18 September Tuesday

ലോകകപ്പ്‌ സന്നാഹമത്സരം; ഫ്രാൻസിന്‌ ജയം

വെബ് ഡെസ്‌ക്‌Updated: Saturday Jun 2, 2018

പാരീസ് > ലോകകപ്പ് സന്നാഹമത്സരങ്ങളിൽ ഫ്രാൻസിനും ഓസ്ട്രേലിയക്കും ജയം. ദക്ഷിണ കൊറിയ തോറ്റു. ടുണീഷ്യ സമനിലയിൽ കുരുങ്ങി. ഇറ്റലിയെ ഒന്നിനെതിരെ മൂന്നു ഗോളിനാണ് ഫ്രാൻസ് തോൽപ്പിച്ചത്. സന്നാഹമത്സരങ്ങളിൽ തുടർച്ചയായ രണ്ടാം ജയമാണ് ഫ്രാൻസിന്. ഇറ്റലിക്കെതിരെ ഫ്രാൻസ് മികച്ച പ്രകടനം പുറത്തെടുത്തു. ഒൺട്വാൻ ഗ്രീസ്മാൻ, സാമുവൽ ഉംറ്റിറ്റി, ഉസ്മാൻ ഡെംബെലെ എന്നിവർ ഗോളടിച്ചു. ലിയനാർഡോ ബൊനൂഷി ഇറ്റലിക്കായി ഒരു ഗോൾ  മടക്കി.

ആദ്യ ഗോൾ ഉംറ്റിറ്റി നേടി. കൈലിയൻ എംബാപ്പെയുടെ ഷോട്ട് തട്ടിയൊഴിവാക്കാൻ ഇറ്റാലിയൻ ഗോൾകീപ്പർ സാൽവതോർ സിരിഗുവിന് കഴിഞ്ഞില്ല. പന്ത് ഉംറ്റിറ്റിക്ക് കിട്ടി. ഈ ബാഴ്സലോണ പ്രതിരോധക്കാരൻ ലക്ഷ്യംകണ്ടു. രണ്ടാംപകുതിയിൽ പെനൽറ്റിയിലൂടെ ഗ്രീസ്മാൻ നേട്ടം രണ്ടാക്കി. പിന്നാലെ ഡെംബെലെയും ലക്ഷ്യംകണ്ടു.

ടുണീഷ്യ തുർക്കിയോട് സമനില വഴങ്ങി (2‐2). അവസാന നിമിഷം കഗ്ലാർ സോയുങ്കുവാണ് ടുണീഷ്യയുടെ സമനില ഗോൾ അടിച്ചത്. സെങ്ക് ടോസുണിന്റെ ഗോളിൽ തുർക്കിയാണ് ആദ്യം ലീഡെടുത്തത്. പിന്നാലെ അനിസെ ബദ്രി ടുണീഷ്യയെ ഒപ്പമെത്തിച്ചു. ഇതിനിടെ ടോസുൺ ചുവപ്പുകാർഡ് കിട്ടി പുറത്തായി. 10 പേരായി ചുരുങ്ങിയെങ്കിലും ഫെറ്യാനി സാസിയിലൂടെ തുർക്കി വീണ്ടും മുന്നിലെത്തി. കളി തീരാൻ നിമിഷങ്ങൾ ശേഷിക്കെയാണ് സോയുങ്കു ടുണീഷ്യയെ തോൽവിയിൽനിന്നു കരകയറ്റിയത്.

ദക്ഷിണ കൊറിയ ഒരു ഗോളിന് ബോസ്നിയ ആൻഡ് ഹെർസെഗോവിനയോട് തോറ്റു (1‐3). ബോസ്നിയക്കായി എഡിൻ വിസ്ക ഹാട്രിക് നേടി. ജായെ സങ് ലീ ആണ് കൊറിയയുടെ ആശ്വാസഗോൾ നേടിയത്.  ഓസ്ട്രേലിയ നാലു ഗോളിന് ചെക്് റിപ്പബ്ലിക്കിനെ തകർത്തു. മാത്യു ലെക്കി ഇരട്ടഗോൾ നേടി. ആൻഡ്രൂ നബൗട്ട്, ജാക്കുബ് ജുഗാസ് എന്നിവർ പട്ടിക പൂർത്തിയാക്കി.

പ്രധാന വാർത്തകൾ
Top