25 June Monday

ആധിപത്യം തുടരാന്‍ ഇന്ത്യ

വെബ് ഡെസ്‌ക്‌Updated: Sunday Aug 20, 2017

ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും മഹേന്ദ്ര സിങ് ധോണിയും പരിശീലനത്തിനിടെ

ധാംബുള്ള > ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഏകദിന പരമ്പരയ്ക്ക് ഇന്ന് ധാംബുള്ളയില്‍ തുടക്കം. അഞ്ച് മത്സരമാണ് പരമ്പരയില്‍. ടെസ്റ്റ്പരമ്പരയിലെ ആധികാരിക ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. മറുവശത്ത് ലങ്ക തളര്‍ന്നുകിടപ്പാണ്. ടെസ്റ്റിനുപുറമെ ഏകദിനത്തിലും മികച്ച റെക്കോഡല്ല ലങ്കയ്ക്ക് സമീപകാലത്ത്.
ലങ്കയ്ക്ക് നിര്‍ണായകമാണ് ഈ പരമ്പര. കുമാര്‍ സംഗക്കാര, മഹേള ജയവര്‍ധനെ, തിലകരത്നെ ദില്‍ഷന്‍ എന്നിവരുള്‍പ്പെട്ട സുവര്‍ണനിര കളി നിര്‍ത്തിയശേഷം ലങ്കയ്ക്ക് മികവുണ്ടാക്കാനായിട്ടില്ല. ഈ വര്‍ഷം ഇതുവരെ 16 ഏകദിനങ്ങളില്‍ കളിച്ച ലങ്ക 11ലും തോറ്റു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയില്‍ സമ്പൂര്‍ണ തോല്‍വി, ചാമ്പ്യന്‍സ് ട്രോഫിയില്‍ സെമി കാണാതെ മടക്കം, ബംഗ്ളാദേശുമായുള്ള പരമ്പരയില്‍ സമനില, ഒടുവില്‍ സിംബാബ്വെയോട് പരമ്പരയും കൈവിട്ടു. ഇന്ത്യയോട് രണ്ടു കളിയില്‍ ജയിക്കാനായാല്‍മാത്രമേ 2019 ലോകകപ്പിന് ലങ്കയ്ക്ക് നേരിട്ട് യോഗ്യത കിട്ടുകയുള്ളൂ. റാങ്കിങ്പട്ടികയില്‍ വെസ്റ്റിന്‍ഡീസ്മാത്രമാണ് ലങ്കയ്ക്കുപിന്നില്‍. ചാമ്പ്യന്‍സ് ട്രോഫി ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയെ തോല്‍പ്പിക്കാന്‍ കഴിഞ്ഞതാണ് ഇതിനിടയിലും ലങ്കയ്ക്ക് ആശ്വസിക്കാനുള്ളത്.

ചാമ്പ്യന്‍സ് ട്രോഫിയിലെ രണ്ടാം സ്ഥാനവും വിന്‍ഡീസിനെതിരായ പരമ്പര ജയവുമാണ് ഏകദിനത്തില്‍ സമീപകാലത്തെ ഇന്ത്യയുടെ പ്രകടനം. ടെസ്റ്റ്പരമ്പരയില്‍ കളിച്ച മുന്‍നിര കളിക്കാരില്‍ ചിലര്‍ക്ക് വിശ്രമം നല്‍കിയിട്ടുണ്ട്. സ്പിന്നര്‍മാരായ ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, പേസര്‍മാരായ മുഹമ്മദ് ഷമി, ഉമേഷ് യാദവ് എന്നിവര്‍ ഏകദിനത്തില്‍ കളിക്കുന്നില്ല. യുശ്വേന്ദ്ര ചഹാല്‍, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ് എന്നിവരാണ് സ്പിന്നര്‍മാരുടെ പട്ടികയില്‍. ജസ്പ്രീത് ബുമ്രയും ഭുവനേശ്വര്‍ കുമാറും പേസര്‍മാര്‍. സഹായത്തിന് ഓള്‍റൌണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുമുണ്ട്. 

മികച്ച ബാറ്റിങ്നിരയാണ്. രോഹിത് ശര്‍മ, ലോകേഷ് രാഹുല്‍, മനീഷ് പാണ്ഡെ എന്നിവര്‍ തിരിച്ചെത്തിയതോടെ ബാറ്റിങ്നിരയുടെ കരുത്ത് ഇരട്ടിച്ചു. വിന്‍ഡീസിനെതിരായ പരമ്പരയില്‍ രോഹിത് കളിച്ചിരുന്നില്ല. പരിക്കുകാരണം രാഹുലിനും പാണ്ഡെയ്ക്കും ചാമ്പ്യന്‍സ് ട്രോഫിയും വിന്‍ഡീസ് പര്യടനവും നഷ്ടമായി. ഇന്ത്യന്‍ എ ടീമിനുവേണ്ടി മികച്ച കളി പുറത്തെടുത്താണ് പാണ്ഡെ തിരിച്ചെത്തിയിരിക്കുന്നത്. ഇവര്‍ക്കൊപ്പം ക്യാപ്റ്റന്‍ വിരാട് കോഹ്ലി, ശിഖര്‍ ധവാന്‍, കേദാര്‍ യാദവ്, മഹേന്ദ്ര സിങ് ധോണി, പാണ്ഡ്യ എന്നിവരും. 2019 ലോകകപ്പാണ് ഇന്ത്യയുടെ ലക്ഷ്യം. രോഹിതും രാഹുലും തിരിച്ചെത്തുന്നതോടെ രഹാനെയ്ക്ക് അവസരം നഷ്ടമാകും. പാണ്ഡെയും കളിക്കാന്‍ സാധ്യതയില്ല. ധോണിക്ക് നിര്‍ണായക പരമ്പരയാണിത്.

ഉപുല്‍ തരംഗയാണ് ലങ്കയുടെ ക്യാപ്റ്റന്‍. മികച്ച ബാറ്റിങ്നിരയുണ്ട് ലങ്കയ്ക്ക്. മുന്‍ നായകന്‍ ഏഞ്ചലോ മാത്യൂസ്, ധനുഷ്ക ഗുണതിലകെ, കുസാല്‍ മെന്‍ഡിസ്, നിരോഷന്‍ ഡിക്വെല്ല എന്നിവര്‍ ഏകദിനത്തില്‍ തിളങ്ങാന്‍ കഴിയുന്നവരാണ്. ഓള്‍റൌണ്ടര്‍മാരായ മിലിന്ദ സിരിവര്‍ധനെയും തിസര പെരേരയും കരുത്തുപകരും. ബൌളിങ് പേസര്‍ ലസിത് മലിംഗയാണ് നയിക്കുന്നത്. ദുശ്മന്ത ചമീര, വിശ്വ ഫെര്‍ണാണ്ടോ എന്നിവര്‍ക്കൊപ്പം മാത്യൂസും പന്തെറിഞ്ഞേക്കും.
ടീം: ഇന്ത്യ- ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, വിരാട് കോഹ്ലി, ലോകേഷ് രാഹുല്‍, മഹേന്ദ്ര സിങ് ധോണി, കേദാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, യുശ്വേന്ദ്ര ചഹാല്‍, ജസ്പ്രീത് ബുമ്ര.

ശ്രീലങ്ക- ധനുഷ്ക ഗുണതിലക, നിരോഷന്‍ ഡിക്വെല്ല, കുശാല്‍ മെന്‍ഡിസ്, ഉപുല്‍ തരംഗ, ഏഞ്ചലോ മാത്യൂസ്, ചാമര കപുഗദേര, വാനിഡു ഹസരന്‍ഗ, തിസര പെരേര, വിശ്വ ഫെര്‍ണാണ്ടോ, ലസിത് മലിംഗ, ലക്ഷന്‍ സണ്ടക്കന്‍.

 

 

പ്രധാന വാർത്തകൾ
Top