19 September Wednesday

ചെമ്പട അജയ്യർ

വെബ് ഡെസ്‌ക്‌Updated: Monday Sep 3, 2018

ജക്കാർത്ത ഏഷ്യൻ ഗെയിംസിന്റെ സമാപന ചടങ്ങിൽ നടന്ന വെടിക്കെട്ടിന്റെ ദൃശ്യം


ജക്കാർത്ത
തുടർച്ചയായ പത്താംതവണയും ഏഷ്യൻഗെയിംസിൽ ചൈനീസ് മേധാവിത്വത്തിന് എതിരില്ല. 132 സ്വർണവും 92 വെള്ളിയും 65 വെങ്കലവും അടക്കം 289 മെഡൽ വാരിക്കുട്ടി ചൈന ജക്കാർത്തയിൽ ഒന്നാമതെത്തി. പതിവുപോലെ എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് ചെമ്പട കളംനിറഞ്ഞത്. 24 വർഷത്തിനുശേഷം ദക്ഷിണ കൊറിയയിൽനിന്ന് രണ്ടാംസ്ഥാനം ജപ്പാൻ തട്ടിയെടുത്തു. 75 സ്വർണം 56 വെള്ളി 74 വെങ്കലം (ആകെ 205) എന്നതാണ് ജപ്പാന്റെ മെഡൽനില. 49 സ്വർണവും 58 വെള്ളിയും 70 വെങ്കലവുമായി ദക്ഷിണകൊറിയ മൂന്നാമതായി.

ഏഷ്യൻഗെയിംസിൽ വലിയ ഭീഷണിയില്ലാത്ത ചൈന ഇത്തവണ പുതുമുഖതാരങ്ങൾക്കാണ് കൂടുതൽ അവസരം നൽകിയത്.
ടീമിലെ 75 ശതമാനം താരങ്ങളും ഏഷ്യൻഗെയിംസിൽ ആദ്യമായിരുന്നു. 2020ലെ ടോക്യോ ഒളിമ്പിക്സിനുള്ള മുന്നൊരുക്കം എന്നനിലയിലാണ് അവർ ജക്കാർത്ത ഗെയിംസിനെ കണ്ടത്.

1998ൽ നഷ്ടമായ രണ്ടാംസ്ഥാനം ജപ്പാൻ തിരിച്ചുപിടിക്കുന്നത് ഇപ്പോഴാണ്. കഴിഞ്ഞ അഞ്ചുതവണയും ദക്ഷിണ കൊറിയയ്ക്കുപിന്നിൽ മൂന്നാമതായിരുന്നു. കഴിഞ്ഞതവണ 79 സ്വർണം, 70 വെള്ളി, 79 വെങ്കലം എന്ന നിലയിലായിരുന്നു കൊറിയയുടെ രണ്ടാംസ്ഥാനം. 47 സ്വർണം, 77 വെള്ളി, 76 വെങ്കലം എന്നതായിരുന്നു മൂന്നാമതുള്ള ജപ്പാന്റെ സമ്പാദ്യം. 2014ൽ സ്വന്തംനാട്ടിൽ നടന്ന ഗെയിംസ് എന്ന ആനുകൂല്യത്തിലായിരുന്നു കൊറിയൻകുതിപ്പ്. ഇത്തവണ ആ മികവ് ആവർത്തിക്കാനായില്ല.

നീന്തലിലും ജൂഡോ അടക്കമുള്ള മറ്റു പരമ്പരാഗത ഇനങ്ങളിലും മികച്ച പ്രകടനം കാഴ്ചവച്ചതാണ് ജപ്പാന്റെ മുന്നേറ്റത്തിനുപിന്നിൽ.
2020 ഒളിമ്പിക്സിനുമുമ്പ് കായികരംഗത്ത് ജപ്പാൻ നടത്തുന്ന ഗൗരവകരമായ ഇടപെടലിന്റെ ഫലംകൂടിയാണിത്. 
 


പ്രധാന വാർത്തകൾ
Top