21 April Saturday

ബഗാനില്‍ സെന്നിനു പകരം ശങ്കര്‍ലാല്‍

വെബ് ഡെസ്‌ക്‌Updated: Thursday Jan 4, 2018

കൊല്‍ക്കത്ത > സ്ഥാനമൊഴിഞ്ഞ സഞ്ജയ് സെന്നിന് പകരക്കാരനായി സഹപരിശീലകന്‍ ശങ്കര്‍ലാല്‍ ചക്രവര്‍ത്തിയെ മുഖ്യപരിശീലകനായി മോഹന്‍ ബഗാന്‍ നിയമിച്ചു. 2014 മുതല്‍ ബഗാന്റെ സഹപരിശീലകനായിരുന്നു ശങ്കര്‍ലാല്‍. ടീമിന്റെ മോശം പ്രകടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തായിരുന്നു സഞ്ജയ് സെന്‍ സ്ഥാനമൊഴിഞ്ഞത്.
ഐ ലീഗില്‍ 10 പേരായി ചുരുങ്ങിയ ചെന്നൈ സിറ്റി എഫ്സിയോട് കഴിഞ്ഞദിവസം ബഗാന്‍ 2-1ന് തോറ്റത് സ്ഥാനമൊഴിയല്‍ വേഗത്തിലാക്കി. ലീഗില്‍ സീസണിലെ സ്വന്തം തട്ടകത്തിലെ ആദ്യ തോല്‍വിയായിരുന്നു ബഗാന്റെത്. ഏഴ് കളിയില്‍നിന്ന് രണ്ട് ജയവും നാല് സമനിലയും ഒരു തോല്‍വിയുമാണ് ഇക്കുറി ബഗാന്റെ സമ്പാദ്യം. തോല്‍വിയോടെ 10 പോയിന്റുമായി മുന്‍ ചാമ്പ്യന്‍മാര്‍ അഞ്ചാംപടിയിലേക്ക് വീഴുകയും ചെയ്തു.

2014ല്‍ കൊല്‍ക്കത്ത മുഹമ്മദന്‍സില്‍നിന്നാണ് സഞ്ജയ് സെന്‍ ബഗാനിലെത്തിയത്. ആദ്യ സീസണില്‍തന്നെ ബഗാനെ ഐ ലീഗ് ചാമ്പ്യന്‍മാരാക്കി. 2001-02 സീസണില്‍ സുബ്രത ഭട്ടാചാര്യക്കു കീഴിലായിരുന്നു അതിനുമുമ്പ് ബഗാന്‍ ദേശീയ ലീഗ് സ്വന്തമാക്കിയത്. ആ വര്‍ഷം ഫെഡറേഷന്‍കപ്പിലും ബഗാന്‍ കിരീടമണിഞ്ഞു. 2015-16, 2016-17 വര്‍ഷങ്ങളില്‍ രണ്ടാംപടിയില്‍ എത്തുകയും ചെയ്തു.

പ്രധാന വാർത്തകൾ
Top