21 September Friday

ഇംഗ്ലണ്ട് 9ന് 285

വെബ് ഡെസ്‌ക്‌Updated: Thursday Aug 2, 2018

ജോ റൂട്ടിനെ റണ്ണൗട്ടാക്കിയശേഷം കോഹ്‌ലിയും അശ്വിനും ആഹ്ലാദം പങ്കുവയ്‌ക്കുന്നു


എഡ്ജ്ബാസ്റ്റൺ
പരമ്പരയിലെ ആദ്യ ടെസ്റ്റിൽ സ്പിന്നർ ആർ അശ്വിന്റെ മികവിൽ കൂറ്റൻ സ്കോറിലേക്കു കുതിച്ച ഇംഗ്ലണ്ടിനെ ഇന്ത്യ തടഞ്ഞു. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ 285 റണ്ണെടുത്തു. അശ്വിൻ നാലും മുഹമ്മദ് ഷമി രണ്ടും വിക്കറ്റ് വീഴ്ത്തി. 80 റണ്ണെടുത്ത നായകൻ ജോ റൂട്ട് ഇംഗ്ലണ്ടിനായി തിളങ്ങി.  

ഇന്ത്യയുടെ ഓപ്പണിങ് ബൗളർമാരായ ഉമേഷ് യാദവിനും ഇശാന്ത് ശർമയ്ക്കും തുടക്കം വിക്കറ്റ് നേടാൻ കഴിഞ്ഞില്ല. ഇംഗ്ലണ്ടിലെ സാഹചര്യങ്ങൾ വേണ്ടവിധം മുതലാക്കാൻ ഈ പേസർമാർക്കായില്ല. ആദ്യ അവസരത്തിൽ റൺ വഴങ്ങിയെങ്കിലും ഉമേഷ് യാദവ് തിരിച്ചുവന്നു. സ്പിന്നർ ഓപ്പണർ അലിസ്റ്റർ കുക്കി(13)നെ പുറത്താക്കി ആർ അശ്വിനാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. ഗംഭീരമായ പന്തിൽ ഇംഗ്ലണ്ടിന്റെ മികച്ച ബാറ്റ്സ്മാൻമാരിൽ ഒരാളായ കുക്കിനെ അശ്വിൻ മടക്കി. രണ്ടാം വിക്കറ്റിൽ കീറ്റൺ ജെന്നിങ്സും ജോ റൂട്ടും ചേർന്ന് നേടിയ 72 റൺ ഇംഗ്ലീഷ് ഇന്നിങ്സിന് അടിത്തറയിട്ടു.

ഉച്ചഭക്ഷണത്തിനുശേഷം ഷമി ഇംഗ്ലണ്ടിന് ഇരട്ടപ്രഹരംനൽകി. ജെന്നിങ്സിനെ മുഹമ്മദ് ഷമി വിക്കറ്റിനുമുന്നിൽ കുടുക്കി. ഡേവിഡ് മലാനെയും ഷമി മടക്കി. അശ്വിന്റെ പന്ത് ബൗണ്ടറി കടത്തി റൂട്ട് ടെസ്റ്റ് ക്രിക്കറ്റിൽ ആറായിരം റൺ പൂർത്തിയാക്കി. ഇംഗ്ലണ്ടിനുവേണ്ടി വേഗത്തിൽ ടെസ്റ്റിൽ 6000 റൺ നേടുന്ന താരമായി റൂട്ട്. മുൻ നായകനും സഹതാരവുമായ കൂക്കിന്റെ റെക്കോഡാണ് മറികടന്നത്. അഞ്ചുവർഷവും 231 ദിവസവുംകൊണ്ടാണ് ഇംഗ്ലീഷ് ക്യാപ്റ്റൻ ടെസ്റ്റിൽ ആറായിരം തികച്ചത്.

നാലാം വിക്കറ്റിൽ ജോണി ബെയർസ്റ്റോയെ കൂട്ടുപിടിച്ച് റൂട്ട് സ്കോറുയർത്തി. ഇതിനിടെ റൂട്ട് അർധശതകം പൂർത്തിയാക്കി. ഇന്ത്യക്കെതിരെ നേടുന്ന 12‐ാം അർധശതകമാണിത്. ചായക്ക് പിരിയുംമുമ്പ് ഇംഗ്ലീഷ് സ്കോർ മൂന്നിന് 163 ആയിരുന്നു. പിന്നാലെ ബെയർസ്റ്റോയും അർധശതകം നേടി.
സെഞ്ചുറിയിലേക്ക് കുതിച്ച റൂട്ട് റണ്ണൗട്ട് ആയതാണ് ഇംഗ്ലണ്ടിന് തിരിച്ചടിയായത്. കൂട്ടുകെട്ട് നൂറു പിന്നിട്ടതിന്റെ തൊട്ടടുത്ത പന്തിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയുടെ നേരിട്ടുള്ള ഏറിൽ റൂട്ട് പുറത്തായി. അതോടെ ഇംഗ്ലണ്ട് പതറി. പിന്നാലെ രണ്ടു വിക്കറ്റുകൾ വീണു.
ബെയർസ്റ്റോയെ ഉമേഷ് യാദവ് വിക്കറ്റിനുമുന്നിൽ കുടുക്കി. അടുത്ത പ്രഹരം അശ്വിന്റെ വകയായിരുന്നു.

റണ്ണെടുക്കും മുമ്പ് ജോസ് ബട്ട്ലർ കൂടാരം കയറി.  നിലയുറപ്പിക്കാൻ ശ്രമിച്ച സ്റ്റോക്ക്സിനെയും അശ്വിൻ സ്വന്തംപന്തിൽ പിടിച്ച് പുറത്താക്കി. സ്റ്റുവർട്ട് ബ്രോഡിനെ വിക്കറിനു മുന്നിൽ കുടുക്കി അശ്വിൻ നാലാം വിക്കറ്റ് സ്വന്തമാക്കി. ആദിൽ റഷീദിനെ ഇഷാന്ത് ശർമ വിക്കറ്റിനു മുന്നിൽ കുടുക്കി.

മോശം ഫോമിലുള്ള ചേതേശ്വർ പുജാരയ്ക്ക് പകരം ലോകേഷ് രാഹുലിെന ഉൾപ്പെടുത്തിയാണ് ഇന്ത്യ ഇറങ്ങിയത്. രണ്ട് ടീമും ഓരോ സ്പിന്നർമാരെ ഉൾപ്പെടുത്തി.

പ്രധാന വാർത്തകൾ
Top