20 September Thursday

പെറുവിന് ആഹ്ലാദമായി ഗ്വിറേറോ കളിക്കും

വെബ് ഡെസ്‌ക്‌Updated: Saturday Jun 2, 2018

ലിമ > പെറുവിന്റെ ക്യാപ്റ്റൻ പാവ്ലോ ഗ്വിറേറോയുടെ ശിക്ഷ റദ്ദാക്കി. ഇതോടെ ലോകകപ്പ് ഫുട്ബോളിൽ ഗ്വിറേറോയ്ക്ക് കളിക്കാം.കായികതർക്ക പരിഹാരകോടതി നൽകിയ 14 മാസത്തെ വിലക്ക് സ്വിറ്റ്സർലൻഡിലെ ഫെഡറൽ ട്രിബ്യൂണലാണ് അസാധുവാക്കിയത്. ദീർഘകാലത്തെ നിയമയുദ്ധത്തിനാണ് ഇതോടെ അവസാനമായത്. ഒക്ടോബർ അഞ്ചിനാണ് സംഭവത്തിന്റെ തുടക്കം. അന്ന് അർജന്റീനയുമായി ലോകകപ്പ് യോഗ്യതാ മത്സരം കളിച്ച ഗ്വിറേറോയുടെ രക്തത്തിൽ കൊക്കെയ്ന്റെ  അംശം കണ്ടെത്തി. ഗ്വിറേറോയെ ഒരുവർഷത്തേക്ക് വിലക്കി.

ഗ്വിറേറോ നൽകിയ പരാതി പരിഗണിച്ച് ശിക്ഷ ആറുമാസമാക്കി. ഇതനുസരിച്ച് ശിക്ഷ മേയ് മൂന്നിന് തീരും. ഗ്വിറേറോയ്ക്ക് ലോകകപ്പിൽ കളിക്കാനുമാകും. എന്നാൽ താൻ കുറ്റക്കാരനല്ലെന്നു വിധിക്കണമെന്നാവശ്യപ്പെട്ട് ഗ്വിറേറോ കായികതർക്ക പരിഹാരകോടതിയെ സമീപിച്ചു. കോടതി ഗ്വിറേറോയുടെ ആവശ്യം തള്ളുക മാത്രമല്ല, ശിക്ഷ 14 മാസത്തേക്ക് വർധിപ്പിച്ചു. ഇതിനെതിരെയാണ് അവസാനത്തെ ആശ്രയമായ സ്വിസ് ട്രിബ്യൂണലിനെ ഗ്വിറേറോ സമീപിച്ചത്.

ഗ്വിറേറോയുടെ ശിക്ഷ റദ്ദാക്കിയത് അത്യാഹ്ലാദത്തോടെയാണ് പെറു സ്വീകരിച്ചത്. പെറുവിലെങ്ങും ആഹ്ലാദപ്രകടനം നടന്നു. 1982നുശേഷം ആദ്യമായാണ് പെറു ലോകകപ്പിനെത്തുന്നത്. ഫ്രാൻസ്, ഡെൻമാർക്ക്, ഓസ്ട്രേലിയ ടീമുകൾക്കൊപ്പം ഗ്രൂപ്പ് സിയിലാണ് പെറു. പെറുവിന്റെ ഏറ്റവും പ്രധാന കളിക്കാരനാണ് ഈ മുപ്പത്തിനാലുകാരൻ. സ്ട്രൈക്കറാണ്. ബ്രസീലിലെ ഫ്ളമെങ്കോ ക്ലബ്ബിലാണ് കളിക്കുന്നത്. വിധി വന്ന ഉടൻതന്നെ ഗ്വിറേറോ ടീമിനൊപ്പം പരിശീലനത്തിനിറങ്ങി.

പ്രധാന വാർത്തകൾ
Top