19 September Wednesday

പ്രീക്വാർട്ടർ ഇന്നുതീരും

വെബ് ഡെസ്‌ക്‌Updated: Tuesday Jul 3, 2018

സ്വീഡൻ‐സ്വിസ്
മോസ്കോ
ഇന്ന് ജൂലൈ മൂന്ന്. 24 വർഷം മുമ്പൊരു ജൂലൈ മൂന്നിനാണ് സ്വീഡൻ അവസാനമായി ലോകകപ്പ് ക്വാർട്ടറിൽ കടന്നത്. അമേരിക്കൻ ലോകകപ്പിൽ സൗദി അറേബ്യയെ തോൽപ്പിച്ചായിരുന്നുആ മുന്നേറ്റം. അത്തവണ അവർ മൂന്നാം സ്ഥാനത്തെത്തി. ആ ഓർമയിലാണ് ഇന്ന് സെന്റ് പീറ്റേഴ്സ്ബർഗിൽ 50‐ാം ലോകകപ്പ് മത്സരത്തിനിറങ്ങുന്നത്. സ്വിറ്റ്സർലൻഡിനെതിരെ പ്രീക്വാർട്ടർ. കളി രാത്രി 7.30ന്്. 

കാൽനൂറ്റാണ്ടായി സ്വീഡിഷ് ഫുട്ബോൾ തളർച്ചയിലാണ്. 1934ൽ ക്വാർട്ടറിൽ കടന്ന സ്വീഡൻ 1938ൽ നാലാമതായി. 1950ൽ മൂന്നാം  സ്ഥാനം നേടിയ ടീം 1958ൽ നാട്ടിൽ റണ്ണറപ്പായി ഞെട്ടിച്ചു. പിന്നീട് 1994വരെ അനക്കമില്ല. 2002, 2006 ലോകകപ്പുകളിൽ പ്രീക്വാർട്ടറിൽ കടന്നു. 2010ലും 2014ലും യോഗ്യത നേടിയില്ല.

സ്വിറ്റ്സർലൻഡിന് ലോകകപ്പിൽ വലിയ നേട്ടങ്ങളൊന്നും ഉണ്ടാക്കാനായിട്ടില്ല. 1934ലും 1938ലും ക്വാർട്ടറിലെത്തി. 1954ൽ പിന്നീടൊരിക്കൽക്കൂടി ക്വാർട്ടർ. 1994, 2006, 2014 വർഷങ്ങളിൽ പ്രീക്വാർട്ടറിൽ മടങ്ങി. 
 എമിൽഫോർസ്ബർഗും മാർകസ്ബർഗുമാണ് സ്വീഡിഷ് എൻജിനുകൾ.  സ്വിറ്റ്സർലൻഡാകട്ടെ ഷെർദാൻ ഷക്കീരിയുടെയും ഗ്രാനിറ്റ് ഷാകയുടെയും ബൂട്ടിൽ വിശ്വസിക്കുന്നു.
 

ഇംഗ്ലണ്ട്‐കൊളംബിയ
മോസ്കോ
വമ്പൻമാർ ഇടറിവീഴുന്ന റഷ്യൻ ലോകകപ്പിൽ കുതിക്കാൻ കൊളംബിയയും ഇംഗ്ലണ്ടും ഇന്ന് നേർക്കുനേർ. യുവക്കരുത്തിലാണ് ഇംഗ്ലണ്ട്. അവസാന മത്സരത്തിൽ ബൽജിയത്തോടു തോറ്റെങ്കിലും ഇംഗ്ലണ്ട് ആത്മവിശ്വാസത്തിലാണ്. കൊളംബിയ ജപ്പാനോട് തോറ്റാണ് തുടങ്ങിയത്. എന്നാൽ മനോഹരമായി ലാറ്റിനമേരിക്കൻസംഘം തിരിച്ചുവന്നു. പോളണ്ടിനെയും സെനെഗലിനെയും തോൽപ്പിച്ച് മുന്നേറി.

ക്യാപ്റ്റൻ ഹാരി കെയ്നാണ് ഇംഗ്ലണ്ടിന്റെ കുന്തമുന. ഗോളടിയിൽ മുന്നിലുണ്ട് ഈ ടോട്ടനം ഹോട്സ്പർ താരം. ജെസി ലിങ്ഗാർഡും റഹീം സ്റ്റെർലിങ്ങും ജോർദാൻ ഹെൻഡേഴ്സണും ഉൾപ്പെടുന്ന നിര ശക്തമാണ്. പക്ഷേ, ശക്തരായ എതിരാളികൾക്കെതിരെ ഈ നിര ഇനിയും തെളിയേണ്ടതുണ്ട്.

ഹമേഷ് റോഡ്രിഗസിന്റെ പരിക്കാണ് കൊളംബിയയുടെ തലവേദന. റോഡ്രിഗസ് കളിക്കുന്ന കാര്യത്തിൽ ഉറപ്പില്ല. ക്യാപ്റ്റൻ റദമേൽ ഫൽകാവോ, യുവാൻ കൊദ്രാദോ, യുവാൻ കൊണ്ടേറോ എന്നിവരാണ് കൊളംബിയയെ മുന്നോട്ടുനയിക്കുന്നത്.
ലോകകപ്പിൽ ഇതിനുമുമ്പ് ഏറ്റുമുട്ടിയപ്പോൾ ഇംഗ്ലണ്ട് രണ്ടു ഗോളിന് കൊളംബിയയെ തോൽപ്പിച്ചു. 1998ലായിരുന്നു ഇത്.

പ്രധാന വാർത്തകൾ
Top