13 November Tuesday

വീറോടെ നൈജീരിയ

വെബ് ഡെസ്‌ക്‌Updated: Monday Jun 4, 2018

അലെക്‌സ്‌ ഇവോബി


ലോകകപ്പ് യോഗ്യത: 6 തവണ
മികച്ച പ്രകടനം: പ്രീ ക്വാർട്ടർ (1994, 1998, 2014)
2014 ലോകകപ്പ്: പ്രീ ക്വാർട്ടറിൽ ഫ്രാൻസിനോട് തോറ്റു
യോഗ്യതാ റൗണ്ട്: ഗ്രൂപ്പ് ബിയിൽ ഒന്നാമത്
മത്സരക്രമം: ക്രൊയേഷ്യ (16), ഐസ്ലൻഡ് (22), അർജന്റീന (26)
പരിശീലകൻ: ജെർണോത് റോഹർ
ക്യാപ്റ്റൻ: ജോൺ ഒബി മിക്കേൽ
പ്രധാന കളിക്കാർ: അലെക്സ് ഇവോബി, വിക്ടർ മോസെസ്, കെലേഷി ഇഹിയാനാച്ചോ, വിൽഫ്രഡ് എൻഡിഡി
പ്രതീക്ഷിക്കുന്ന ടീം ഘടന (4‐3‐3): ഇകേചുക്വ എസെന്വ, ഷെഷു അബ്ദുല്ലാഹി, വില്ല്യം ട്രൂസ്റ്റ് എകോങ്, ലിയോൺ ബലോഗുൺ, എൽഡേഴ്സൺ എചിയെജിലെ, വിൽഫ്രഡ് എൻഡിഡി, ഒഗേന്യി ഒനാസി, ജോൺ ഒബി മിക്കേൽ, വിക്ടർ മോസസ്, ഒഡിയോൺ ഇഗാലോ, അലെക്സ് ഇവോബി.

ആഫ്രിക്കൻ ടീമുകൾ ഇതുവരെ സെമിയിലെത്തിയിട്ടില്ല എന്ന കുറവ് നികത്താനാണ് നൈജീരിയയുടെ ശ്രമം. മൂന്നുതവണ പ്രീ ക്വാർട്ടറിൽ പുറത്തായ നൈജീരിയക്ക് ഇക്കുറി ക്വാർട്ടറിൽ കടക്കുകയാണ് പ്രധാന ലക്ഷ്യം. യുവ കളിക്കാരുമായി ഇറങ്ങുന്ന 'സൂപ്പർ കഴുകൻ'മാർക്ക് അട്ടിമറിക്കുള്ള കെൽപ്പുണ്ട്.

ആക്രമണമാണ് നൈജീരിയയുടെ മുഖമുദ്ര. തുടക്കംമുതൽ അവസാനംവരെ നൈജീരിയ ആക്രമിച്ചുകളിക്കും. അതിനുള്ള വിഭവശേഷി നൈജീരിയക്കുണ്ട്. വേഗവും താളവുമുണ്ട്. മോസെസ് മുന്നിൽനിൽക്കുന്നു. ഇഹിയാനാച്ചോയ്ക്ക് കൃത്യതയുണ്ട്. വേഗവും കൃത്യതയും ഒത്തുചേരുന്ന ഇവോബിയാണ് നൈജീരിയയുടെ തുരുപ്പുചീട്ട്. ഈ അഴ്‌സണൽ താരത്തിന്റെ പ്രകടനത്തെ ആശ്രയിച്ചാകും നൈജീരിയയുടെ സാധ്യതകൾ. ക്യാപ്റ്റൻ മിക്കേൽ കളിജീവിതത്തിന്റെ അവസാനഘട്ടത്തിലാണ്. എങ്കിലും കളിമെനയാൻ മിടുക്കാനാണ് ക്യാപ്റ്റൻ.

മുന്നിൽനിന്നു പിന്നിലേക്കു വരുന്തോറും നൈജീരിയയുടെ ദൗർബല്യം വെളിപ്പെടും. മധ്യനിരമുതൽ വിള്ളൽ തുടങ്ങും. പ്രതിരോധം ദുർബലമാണ്. മധ്യനിരയിൽ എൻഡിഡിയുടെ പരിക്ക് ആശങ്കയാണ്. എൻഡിഡി മങ്ങിയാൽ പ്രതിരോധത്തെക്കൂടി ബാധിക്കും. യോഗ്യതാ റൗണ്ടിൽ മികച്ച പ്രകടനമാണ്‌ പുറത്തെടുത്തത്‌. സന്നാഹ മത്സരത്തിൽ ഇംഗ്ലണ്ടിനോട്‌ തോറ്റു.

ലോകകപ്പിലെ എതിരാളികൾ കരുത്തരാണ്. പക്ഷേ, നൈജീരിയയ്ക്ക് മറികടക്കാൻ കഴിഞ്ഞേക്കും. അർജന്റീനയുമായുള്ള കളിയാണ് പ്രധാനം. കഴിഞ്ഞ നവംബറിൽ നടന്ന സൗഹൃദ മത്സരത്തിൽ അർജന്റീനയെ നൈജീരിയ 4‐2ന് തകർത്തിരുന്നു.  ഐസ്ലൻഡിന്റെ പ്രതിരോധം ഭേദിക്കാനാകുമെന്ന പ്രതീക്ഷയുണ്ട് നൈജീരിയക്ക്. ക്രൊയേഷ്യക്കെതിരെ മികച്ച കളി പുറത്തെടുക്കേണ്ടിവരും.
 

പ്രധാന വാർത്തകൾ
Top