21 September Friday

നിഷികോരി പുറത്ത്‌

വെബ് ഡെസ്‌ക്‌Updated: Monday Jun 4, 2018


പാരീസ്
ഫ്രഞ്ച് ഓപ്പണിൽ ജപ്പാന്റെ കെയ് നിഷികോരി പ്രീ ക്വാർട്ടറിൽ പുറത്തായി. തകർപ്പൻ പ്രകടനത്തിലൂടെ ഡൊമിനിക് തീം ആണ് നിഷികോരിയെ തോൽപ്പിച്ചത് (6‐2, 6‐0, 5‐7, 6‐4). രണ്ടാം സീഡ് അലക്സാണ്ടർ സ്വരേവ് ക്വാർട്ടറിലേക്ക് മുന്നേറി. വനിതകളിൽ അമേരിക്കയുടെ മാഡിസൺ കീസും സ്ളൊയ്ൻ സ്റ്റീഫൻസും അവസാന എട്ടിലെത്തി.
പരിക്കിനുശേഷം ആദ്യമായി ഗ്രാൻഡ്സ്ലാം കളിക്കാനെത്തിയ നിഷികോരിക്ക് തീമിനെതിരെ പിടിച്ചുനിൽക്കാനായില്ല. മൂന്നാം സെറ്റ് നേടി തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും നാലാം സെറ്റിൽ ആധികാരിക പ്രകടനത്തോടെ തീം മത്സരം സ്വന്തമാക്കി.

സ്വരേവിന് വീണ്ടും കടുത്ത പോരാട്ടം വേണ്ടിവന്നു. റഷ്യയുടെ കാരെൻ കച്ചാനോവിനെതിരെ അഞ്ച് സെറ്റ് പൊരുതിയാണ് സ്വരേവ് ക്വാർട്ടറിലെത്തിയത് (4‐6, 7‐6, 2‐6, 6‐3, 6‐3). ആദ്യ സെറ്റിൽ ഞെട്ടിച്ച കച്ചാനോവിനെ രണ്ടാം സെറ്റിൽ സ്വരേവ് വിയർത്തുമറികടന്നു. മൂന്നാം സെറ്റ് റഷ്യൻതാരം എളുപ്പത്തിൽനേടി. എന്നാൽ മുൻ മത്സരങ്ങളിലെപ്പോലെ അവസാനഘട്ടത്തിൽ സ്വരേവ് ആഞ്ഞടിച്ചു. വ്യക്തമായ ആധിപത്യത്തോടെ അവസാന രണ്ടു സെറ്റും സ്വരേവ് സ്വന്തം പേരിലാക്കി. ക്വാർട്ടറിൽ തീമിനെ സ്വരേവ് നേരിടും.

വനിതകളിൽ കീസ് നാലാം റൗണ്ടിൽ റുമേനിയയുടെ മിഹേല ബുസറൻസ്കുവിനെ നേരിട്ടുള്ള സെറ്റുകളിൽ തോൽപ്പിച്ചു (6‐1, 6‐4). സ്റ്റീഫൻസ് എസ്റ്റോണിയയുടെ അനറ്റ് കൊണ്ടാവിറ്റിനെയാണ് മറികടന്നത് (6‐2, 6‐0).

ഇന്ന്‌ നടക്കുന്ന പ്രീക്വാർട്ടറിൽ മുൻ ചാമ്പ്യൻമാരായ സെറീന വില്യംസും മരിയ ഷരപോവയും ഏറ്റുമുട്ടും.
 

പ്രധാന വാർത്തകൾ
Top