17 October Wednesday

ഉദിച്ചുയരാന്‍, മിന്നിത്തിളങ്ങാന്‍

രജീഷ് ബാലന്‍Updated: Friday Oct 20, 2017


പാലാ > കായികകൌമാരം കുതിപ്പിനൊരുങ്ങി. സംസ്ഥാന സ്കൂള്‍ കായികോത്സവത്തിന്റെ ചരിത്രത്തോളം പഴക്കവും തിളക്കവുമുണ്ട് മികച്ചസ്കൂളിനുള്ള ചാമ്പ്യന്‍പട്ടം സ്വന്തമാക്കാനുള്ള പോരാട്ടത്തിന്. ഒരിക്കല്‍ കേരളത്തിന്റെ കായികമേല്‍വിലാസമായിരുന്ന തോമസ് മാഷിന്റെ കോരുത്തോട് സ്കൂള്‍മുതല്‍ പാലക്കാടിന്റെയും കോഴിക്കോടിന്റെയും പുത്തന്‍ ഉദയങ്ങള്‍വരെ ഈ പോരാട്ടത്തില്‍ സ്വന്തം പേര് കുറിച്ചവര്‍.

മാര്‍ബേസില്‍ കോതമംഗലം
നിലവിലെ ചാമ്പ്യന്‍മാര്‍. കഴിഞ്ഞ പതിപ്പില്‍ 14 സ്വര്‍ണവും 13 വെള്ളിയും എട്ട് വെങ്കലവുമായി കിരീടമണിഞ്ഞു. ട്രാക്കിലും ഫീല്‍ഡിലും ഒരുപോലെ മികവ് തെളിയിച്ച് 117 പോയിന്റ് നേടി കിരീടം നിലനിര്‍ത്തുകയായിരുന്നു ഷിബി മാത്യുവിന്റെ കുട്ടികള്‍. ഇക്കുറി 43 പേരുടെ സംഘം. കഴിഞ്ഞ പതിപ്പില്‍നിന്ന് ഒമ്പതുപേര്‍ കുറവ്. 19 പെണ്‍കുട്ടികളും 24 ആണ്‍കുട്ടികളും. എങ്കിലും റവന്യു ജില്ലയില്‍ എതിരില്ലാതെ ചാമ്പ്യന്‍മാരായാണ് ഇക്കുറിയും വരവ്.
സീനിയര്‍ വിഭാഗം പെണ്‍കുട്ടികളില്‍ അനുമോള്‍ തമ്പിയാണ് മിന്നുംതാരം. 1500 മീറ്റര്‍, 3000, 800 മീറ്റര്‍ ഇനങ്ങളില്‍ മുന്‍ ദേശീയചാമ്പ്യന്‍ ഇറങ്ങും. കഴിഞ്ഞ പതിപ്പില്‍ ജൂനിയര്‍ വിഭാഗത്തില്‍ കഴിവുതെളിയിച്ച അഭിഷേക് മാത്യുവും (400, 800, 1500) ആദര്‍ശ് ഗോപിയും (800, 1500, 3000) ഇക്കുറി സീനിയര്‍ ആണ്‍കുട്ടികളില്‍ മത്സരിക്കും.

കല്ലടി സ്കൂള്‍ പാലക്കാട്
നിലവിലെ രണ്ടാംസ്ഥാനക്കാര്‍. ആകെ സ്വര്‍ണം 15. ഏഴ് വെള്ളിയും അഞ്ച്വെങ്കലവും ചേര്‍ത്ത് ആകെ 102 പോയിന്റ്. ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ പെണ്‍കുട്ടികളുടെ വ്യക്തിഗത ചാമ്പ്യന്‍മാര്‍ കല്ലടിക്കാരായിരുന്നു. പരിശീലകന്‍ ജാഫര്‍ ഖാന്‍. പി വി ശാലുവാണ് കല്ലടിയുടെ തിളങ്ങുന്ന താരം. 1500, 3000, 5000 മീറ്റര്‍ ഇനങ്ങളില്‍ ശാലു റവന്യൂ ജില്ലാ മത്സരത്തില്‍ സ്വര്‍ണമണിഞ്ഞു. ജൂനിയര്‍ പോള്‍വോള്‍ട്ടില്‍ ചാമ്പ്യനായിരുന്ന നിവ്യ ആന്റണിയും കൂട്ടുകാരി ആര്‍ഷ ബാബുവും ഇക്കുറി സീനിയറില്‍ അരങ്ങേറ്റംകുറിക്കും. ജൂനിയര്‍ ഹൈജമ്പില്‍ ദേശീയ റെക്കോഡിനെക്കാള്‍ മികച്ചപ്രകടനത്തോടെ സ്വര്‍ണമണിഞ്ഞ എം ജിഷ്നയ്ക്കും സീനിയര്‍ വിഭാഗത്തിലാണ് മത്സരം.

സെന്റ് ജോര്‍ജ് കോതമംഗലം
നഷ്ടപ്പെട്ട തിളക്കം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് സെന്റ് ജോര്‍ജ്. രാജുപോളിന്റെ കുട്ടികള്‍ കഴിഞ്ഞ പതിപ്പില്‍ അവസാനിപ്പിച്ചത് മൂന്നാംപടിയില്‍. നാല് സ്വര്‍ണവും എട്ട് വെള്ളിയും ആറ് വെങ്കലവുമടക്കം നേടിയത് 50 പോയിന്റ്. ഇക്കുറി 29 അംഗ സംഘം. കഴിഞ്ഞ പതിപ്പില്‍നിന്ന് നാലുപേര്‍ കുറവ്. ആ കുറവ് പ്രകടനത്തില്‍ നികത്താനാകുമെന്ന് രാജുപോളിന് ഉറപ്പ്.

പറളി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍
കഴിഞ്ഞ പതിപ്പിലെ നാലാംസ്ഥാനം മെച്ചപ്പെടുത്താനുള്ള കുതിപ്പിലാണ് പറളി. കഴിഞ്ഞ പതിപ്പില്‍ എട്ട് സ്വര്‍ണവും നാല് വെള്ളിയും മൂന്ന് വെങ്കലവുമടക്കം 45 പോയിന്റ് മാത്രം. തിരിച്ചുവരുമെന്ന് പരിശീലകന്‍ പി ജി മനോജിന്റെ ഉറപ്പ്. ജമ്പ് ഇനങ്ങളും ദീര്‍ഘദൂര ഓട്ടവുമാണ് പറളിയുടെ കരുത്ത്. ഇക്കുറി 19 അംഗ സംഘം. സീനിയര്‍ വിഭാഗത്തില്‍ ടി പി അമലും (100, 200, ലോങ്ജമ്പ്)  അനസും (ലോങ്ജമ്പിലും ട്രിപ്പിള്‍ജമ്പിലും) സൂപ്പര്‍താരങ്ങള്‍. ട്രിപ്പിളില്‍ എ അജിത്തും ഇറങ്ങും. ടി നീനയുടെ അനുജന്‍ ടി നിധീഷ് മൂവായിരം അയ്യായിരം മീറ്റര്‍ നടത്തത്തില്‍ ഇറങ്ങും.

 

പാലാക്കാരുടെ ഉത്സവം

അതൊരനുഭവമായിരുന്നു. ജനക്കൂട്ടത്തില്‍നിന്ന് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുക, പടമെടുക്കുക. 1991 ഡിസംബര്‍ 12നായിരുന്നു പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തിലെ മീറ്റിന്റെ തുടക്കം. സംസ്ഥാന സ്കൂള്‍ അത്ലറ്റിക്സിന്റെ 35-ാം പതിപ്പ്.   കുട്ടികളുടെ കളി കാണാന്‍ നാട്ടുകാര്‍ ഒന്നാകെയെത്തി. അവര്‍ക്കത് ഉത്സവമായിരുന്നു. കോട്ടയത്തെയും ഇടുക്കിയിലെയും ഉള്‍നാടന്‍ ഗ്രാമങ്ങളില്‍നിന്ന് കൂട്ടത്തോടെയുള്ള വരവ്. അന്ന് ട്രാക്കില്‍ ഇറങ്ങുന്ന മിക്കവര്‍ക്കും ശാസ്ത്രീയപരിശീലനമൊക്കെ കുറവായിരുന്നു. പക്ഷേ മത്സരം കടുത്തതായിരുന്നു. അന്ന് കായികാധ്യാപകരുടെയോ സ്കൂളുകളുടെയോ കുടിപ്പകയില്ലായിരുന്നു. ഓരോ കുട്ടിയും ഓടുന്നതും ചാടുന്നതും അവന്റെ, അവളുടെ നാടിനുവേണ്ടിയായിരുന്നു. മികവുകാട്ടുന്ന ഒരുപിടി കുട്ടികള്‍.

  ഭരണങ്ങാനം ഗവ. സ്കൂളും പാലാ സെന്റ് തോമസ് സ്കൂളും ഒരുപിടി പ്രതിഭകളെത്തന്നു. പാലാ സ്കൂളില്‍ പഠിച്ച ജോസഫ് കുഞ്ഞിനെ എങ്ങനെ മറക്കാന്‍. 1958-59ല്‍ തൃശൂരില്‍ നടന്ന രണ്ടാം സ്കൂള്‍ മീറ്റില്‍ സീനിയര്‍ ആണ്‍കുട്ടികളുടെ 200 മീറ്ററില്‍ പാലാ സെന്റ് തോമസ് സ്കൂളിനെ പ്രതിനിധീകരിച്ച ജോസഫ് കുഞ്ഞ് 22.5 സെക്കന്‍ഡില്‍ റെക്കോഡിട്ടു. ആ റെക്കോഡ് തകരാന്‍ 33 വര്‍ഷം കാത്തിരിക്കേണ്ടിവന്നത് ചരിത്രം. ആ ജോസഫ് കുഞ്ഞിന്റെ നാട്ടിലേക്കാണ് വീണ്ടും കായികോത്സവം എത്തിയിരിക്കുന്നത്. 26 വര്‍ഷത്തിനിടെ എല്ലാ മേഖലയിലും ഒരുപാട് മാറ്റം വന്നു. അതിവിടെ കാണാം.

മുന്നില്‍ക്കയറാന്‍ കോഴിക്കോട്
കോഴിക്കോടുനിന്ന് ജിജോ ജോര്‍ജ്
വര്‍ഷങ്ങളായി സംസ്ഥാന സ്കൂള്‍ കായികോത്സവത്തിലെ മൂന്നാം സ്ഥാനക്കാരാണ് കോഴിക്കോട് ജില്ലാ ടീം. ഇത്തവണ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ എത്തിപിടിക്കാന്‍ ഉറച്ചാണ് കോഴിക്കോട് പാലയില്‍ എത്തിയിരിക്കുന്നത്. 179 അംഗ സംഘത്തില്‍ മലബാര്‍ സ്പോര്‍ട്സ് അക്കാദമിയുടെ താരങ്ങളുമായെത്തുന്ന പൂല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളാണ് ജില്ലയുടെ പ്രധാന കരുത്ത്. ഹോളിഫാമിലി എച്ച്എസ്എസ് കട്ടിപ്പാറ, സെന്റ് ജോര്‍ജ് കുളത്തുവയല്‍, ഉഷ സ്കൂളിലെ താരങ്ങളുമായി എഎംഎച്ച്എസ് പൂവമ്പായി സ്കൂളുകളും മെഡല്‍ വേട്ടയ്ക്ക് മുതല്‍ക്കൂട്ടാകും.

സീനിയര്‍ വിഭാഗത്തില്‍ പുല്ലൂരാംപാറയുടെ അപര്‍ണ റോയ് (100മീ, 200മീ, 100 ഹര്‍ഡില്‍സ്), ലിസ്ബത്ത് കരോളിന്‍ ജോസഫ് (ലോങ്ജമ്പ്, ഹൈജമ്പ്, ട്രിപ്പിള്‍ജമ്പ്), കട്ടിപ്പാറ ഹോളിഫാമിലി എച്ച്എസ്എസിലെ കെ ആര്‍ ആതിര (1500മീ, 3000, 5000 മീ, ക്രോസ് കണ്‍ട്രി), കുളത്തുവയല്‍ സെന്റ് ജോര്‍ജ് എച്ച്എസ്എസിലെ ലിജിന്‍ ഡൊമിനിക്(800, 1500മീ) എന്നിവരാണ് മെഡല്‍പ്രതീക്ഷയില്‍ മുന്നില്‍. ജൂനിയര്‍ വിഭാഗത്തില്‍ അരുണ്‍ തങ്കച്ചന്‍ (ട്രിപ്പിള്‍ജമ്പ്, ഹൈജമ്പ്, പോള്‍വോള്‍ട്ട്), സെബിന്‍ സെബാസ്റ്റ്യന്‍ (1500മീ, 3000മീ), ജൂനിയര്‍ വിഭാഗത്തില്‍ കുളത്തുവയല്‍ സെന്റ് ജോര്‍ജ് എച്ച്എസ്എസിലെ വിഘ്നേഷ് ആര്‍ നമ്പ്യാര്‍(ജാവലിന്‍ ത്രോ, ഷോട്ട്പുട്ട്, ഡിസ്കസ് ത്രോ), ഉഷ സ്കൂളിലെ കെ ടി ആദിത്യ (100മീ, 200മീ, 400മീ), എല്‍ഗ തോമസ്(200,400), അതുല്യ ഉദയന്‍ (800മീ) എന്നിവരും ജില്ലയുടെ പ്രതീക്ഷയാണ്.

ജ്വലിച്ചുയരാന്‍... രാജ്യാന്തര കായികതാരങ്ങളായിരുന്ന ജോസി മാത്യുവും ഷൈനി വില്‍സണും പാലായില്‍ ദീപശിഖ ഏറ്റുവാങ്ങിയപ്പോള്‍

ജ്വലിച്ചുയരാന്‍... രാജ്യാന്തര കായികതാരങ്ങളായിരുന്ന ജോസി മാത്യുവും ഷൈനി വില്‍സണും പാലായില്‍ ദീപശിഖ ഏറ്റുവാങ്ങിയപ്പോള്‍

നിലനിര്‍ത്താന്‍ പാലക്കാട്
പാലക്കാട്് നിന്ന് എസ് സിരോഷ
കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്‍പട്ടം നിലനിര്‍ത്താനുള്ള ദൃഢനിശ്ചയത്തോടെയാണ് 180 അംഗ പാലക്കാട് ടീമെത്തിയത്. 99 ആണ്‍കുട്ടികളും 81 പെണ്‍കുട്ടികളും.

കുമരംപുത്തൂര്‍ കല്ലടി എച്ച്്എസ്എസ്, പറളി ഹയര്‍സെക്കന്‍ഡറി സ്കൂള്‍, മുണ്ടൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്നിവരാണ് കരുത്ത്.  ജില്ലാ സ്കൂള്‍ കായികമേളയില്‍ ഒന്നാമതെത്തിയ കല്ലടി സ്കൂള്‍ കഴിഞ്ഞ സംസ്ഥാന മേളയില്‍ മാര്‍ബേസിലിനു പിന്നില്‍ രണ്ടാമത് എത്തിയിരുന്നു. ദേശീയ സ്കൂള്‍ മീറ്റില്‍ സ്കൂള്‍ വിഭാഗത്തില്‍ ഒന്നാമതും എത്തി. അന്തര്‍ദേശീയ കായികതാരങ്ങളായ നിവ്യ ആന്റണിയും ചാന്ദ്നിയും നേതൃത്വം നല്‍കുന്ന 30 അംഗ ടീമാണ് കല്ലടിയുടേത്. പോള്‍വോള്‍ട്ടിലെ വിജയം വര്‍ഷങ്ങളായി കല്ലടി സ്കൂളിന്റെ കുത്തകയാണ്.

അന്താരാഷ്ട്ര താരങ്ങളായ പി എന്‍ അജിതും ടി പി അമലും സി ടി നിധീഷുമൊക്കെ നയിക്കുന്ന പറളി സ്കൂള്‍ ടീമും ശക്തമാണ്. 2015 ലെ സംസ്ഥാന കായികമേളയില്‍ രണ്ടാംസ്ഥാനത്തെത്തിയിരുന്നു. പി യു ചിത്രയുടെ പിന്‍മുറക്കാരായി കെ വിന്‍സിയുടെ നേതൃത്വത്തില്‍ മുണ്ടൂര്‍ സ്കൂളിന്റെ താരങ്ങളുമുണ്ട്.

തിരിച്ചുപിടിക്കാന്‍ എറണാകുളം
കൊച്ചിയില്‍നിന്ന് സി എന്‍ റെജി
കൈവിട്ടുപോയ കായിക കീരിടം തിരികെ പിടിക്കാനുള്ള കരുത്തുമായാണ് എറണാകുളത്തിന്റെ വരവ്. ആണ്‍, പെണ്‍ വിഭാഗങ്ങളിലായി 500 അംഗ ടീമാണ് ട്രാക്കിലും ഫീല്‍ഡിലും എറണാകുളത്തിനായി പോരാടുന്നത്. അന്തര്‍ദേശീയ, ദേശീയ താരങ്ങളാണ് ടീമിന്റെ കരുത്ത്. കോതമംഗലം സ്കൂളുകളുടെ ചുമലില്‍തന്നെയാണ് എറണാകുളത്തിന്റെ കുതിപ്പ്. ജില്ലാ മേളയില്‍ ചാമ്പ്യന്‍പട്ടം നേടിയ കോതമംഗലം മാര്‍ബേസില്‍, റണ്ണറപ്പായ സെന്റ് ജോര്‍ജ്, മാതിരപ്പിള്ളി ഗവ. ജിവിഎച്ച്എസ്എസ്, മണീട് ഗവ. ജിവിഎച്ച്എസ്എസ്സ്കൂളുകളുടെയും മെഴ്സികുട്ടന്‍ അക്കാദമിയുടെയും താരങ്ങള്‍ കിരീടപ്പോരാട്ടത്തില്‍ കളംനിറയും.

അനുമോള്‍ തമ്പിയും അഭിഷേക് മാത്യവുമാണ് മാര്‍ബേസിലിന്റെ തുരുപ്പ്ശീട്ടുകള്‍. സീനിയര്‍ പെണ്‍കുട്ടികളുടെ 3000, 1500, 5000 മീറ്ററിലാണ് രാജ്യാന്തര താരമായ അനുമോളുടെ ഇനങ്ങള്‍. ഏഷ്യന്‍ യൂത്ത് മീറ്റില്‍ 800ല്‍ സ്വര്‍ണം നേടിയ അഭിഷേകും മികവിലാണ്. ഡിസ്കസ് ത്രോയില്‍ സംസ്ഥാന മീറ്റ് റെക്കോഡിനെയും കടത്തിവെട്ടിയ സെന്റ് ജോര്‍ജിന്റെ അലക്സ് പി തങ്കച്ചന്‍, ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ മാതിരപ്പിള്ളിയുടെ കെസിയ മറിയം ബെന്നി, ബ്ളസി ദേവസ്യ, മുഹമ്മദ് ആഷിക് എന്നിവര്‍ ത്രോ ഇനങ്ങളിലെ മെഡല്‍ പ്രതീക്ഷകളാണ്.  മണീടിന്റെ അലക്സ് ജോസഫ് ത്രോയിനങ്ങളിലും കെ എം ശ്രീകാന്ത് ജമ്പ് ഇനങ്ങളിലും മാറ്റുരയ്ക്കുന്നു. പിറവം സെന്റ് ജോസഫിലെ മനു മനോജ് സബ് ജൂനിയര്‍ വിഭാഗത്തില്‍ ട്രാക്കിലെ മെഡല്‍ പ്രതീക്ഷയാണ്.

ജേതാക്കള്‍ക്ക് പണക്കിഴി
പി സി പ്രശോഭ്
പാലാ > സംസ്ഥാന സ്കൂള്‍ കായികോത്സവത്തില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം 1500, 1250, 1000 രൂപ ക്യാഷ് അവാര്‍ഡ് നല്‍കും. ഓരോ വിഭാഗത്തിലുമുള്ള വ്യക്തിഗത ചാമ്പ്യന്‍മാര്‍ക്ക് നാലുഗ്രാം സ്വര്‍ണമെഡല്‍ നല്‍കും. സംസ്ഥാന സ്കൂള്‍റെക്കോഡ് ഭേദിക്കുന്നവര്‍ക്ക് 4000 രൂപയും ദേശീയറെക്കോഡ് ഭേദിക്കുന്നവര്‍ക്ക് 10,000 രൂപയും ക്യാഷ് അവാര്‍ഡുണ്ട്. സംസ്ഥാനതലത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ആദ്യത്തെ മൂന്ന് സ്കൂളുകള്‍ക്ക് 2,20,000 രൂപ, 1,65,000 രൂപ, 1,10,000 രൂപ എന്നിങ്ങനെയും ക്യാഷ് അവാര്‍ഡ് നല്‍കും.

ദേശീയ സ്കൂള്‍ കായികോത്സവത്തിലെ വിജയികള്‍ക്ക് പാരിതോഷികമായി നല്‍കേണ്ട തുക കുടിശ്ശികയായത് ഉടന്‍ കൊടുത്തു തീര്‍ക്കാന്‍ സര്‍ക്കാര്‍ നടപടിയാരംഭിച്ചു. ഇതുസംബന്ധിച്ച പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കും. അഞ്ചുവര്‍ഷംമുമ്പ് ഉത്തര്‍പ്രദേശില്‍ നടന്ന ദേശീയമേളമുതലുള്ള തുകയാണ് കൊടുക്കാനുള്ളത്്. 

 

പ്രധാന വാർത്തകൾ
Top