്യൂഡൽഹി
ഏഷ്യൻ ഗെയിംസ് ചരിത്രത്തിലെ ഏറ്റവുംമികച്ച മെഡൽവേട്ടയ്ക്ക് ഇന്ത്യൻ സംഘത്തിന്് കരുത്തുനൽകിയത് ഹരിയാന. 18 പതക്കം നേടിയ ഹരിയാനയാണ് ഇന്ത്യയുടെ മെഡൽകൊയ്ത്തിൽ ഒന്നാമതെത്തിയത്. അഞ്ചു സ്വർണവും അഞ്ചു വെള്ളിയും എട്ട് വെങ്കലവുമാണ് ഹരിയാന താരങ്ങൾ സ്വന്തമാക്കിയത്. 12 പതക്കവുമായി തമിഴ്നാടാണ് പട്ടികയിൽ രണ്ടാമത്. അഞ്ച് വെള്ളിയും ഏഴ് വെങ്കലവുമാണ് തമിഴ്നാടിന്റെ കൈവശമുള്ളത്. രണ്ട് സ്വർണമടക്കം ഒമ്പതു മെഡൽനേടിയ കേരളമാണ് മൂന്നാംസ്ഥാനത്ത്. ഒരോ സ്വർണംവീതമുള്ള ഡൽഹിയും ഉത്തർപ്രദേശും കേരളത്തിനൊപ്പം മൂന്നാംസ്ഥാനത്തുണ്ട്. നാലുവീതം വെള്ളിയും വെങ്കലവും ഉത്തർപ്രദേശ് നേടിയപ്പോൾ മൂന്നുവെള്ളിയും അഞ്ച് വെങ്കലവുമാണ് ഡൽഹി സ്വന്തമാക്കിയത്.
നീരജ് ചോപ്ര, അമിത് പംഗൽ, ബജ്രംഗ് പൂണിയ, മഞ്ജിത് സിങ്, വിനേഷ് ഫൊഗാട്ട് എന്നിവരാണ് ഹരിയാനയിൽനിന്ന് സ്വർണപ്പതക്കം നേടിയവർ. ഗുസ്തിയിലും ബോക്സിങ്ങിലും അത്ലറ്റിക്സിലും ഷൂട്ടിങ്ങിലുമാണ് ഹരിയാനയുടെ സുവർണനേട്ടം. ജിൻസൺ ജോൺസണിന്റെ സ്വർണമടക്കം എട്ടു മലയാളി താരങ്ങൾ മെഡൽപ്പട്ടികയിൽ പേര് എഴുതിച്ചേർത്തു. ജിൻസൺ ജോൺസൺ, മുഹമ്മദ് അനസ്, വി കെ വിസ്മയ, നീന പിന്റോ, പി യു ചിത്ര, കുഞ്ഞുമുഹമ്മദ് എന്നിവരാണ് അത്ലറ്റിക്സിൽ മെഡൽനേടിയ മലയാളി താരങ്ങൾ. ഒരു സ്വർണവും വെള്ളിയും നേടിയ ജിൻസണും മൂന്നു വെള്ളി നേടിയ അനസും മികച്ചപ്രകടനമാണ് നടത്തിയത്.
ഗോൾഡ് കോസ്റ്റ് കോമൺവെൽത്ത് ഗെയിംസിലും ഹരിയാനതന്നെയാണ് ഇന്ത്യക്കായി ഏറ്റവും കൂടുതൽ മെഡൽ നേടിയത്. 66ൽ 22ഉം ഹരിയാനയുടെ സംഭാവനയായിരുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top