17 January Thursday

നടുക്കടലില്‍ ബ്ളാസ്റ്റേഴ്സ്

പ്രദീപ് ഗോപാല്‍Updated: Thursday Jan 4, 2018


കൊച്ചി > ആടിയുലഞ്ഞിട്ടുണ്ട് കേരള ബ്ളാസ്റ്റേഴ്സ്. തുടര്‍ സമനിലകള്‍, തോല്‍വികള്‍. ഇടയ്ക്കുവച്ച് കപ്പിത്താനെ നഷ്ടപ്പെട്ടു. തിരിച്ചടികള്‍ക്കും മോശം പ്രകടനങ്ങള്‍ക്കും നടുവില്‍ ഇന്ന് കരുത്തരായ എഫ്സി പുണെ സിറ്റിയുമായി ബ്ളാസ്റ്റേഴ്സ് പോരടിക്കും.

പാതിഘട്ടംപോലും പിന്നിടാത്ത ഐഎസ്എല്‍ നാലാംപതിപ്പില്‍ മരവിച്ചുകിടക്കുകയാണ് ബ്ളാസ്റ്റേഴ്സ്. റെനെ മ്യുലെന്‍സ്റ്റീന്‍ പോയ വിടവ്, മുന്‍ പരിശീലകന്‍ ഡേവിഡ് ജയിംസിനെ കൊണ്ടുവന്ന് പെട്ടെന്നുതന്നെ നികത്തിയിട്ടുണ്ട് ബ്ളാസ്റ്റേഴ്സ്. പക്ഷേ, കളിയില്‍ എത്രമാത്രം സ്വാധീനമുണ്ടാകുമെന്ന് കണ്ടറിയണം. ഇന്ന് കൊച്ചിയിലെ നിറഞ്ഞുകവിയുന്ന ആള്‍ക്കൂട്ടത്തിനുമുന്നില്‍ മികച്ച പ്രകടനം പുറത്തെടുത്താലേ മതിയാകൂ. ജയിംസിനെ മുഖ്യപരിശീലകനായി നിയമിച്ചെങ്കിലും ഇന്ന് നിയന്ത്രിക്കുക സഹപരിശീലകന്‍ താങ്ബോയ് സിങ്തോ ആകും.

പോയിന്റ്പട്ടികയില്‍ ഏഴു പോയിന്റുമായി എട്ടാമതാണ് ബ്ളാസ്റ്റേഴ്സ്. 15 പോയിന്റുള്ള പുണെ രണ്ടാമതും. അഞ്ച് കളി പുണെ ജയിച്ചു.ഒത്തൊരുമയോടെ കളിക്കാന്‍ ഇതുവരെ ബ്ളാസ്റ്റേഴ്സിന് കഴിഞ്ഞില്ല. ഒപ്പം കളിക്കാരുടെ പരിക്കും. പ്രതീക്ഷയോടെ കൊണ്ടുവന്ന ദിമിതര്‍ ബെര്‍ബറ്റോവും വെസ് ബ്രൌണ്‍ പ്രതാപകാലത്തിന്റെ നിഴലില്‍ മാത്രമാണ്. മ്യുലെന്‍സ്റ്റീന്‍ ടീം വിട്ടതിനുപിന്നാലെ ഇരുവരുടെയും ഭാവി എന്താണെന്ന് അവ്യക്തമാണ്. ബെര്‍ബറ്റോവ് പരിക്കുകാരണം കഴിഞ്ഞ മൂന്നു മത്സരങ്ങളില്‍ ഇറങ്ങിയില്ല. അവസാന മത്സരത്തില്‍ വെസ് ബ്രൌണും അവശതയുടെ ലക്ഷണങ്ങള്‍ കാണിച്ചു. മധ്യനിരയില്‍ മികച്ച കളിക്കാരനില്ല. അവസരങ്ങളുണ്ടാക്കുന്നതില്‍, എതിര്‍ പ്രതിരോധം ഭേദിക്കുന്നതില്‍, എല്ലാം ബ്ളാസ്റ്റേഴ്സ് പിന്നിലാണ്. ഇയാന്‍ ഹ്യൂം പ്രതീക്ഷിച്ച പ്രകടനം പുറത്തെടുത്തില്ല. സീസണില്‍ ബ്ളാസ്റ്റേഴ്സ് നേടിയ രണ്ടു ഗോളിന്റെയും അവകാശി, സി കെ വിനീത് പരിക്കിലാണ്. പ്രീതം സിങ്ങിനും പരിക്കാണ്.

കളിക്കാര്‍ മികവുകാട്ടാനുള്ള സമയമാണിത്. നല്ല പ്രകടനം പുറത്തെടുക്കാന്‍ കഴിയുന്ന കളിക്കാരാണ്. അടിക്കുന്നതിനെപ്പോലെ തന്നെ പ്രധാനമാണ് വഴങ്ങാതിരിക്കിലും. ഇന്ന് ടീം മികച്ച കളി പുറത്തെടുക്കും. തന്ത്രങ്ങളില്‍ മാറ്റംവരുത്തില്ല- സിങ്തോ വ്യക്തമാക്കി. ഈ സീസണിലെ ഏറ്റവും മികച്ച സംഘമാണ് പുണെയുടേത്. ഗോളടിച്ചുകൂട്ടിയാണ് വരുന്നത്. മാഴ്സെലീന്യോ-എമിലിയാനോ അല്‍ഫാരോ സഖ്യം അപകടം വിതയ്ക്കും. ബ്ളാസ്റ്റേഴ്സ് പ്രതിരോധത്തില്‍ സന്ദേശ് ജിങ്കനും നെമാന്യ ലെസിച്ച് പെസിച്ചിനും ഈ സീസണിലെ ഏറ്റവും വലിയ പരീക്ഷണമാകും ഇന്ന്. ആദില്‍ ഖാന്‍, മലയാളി കളിക്കാരന്‍ ആഷിഖ് കരുണിയന്‍, ജൊനാതന്‍ ലൂക, മാര്‍കോസ് ടെബര്‍ എന്നിവരുള്‍പ്പെട്ട നിര ശക്തമാണ്. കഴിഞ്ഞ മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ അഞ്ച് ഗോളിനാണ് പുണെ തകര്‍ത്തെറിഞ്ഞത്. മാഴ്സെലീന്യോ ഹാട്രിക് നേടി.

വിനീത് കളിക്കില്ല
കൊച്ചി > എഫ്സി പുണെ സിറ്റിക്കെതിരെ കേരള ബ്ളാസ്റ്റേഴ്സ് താരം സി കെ വിനീത് കളിക്കില്ല. ബംഗളൂരു എഫ്സിയുമായുള്ള മത്സരത്തിലും വിനീത് കളിച്ചിരുന്നില്ല. മത്സരത്തലേന്ന് പരിശീലനത്തിനിടെ പരിക്കേല്‍ക്കുകയായിരുന്നു. ഈ സീസണില്‍ ബ്ളാസ്റ്റേഴ്സ് നേടിയ ഏകജയം വിനീതിന്റെ ഗോളിലൂടെയാണ്. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ മികച്ച ഗോളായിരുന്നു വിനീതിന്റേത്്. ചെന്നൈയിന്‍ എഫ്സിക്കെതിരെ അവസാന നിമിഷം സമനിലയൊരുക്കിയതും വിനീതാണ്.

പ്രധാന വാർത്തകൾ
Top