15 November Thursday

ഇന്ത്യ ഒരുങ്ങുന്നു പേസ് യുദ്ധത്തിന്

വെബ് ഡെസ്‌ക്‌Updated: Thursday Jan 4, 2018

കേപ് ടൌണ്‍ > നീണ്ട ഒമ്പതുമാസത്തെ സ്വന്തം മണ്ണിലെ പോരാട്ടങ്ങള്‍ക്കുശേഷം ഇന്ത്യ ആദ്യമായി വിദേശത്ത് പോരിനൊരുങ്ങുകയാണ്. മൂന്ന് ടെസ്റ്റും ആറ് ഏകദിനവും മൂന്ന് ട്വന്റി-20യുമടക്കം ദക്ഷിണാഫ്രിക്കയില്‍ രണ്ടുമാസം നീളുന്ന പരീക്ഷണമാണ് വിരാട് കോഹ്ലിയെയും സംഘത്തെയും കാത്തിരിക്കുന്നത്. ഇന്ത്യയില്‍നിന്ന് തീര്‍ത്തും വ്യത്യസ്ത സാഹചര്യത്തില്‍ കളിയിലെ മൂന്ന് ഫോര്‍മാറ്റിലും മികവു തുടരുന്ന ടീമിന് നേരിടേണ്ടിവരിക ദക്ഷിണാഫ്രിക്കയുടെ പേസര്‍മാരുടെ തീപാറുന്ന പന്തുകളെ. ഒപ്പം കുത്തിഉയരുന്ന അവരുടെ അപകടകരമായ ബൌണ്‍സറുകളെയും. ദക്ഷിണാഫ്രിക്കന്‍ പേസര്‍മാരും ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാരും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരിനുതന്നെ ടെസ്റ്റ്പരമ്പര അരങ്ങൊരുക്കുമ്പോള്‍ ഏകദിന-ട്വന്റി-20 പരമ്പരകള്‍ ഇരുസംഘത്തിന്റെയും ബാറ്റിങ് കരുത്തിന്റെ മാറ്റുരയ്ക്കലാകും.

ആദ്യ ടെസ്റ്റില്‍ ബൌണ്‍സിന് പേരുകേട്ട ന്യൂലാന്‍ഡ്സിലെ പിച്ചില്‍ ബഹുമുഖ പേസാക്രമണമാകും പേരുകേട്ട ഇന്ത്യന്‍ ബാറ്റിങ്നിരയ്ക്ക് സ്വാഗതം ഒരുക്കുന്നത്. ഡെയ്ല്‍ സ്റ്റെയ്നും കഗീസോ റബാദയും വേഗംകൊണ്ട് ഒരുപിടി മുന്നില്‍നില്‍ക്കുമ്പോള്‍ മൊര്‍ണി മോര്‍ക്കലും വെറോണ്‍ ഫിലാന്‍ഡറും കൃത്യമായ ഇടങ്ങളില്‍ പന്തെറിഞ്ഞ് ഇന്ത്യയെ വെള്ളംകുടിപ്പിക്കാന്‍ പോന്നവര്‍തന്നെ. 

വേഗം കുറവാണെങ്കിലും അപ്രതീക്ഷിത ബൌണ്‍സറുകള്‍ എറിയാന്‍ മിടുക്കനാണ് മോര്‍ക്കല്‍. കളത്തില്‍നിന്ന് പരിക്കുമൂലം ഏറെക്കാലം വിട്ടുനില്‍ക്കേണ്ടിവന്ന ഈ ഏഴടിക്കാരന്‍ അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവ് ആഘോഷമാക്കിയതും ഈ മികവുകൊണ്ടുതന്നെ. ദക്ഷിണാഫ്രിക്കന്‍ പിച്ചുകളില്‍ അപകടകാരിയായി തുടരുന്ന ഫിലാന്‍ഡറും പരിക്കില്‍നിന്ന് മുക്തനായി തിരിച്ചെത്തിയത് കൂടുതല്‍ മികവോടെതന്നെ. ഇടംകൈയന്‍ സ്പിന്നര്‍ കേശവ് മഹാരാജ്കൂടി ചേരുമ്പോള്‍ ദക്ഷിണാഫ്രിക്കന്‍ ബൌളിങ്നിര പൂര്‍ണസജ്ജമാകും.

മറുവശത്ത് കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടയിലെ ഏറ്റവും മികച്ച ഫോമിലാണ് ടീം ഇന്ത്യ. കഴിഞ്ഞ ആറുതവണയും ഉണ്ടായതിനെക്കാള്‍ മികച്ച ബൌളിങ്നിരയാണ് കോഹ്ലിയുടെ സംഘത്തിലുള്ളത്. പേസര്‍ ഭുവനേശ്വര്‍കുമാര്‍ വേഗക്കാരില്‍ മുമ്പനാകും. വേഗത്തിനൊപ്പം ഏത് പിച്ചിലും ഇരുവശത്തേക്കും പന്തിനെ സ്വിങ് ചെയ്യിക്കാന്‍ ഈ വലംകൈയനുള്ള മിടുക്ക് ചെറുതല്ല. മുന്‍ ഓസ്ട്രേലിയന്‍ ബൌളര്‍ ടെറി ആല്‍ഡെര്‍മാനുമായാണ് ഭുവനേശ്വറിനെ ക്രിക്കറ്റ് പണ്ഡിതന്മാര്‍ താരതമ്യംചെയ്യുന്നത്. ബൌണ്‍സറുകള്‍ എറിയുന്നതിലും ഭുവനേശ്വര്‍ പിറകിലല്ല. ദക്ഷിണാഫ്രിക്കന്‍ വിക്കറ്റുകളില്‍ ഈ മികവും ഇന്ത്യക്ക് ഗുണംചെയ്യും.

പരിക്കേറ്റ് ടീമിന് പുറത്തായിരുന്ന മുഹമ്മദ് ഷമി, ഇശാന്ത് ശര്‍മ, ഉമേഷ് യാദവ് എന്നിവര്‍ക്കൊപ്പം യുവതാരം ജസ്പ്രിത് ബുമ്രയും ചേരുമ്പോള്‍ പേസ്നിര പൂര്‍ണം. ഒപ്പം ബൌളിങ് ഓള്‍റൌണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ സേവനവും കോഹ്ലിക്ക് ഉപയോഗപ്പെടുത്താനാകും. സ്പിന്‍വകുപ്പില്‍ ആര്‍ അശ്വിനും രവീന്ദ്ര ജഡേജയും എതിരാളികള്‍ക്ക് ഭീഷണിയാകും. ആദ്യ ടെസ്റ്റില്‍ പനിമൂലം ജഡേജ കളിച്ചേക്കില്ല. ഒരു അധിക പേസറെക്കൂടി ഉള്‍പ്പെടുത്താന്‍ കോഹ്ലിക്കുള്ള സാധ്യതകൂടിയാണിത്.
ബാറ്റിങ്ങിലും മികവിലുള്ള ടീമിന് ഏത് ഗ്രൌണ്ടും സ്വന്തം തട്ടകമാണെന്നാണ് പരിശീലകന്‍ രവി ശാസ്ത്രി പറഞ്ഞത്. ന്യൂലാന്‍ഡ്സിലെ പിച്ചില്‍ കളിക്കാന്‍ ടീം തയ്യാറെടുത്തുകഴിഞ്ഞു. ഗ്രൌണ്ട് കാണുക, അതിനോടു ചേര്‍ന്ന് കളിക്കാന്‍ തയ്യാറാകുക. പരാതികള്‍ക്കും പരിഭവങ്ങള്‍ക്കും സാധ്യതയേ ഇല്ല.-ശാസ്ത്രി പറഞ്ഞു.

പ്രധാന വാർത്തകൾ
Top