19 September Wednesday

സിന്ധു, സൈന, സായ് ക്വാർട്ടറിൽ

വെബ് ഡെസ്‌ക്‌Updated: Friday Aug 3, 2018


നാൻജിങ്
ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ പി വി സിന്ധു, സൈന നെഹ്വാൾ, സായ് പ്രണീത് എന്നിവർ ക്വാർട്ടറിൽ കടന്നു. ഇന്ത്യയുടെ ഒന്നാംനമ്പർ താരം കിഡംബി ശ്രീകാന്ത് പ്രീ ക്വാർട്ടറിൽ പുറത്തായി. മിക്സഡ് ഡബിൾസിൽ സാത്വിക് സായ്രാജ് ‐ അശ്വനി പൊന്നപ്പ സഖ്യവും ക്വാർട്ടറിൽ കടന്നു.

പ്രീ ക്വാർട്ടറിൽ ദക്ഷിണ കൊറിയയുടെ ഹ്യുൻ ജി സുങ്ങിനെയാണ് സിന്ധു പരാജയപ്പെടുത്തിയത് (21‐10, 21‐18). നേരത്തെ നിരവധിതവണ ഏറ്റുമുട്ടിയിട്ടുള്ള ഏതിരാളിക്കെതിരെ ഇത്തവണ സിന്ധുവിന് പൂർണ ആധിപത്യമായിരുന്നു. ഹ്യുനിനെതിരെ സിന്ധുവിന്റെ എട്ടാം ജയമാണിത്. അഞ്ചുതവണ ഹ്യുൻ ജയിച്ചു. നാലാംസീഡ് തായ്ലൻഡിന്റെ രചനോക് ഇന്റനോണിനെ പത്താം റാങ്കുകാരിയായ സൈന നേരിട്ടുള്ള ഗെയിമുകളിൽ വീഴ്ത്തി (21‐16, 21‐19).

പുരുഷ വിഭാഗത്തിൽ സായ് പ്രണീത് അപ്രതീക്ഷിത മുന്നേറ്റം തുടരുന്നു. പ്രീക്വാർട്ടറിൽ ഡെന്മാർക്കിന്റെ ഹാൻസ് ക്രിസ്റ്റ്യനെയാണ് ഈ ആന്ധ്ര സ്വദേശി കീഴടക്കിയത് (21‐13, 21‐11). ശ്രീകാന്തും പ്രണോയിയും വീണതോടെ സായിയിലാണ് ഇന്ത്യയുടെ പ്രതീക്ഷ. മലേഷ്യയുടെ ഡാരൻ ല്യൂവിനോട് നേരത്തെ രണ്ടുതവണ പരാജയപ്പെട്ട ശ്രീകാന്തിന് ഇത്തവണയും പിഴച്ചു. ലോക അഞ്ചാം സീഡായ ശ്രീകാന്ത് 39‐ാം റാങ്കുകാരനോട് നേരിട്ടുള്ള ഗെയിമുകൾക്ക് കീഴടങ്ങി (21‐18, 21‐18).

ക്വാർട്ടറിൽ കടുപ്പക്കാരായ എതിരാളികളാണ് ഇന്ത്യൻ താരങ്ങളെ കാത്തിരിക്കുന്നത്. പി വി സിന്ധുവിന് മുന്നിലെത്തുന്നത് ലോക വേദികളിലെ പതിവ് എതിരാളിയായ ജപ്പാന്റെ നൊസോമി ഒകുഹാരയാണ്. നേരത്തെ 11 തവണ പരസ്പരം ഏറ്റുമുട്ടിയപ്പോൾ ആറുതവണ ഒകുഹാരയും അഞ്ചുതവണ സിന്ധുവും ജയിച്ചു. സ്പെയിനിന്റെ ഒളിമ്പിക്സ് ജേത്രി കരോലിന മാരിനാണ് സൈനയെ നേരിടുക. ജപ്പാന്റെ ലോക ആറാം റാങ്കുകാരൻ മെമോട്ടോ കെന്റോയാണ് സായ് പ്രണീതിന്റെ എതിരാളി. നേരത്തെ രണ്ടുതവണ ഏറ്റുമുട്ടിയപ്പോഴും ജയം സായിക്കൊപ്പമായിരുന്നു എന്നത് ആത്മവിശ്വാസം നൽകും.

പ്രധാന വാർത്തകൾ
Top