23 October Tuesday

ഗോള്‍ കൊതിച്ച് കൊച്ചി

പ്രദീപ് ഗോപാല്‍Updated: Friday Nov 24, 2017

ബ്ളാസ്റ്റേഴ്സ് കളിക്കാര്‍ പരിശീലനത്തില്‍ ഫോട്ടോ > എം എ ശിവപ്രസാദ്


കൊച്ചി > സ്റ്റീവന്‍ കൊപ്പലിന്റെ സംഘത്തിനെതിരെ ഇന്ന് കേരള ബ്ളാസ്റ്റേഴ്സിന് ഐഎസ്എല്‍ നാലാംപതിപ്പിലെ രണ്ടാം കളി. കഴിഞ്ഞ പതിപ്പില്‍ ബ്ളാസ്റ്റേഴ്സിനെ ഫൈനല്‍വരെ എത്തിച്ച കൊപ്പെല്‍ ഇക്കുറി ജംഷെഡ്പുര്‍ എഫ്സി എന്ന നവാഗതരുടെ അമരക്കാരനാണ്.

ജംഷെഡ്പുരും ബ്ളാസ്റ്റേഴ്സും ആദ്യമത്സരങ്ങളില്‍ ഗോളില്ലാതെയാണ് തിരിച്ചുകയറിയത്. തുടക്കം സമനിലയായതില്‍ പരിഭ്രമിക്കാനില്ലെന്നാണ് ഇരുപരിശീലകരുടെയും വാദം. ഈ മുഖാമുഖത്തില്‍ കളി ജയത്തിനുവേണ്ടി മാത്രമാകുമെന്ന് ബ്ളാസ്റ്റേഴ്സിന്റെ മ്യുലെന്‍സ്റ്റീനും കൊപ്പലും പറയുന്നു. രാത്രി എട്ടിന് കൊച്ചിയില്‍ പന്തുരുളും.
ഗോള്‍ വഴങ്ങിയില്ല എന്ന ആശ്വാസം മാത്രമേയുള്ളൂ എടികെയുമായുള്ള ആദ്യകളിക്കുശേഷം ബ്ളാസ്റ്റേഴ്സിന്. കളിനിലവാരത്തില്‍ ഏറെ പിന്നിലായിരുന്നു. മുനയൊടിഞ്ഞ മുന്നേറ്റവും ആശയമില്ലാത്ത മധ്യനിരയും കളി വിരസമാക്കി. പ്രതിരോധത്തിലെ അച്ചടക്കമാണ് ആ കളിയില്‍ ബ്ളാസ്റ്റേഴ്സിന്റെ ആശ്വാസം. നാലുമാസം നീളുന്ന ലീഗില്‍ ഒരു കളികൊണ്ട് വിലയിരുത്തല്‍ നടത്തേണ്ടതില്ലെന്നാണ് മ്യുലെന്‍സ്റ്റീന്റെ അഭിപ്രായം. അതിനാല്‍തന്നെ ആദ്യകളിയിലെ സമനില ടീമിന് പ്രധാനപ്പെട്ടതാണ്.

എതിര്‍ടീമുകളെയും അവരുടെ കളിരീതികളെയും മനസ്സിലാക്കേണ്ടതുണ്ട്. ഒരുടീമിനെയും അളക്കാനായിട്ടില്ല.  രണ്ടോ മൂന്നോ മത്സരങ്ങള്‍ക്കുശേഷമേ ടീമിനുള്ളില്‍തന്നെ കളിക്കാര്‍ തമ്മില്‍ ഒത്തിണക്കം പൂര്‍ണമാകൂവെന്നും മ്യുലെന്‍സ്റ്റീന്‍ പറയുന്നു.

മുന്നേറ്റത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ വിഖ്യാതതാരമായ ദിമിതര്‍ ബെര്‍ബറ്റോവിന്റെ പ്രകടനം നിരാശപ്പെടുത്തി. ഐഎസ്എല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച താരമായി വിലയിരുത്തപ്പെടുന്ന ഇയാന്‍ ഹ്യൂമിനും തിളങ്ങാനായില്ല. ഘാനക്കാരന്‍ കറേജ് പെക്കൂസണാണ് അല്‍പ്പമെങ്കിലും ചലനമുണ്ടാക്കിയത്. ആക്രമിച്ചു കളിക്കാന്‍ ഇഷ്ടപ്പെടുന്ന അറാറ്റ ഇസുമിയെ പ്രതിരോധവുമായി കണ്ണിചേര്‍ത്തത് എടികെയ്ക്കെതിരെ ലക്ഷ്യംകണ്ടില്ല. എന്നാല്‍ മ്യുലെന്‍സ്റ്റീന് ഇസുമിയില്‍ വിശ്വാസമാണ്. പാസുകള്‍ നല്‍കുന്നതില്‍ മിടുക്കനായ ഇസുമി, അതേ സ്ഥാനത്ത് തുടരുമെന്നാണ്  മ്യുലെന്‍സ്റ്റീന്‍ നല്‍കുന്ന സൂചന. മിലന്‍ സിങ്ങും സി കെ വിനീതും ചില മിന്നലാട്ടങ്ങള്‍ നടത്തിയതൊഴിച്ചാല്‍ കളി ശരാശരിക്കും താഴെയായി.

പ്രതിരോധത്തില്‍ ആശങ്കയില്ല. ക്യാപ്റ്റന്‍ സന്ദേശ് ജിങ്കനും നെമാന്യ ലെസിച്ച് പെസിച്ചും ഒത്തിണക്കം കാട്ടി. റിനോ ആന്റോ മങ്ങിയപ്പോള്‍ ലാല്‍റുവാത്താറ തിളക്കമുള്ള കളിയാണ് പുറത്തെടുത്തത്. അതേസമയം, വെസ് ബ്രൌണ്‍ ഇന്നും കളിക്കാനിടയില്ല. ഗോളി പീറ്റര്‍ റെചുക ബ്ളാസ്റ്റേഴ്സിന്റെ വിശ്വസ്തനാണ്.

തന്ത്രജ്ഞനായ പരിശീലകനാണ് കൊപ്പെല്‍. ജംഷെഡ്പുര്‍ ടീം തെരഞ്ഞെടുപ്പില്‍പ്പോലും അത് വ്യക്തം. ബ്ളാസ്റ്റേഴ്സിന്റെ താരസമ്പത്ത് ഇല്ലെങ്കിലും യുവത്വമുള്ള ടീമാണ് ഈ ഇംഗ്ളീഷുകാരന്റേത്. ഐഎസ്എലിലെ അരങ്ങേറ്റം നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡുമായുള്ള സമനിലയോടെയായിരുന്നു. ആ കളിയുടെ തുടക്കഘട്ടത്തില്‍ പതറുകയായിരുന്നു ജംഷെഡ്പുര്‍. പക്ഷേ, കളി പുരോഗമിക്കുംതോറും രീതി മാറി. അവര്‍ ഒത്തിണക്കംകാട്ടി. അവസാനഘട്ടം 10 പേരായി ചുരുങ്ങേണ്ടിവന്നിട്ടും ഗോള്‍ വഴങ്ങിയില്ല.

പ്രതിരോധമാണ് ജംഷെഡ്പുരിന്റെ ശക്തി. അനസ് എടത്തോടികയാണ് അതില്‍ പ്രധാനി. പ്രതിരോധിക്കാന്‍ ഇഷ്ടപ്പെടുന്ന, നിര്‍ഭയമായി കളിക്കുന്ന കളിക്കാരനാണ് അനസെന്ന് കൊപ്പല്‍ പറയുന്നു. ഗോളി സുബ്രതോ പോള്‍ നോര്‍ത്ത് ഈസ്റ്റിനെതിരെ മികവുകാട്ടി. മുന്‍ ബ്ളാസ്റ്റേഴ്സ് താരം മെഹ്താബ് ഹുസൈന്‍ നയിക്കുന്ന മധ്യനിരയില്‍ ട്രിന്‍ഡാഡെ ഗൊണ്‍സാല്‍വെസും എമേഴ്സണ്‍ ഡി മൌറയും സൌവിക് ചക്രബര്‍ത്തിയും ഉള്‍പ്പെടും. സമീഗ് ഡൂട്ടിയെന്ന അതിവേഗ കളിക്കാരനാണ് മുന്നേറ്റത്തില്‍. ബ്ളാസ്റ്റേഴ്സ് പ്രതിരോധം ഏറെ വിയര്‍ക്കുക ഡൂട്ടിക്ക് മുന്നിലായിരിക്കും. നൈജീരിയക്കാരന്‍ ഇസു അസൂകയും ജെറി മോമിങ്തംഗയുമാണ് മുന്നേറ്റത്തിലെ മറ്റ് കളിക്കാര്‍.

പ്രധാന വാർത്തകൾ
Top