21 November Wednesday

ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്് : സൈന, ശ്രീകാന്ത് ജയിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 1, 2018


നാൻജിങ്
ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ രണ്ടാം ദിനം ഇന്ത്യയുടെ പ്രമുഖ താരങ്ങളായ കെ ശ്രീകാന്തിനും സൈന നെഹ്വാളിനും  ജയം. ദുർബല എതിരാളികൾക്കെതിരെ അനായാസ ജയത്തോടെയായിരുന്നു ഇരുവരുടെയും അരങ്ങേറ്റം. ഇന്ത്യയുടെ ഏറ്റവും വലിയ പ്രതീക്ഷയായ പി വി സിന്ധു ഇന്ന് കളത്തിലിറങ്ങും.

തുർക്കിയുടെ അലിയേ ദെമിർബാഗിനെയാണ് സൈന പരാജയപ്പെടുത്തിയത് (21‐17, 21‐8). തുടക്കം അൽപ്പം പതുക്കെയായിരുന്നെങ്കിലും രണ്ടാം ഗെയിമിൽ സൈന ഫോമിലായി. ആദ്യ റൗണ്ടിൽ സൈനയ്ക്ക് ബൈ ലഭിച്ചിരുന്നു. 2013ലെ ലോക ചാമ്പ്യനായ തായ്ലൻഡിന്റെ രാചനോക് ഇൻതാനോനാണ് പ്രീ ക്വാർട്ടറിൽ സൈനയുടെ എതിരാളി.

ലോക അഞ്ചാം സീഡ് കെ ശ്രീകാന്ത് അയർലൻഡിന്റെ ഹാത് ഗുയേനെ പരാജയപ്പെടുത്തി (21‐15, 21‐16). സ്പെയ്നിന്റെ പാബ്ലൊ അബിയനാണ് ശ്രീകാന്തിന്റെ അടുത്ത എതിരാളി. ലോക നാലാം നമ്പർ താരം വാൻ ഹോ സൺ പിന്മാറിയതിനെ തുടർന്ന് സായ് പ്രണീതിന് രണ്ടാം റൗണ്ടിൽ വാക്കോവർ ലഭിച്ചു. അടുത്ത റൗണ്ടിൽ സ്പെയ്നിന്റെ തന്നെ ലൂയിസ് എൻറിക്വെയെ പ്രണീത് നേരിടും.

ഡബിൾസ്, മിക്സഡ് ഡബിൾസ് മത്സരങ്ങളിൽ ഇന്ത്യക്ക് തിരിച്ചടിയും ജയവും ഒരു പോലെ ഉണ്ടായി. പുരുഷ ഡബിൾസിൽ സാത്വിക് സായ്രാജ്‐ ചിരാഗ് ഷെട്ടി സഖ്യം ഇംഗ്ലീഷ് എതിരാളികളെ തോൽപ്പിച്ചു (21‐19, 12‐21, 21‐19). മിക്സഡ് ഡബിൾസിലും സാത്വികിന്റെ ടീം ജയം നേടി. അശ്വനി പൊന്നപ്പക്കൊപ്പം ജർമൻ സഖ്യത്തെ സാത്വിക് പരാജയപ്പെടുത്തി (21‐17, 21‐18). വനിതാ ഡബിൾസിൽ അശ്വനി പൊന്നപ്പ‐ സിക്കി റെഡ്ഡി സഖ്യം തായ്പെയ് സഖ്യത്തെ തോൽപ്പിച്ചു (19‐21, 21‐10, 21‐17). മിക്സഡ് ഡബിൾസിൽ ഇന്ത്യയുടെ മൂന്ന് ടീമും വനിതാ ഡബിൾസിലും പുരുഷ ഡബിൾസിലുമായി രണ്ട് ടീമുകളും വീതവും പരാജയപ്പെട്ടു.

ലോക മൂന്നാം നമ്പറായ പി വി സിന്ധു ഇന്തോനേഷ്യയുടെ ഫിട്രിയാനിയെ ആണ് നേരിടുക.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top