22 November Thursday

ഇംഗ്ലണ്ട്‌ പൊരുതുന്നു

വെബ് ഡെസ്‌ക്‌Updated: Sunday Sep 2, 2018


സതാംപ്ടൺ
ഇന്ത്യക്കെതിരായ നാലം ടെസ്റ്റിൽ ഇംഗ്ലണ്ടിന് 233 റണ്ണിന്റെ ലീഡ്. അരസെഞ്ചുറി നേടിയ ജോസ് ബട്ലറുടെയും ക്യാപ്റ്റൻ ജോ റൂട്ടിന്റെയും ഇന്നിങ്സുകളാണ് തകർച്ചയിൽനിന്ന് ആതിഥേയരെ രക്ഷിച്ചത്.  മൂന്നാംദിനം കളി അവസാനിപ്പിക്കുമ്പോൾ എട്ടിന് 260 എന്നനിലയിലാണ് ഇംഗ്ലണ്ട്. ഇന്ത്യക്കായി മുഹമ്മദ് ഷമി മൂന്നും ഇശാന്ത് ശർമ രണ്ടും വിക്കറ്റും വീഴ്ത്തി.

വിക്കറ്റ് നഷ്ടമാകാതെ ആറ് റൺ എന്നനിലയിൽ മൂന്നാംദിനം ബാറ്റിങ് പുനരാരംഭിച്ച ഇംഗ്ലണ്ടിന് സ്കോർ 24ൽ എത്തിയപ്പോൾ ആദ്യ വിക്കറ്റ് നഷ്ടമായി.

12 റണ്ണെടുത്ത അലിസ്റ്റർ കുക്കിനെ ബുമ്ര സ്ലിപ്പിൽ ലോകേഷ് രാഹുലിന്റെ കൈകളിലെത്തിച്ചു. മൂന്നാമനായി ക്രീസിലെത്തിയത് മോയിൻ അലിയായിരുന്നു. ഒമ്പതു റണ്ണെടുത്ത അലിയെ നിലയുറപ്പിക്കുംമുമ്പ് ഇശാന്ത് ശർമ മടക്കി. അലിയും രാഹുലിന് ക്യാച്ച് നൽകിയാണ് മടങ്ങിയത്. പിന്നാലെയെത്തിയ ക്യാപ്റ്റൻ ജോ റൂട്ടും ഓപ്പണർ കീറ്റൺ ജെന്നിങ്സും ഇന്ത്യൻ ബൗളർമാരെ ശ്രദ്ധയോടെ നേരിട്ടു. മൂന്നാം വിക്കറ്റിൽ ഇരുവരുംചേർന്ന് 59 റൺ കൂട്ടിച്ചേർത്തു. തുടരെ രണ്ടുവിക്കറ്റ് വീഴ്ത്തി ഷമിയാണ് ഈ കൂട്ടുകെട്ട് തകർത്തത്. 36 റണ്ണെടുത്ത ജെന്നിങ്സനെ ഷമി വിക്കറ്റ് മുന്നിൽ കുരുക്കി. ഉച്ചഭക്ഷണത്തിനുശേഷം നേരിട്ട ആദ്യ പന്തിൽത്തന്നെ ഷമിക്ക് മുന്നിൽ കീഴടങ്ങി ജോണി ബെയർസ്റ്റോയും കൂടാരം കയറി.

റൂട്ട് അരസെഞ്ചുറിക്ക് തൊട്ടരികെ വീണത് ഇംഗ്ലീഷ്കാർക്കും തിരിച്ചടിയായി. നന്നായി കളിച്ച റൂട്ട് റണ്ണൗട്ടാവുകയായിരുന്നു. 88 പന്തിൽ ആറു ബൗണ്ടറികൾ സഹിതം 48 റണ്ണായിരുന്നു ഇംഗ്ലീഷ് ക്യാപ്റ്റന്റെ സമ്പാദ്യം. ആറാംവിക്കറ്റിൽ ജോസ് ബട്ലറും(69) ബെൻ സ്റ്റോക്സും  ഇംഗ്ലണ്ടിനെ പതുക്കെ കരകയറ്റി. സ്കോർ 178ൽ നിൽക്കുമ്പോൾ സ്റ്റോക്സിനെ പുറത്താക്കി അശ്വിൻ ഈ കൂട്ടുകെട്ട് തകർത്തു. സ്റ്റോക്സിനെ(30) അശ്വിൻ അജിൻക്യ രഹാനെയുടെ കൈയിലെത്തിച്ചു. എന്നാൽ, നിലയുറപ്പിച്ച ബട്ലർ സാംകറനെയും കൂട്ടുപിടിച്ചു രക്ഷാപ്രവർത്തനം തുടർന്നു. ബട്ലറെ ഇശാന്ത് വിക്കറ്റിന്റെ മുന്നിൽ കുടുക്കി. ആദിൽ റഷീദിനെ ഷമിയും പുറത്താക്കി. 37 റണ്ണുമായി  കറൻ ക്രീസിലുണ്ട്.



പ്രധാന വാർത്തകൾ
Top