20 November Tuesday

സോദരിപ്പോരിൽ സെറീന

വെബ് ഡെസ്‌ക്‌Updated: Sunday Sep 2, 2018


ന്യൂയോർക്ക്
യുഎസ് ഓപ്പൺ ടെന്നീസിലെ അമേരിക്കൻ സഹോദരിമാരുടെ പോരിൽ സെറീന വില്യംസിന് ജയം. വീനസ്് വില്യംസിനെ മടക്കിയ സെറീന പ്രീക്വാർട്ടറിലെത്തി. 71 മിനിറ്റ് നീണ്ടുനിന്ന മത്സരത്തിൽ ആധികാരികമായാണ് സെറീന വീനസിനെ തകർത്തത് (6‐1, 6‐2). 30‐ാം തവണയാണ് വില്യം സഹോദരിമാർ പരസ്പരം ഏറ്റുമുട്ടുന്നത്. 18ലും സെറീനക്കൊപ്പമായിരുന്നു ജയം. 1998ലാണ് ആദ്യമായി നേർക്കുനേർ വരുന്നത്. നിലവിലെ ജേത്രിയും മൂന്നാം സീഡുമായ സ്ലൊവാനെ സ്റ്റീഫൻസ് നാലാംറൗണ്ടിലേക്ക് മുന്നേറി. മുൻ ലോക ഒന്നാംറാങ്കുകാരി വിക്ടോറിയ അസരെങ്കയെ മൂന്നാം റൗണ്ടിൽ മടക്കി. സ്കോർ: 6‐3,6‐4.

പുരുഷന്മാരിൽ ലോക ഒന്നാംനമ്പർ റാഫേൽ നദാൽ മുൻ ചാമ്പ്യൻ യുവാൻ മാർട്ടിൻ ഡെൽ പോട്രോയും പ്രീക്വാർട്ടറിലെത്തി. 

റഷ്യയുടെ കരേൺ ഖച്ചാനോവിനെയാണ് നദാൽ മടക്കിയത്. ഒരു സെറ്റിനു പിന്നിൽനിന്നശേഷമായിരുന്നു ലോക ഒന്നാംപടിക്കാരന്റെ തിരിച്ചുവരവ്് (5‐7, 7‐5, 7‐6, 7‐6). ജോർജിയയുടെ നിക്കോളോസ് ബസിലഷ്വിലിയാണ് സ്പാനിഷ് താരത്തിന്റെ അടുത്ത എതിരാളി. നേരിട്ടുള്ള സെറ്റുകൾക്കാണ് അർജന്റീനയുടെ ഡെൽ പോട്രോ സ്പെയ്നിന്റെ ഫെർണാണ്ടോ വെർദസ്കോയെ തോൽപ്പിച്ചത് (7‐5, 7‐6, 6‐3). ക്രൊയേഷ്യയുടെ ബോർണ കോറിച്ചാണ് നാലാംറൗണ്ടിൽ അർജന്റീനക്കാരന്റെ എതിരാളി. റഷ്യയുടെ ദാനിയിൽ മെദ്വേദേവിനെയാണ് കോറിച്ച് മടക്കിയത്.

മുൻ ചാമ്പ്യൻ സ്റ്റാൻ വാവ്റിങ്കയ്ക്ക് മൂന്നാംറൗണ്ടിൽ അടിതെറ്റി. കനഡയുടെ മിലോസ് റായോണിക്കാണ് വാവ്റിങ്കയുടെ കുതിപ്പിന് വിരാമിട്ടത് (7‐6, 6‐4, 6‐3). അമേരിക്കയുടെ ജോൺ ഇസ്നെറാണ് കനേഡിയൻ താരത്തിന്റെ പ്രീക്വാർട്ടറിലെ എതിരാളി.


പ്രധാന വാർത്തകൾ
Top