24 October Wednesday

അതിജീവിച്ചു ഓസീസ്

വെബ് ഡെസ്‌ക്‌Updated: Tuesday Mar 21, 2017

ടെസ്റ്റിനുശേഷം ഓസ്ട്രേലിയയുടെ താരങ്ങളും ഇന്ത്യന്‍ താരങ്ങളും കൈകൊടുത്തുപിരിയുന്നു

റാഞ്ചി > ചേതേശ്വര്‍ പൂജാരയും വൃദ്ധിമാന്‍ സാഹയും നടത്തിയ പോരാട്ടത്തിന് അതേരീതിയില്‍ മറുപടി കൊടുത്ത് ഷോണ്‍ മാര്‍ഷും പീറ്റര്‍ ഹാന്‍ഡ്സ്കോമ്പും ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഓസ്ട്രേലിയക്ക് സമനില നല്‍കി. റാഞ്ചി ടെസ്റ്റിന്റെ അഞ്ചാംദിനം ഓസീസ് രണ്ടാം ഇന്നിങ്സില്‍ ആറിന് 204 റണ്ണെടുത്തു. കളി അവസാനിക്കുമ്പോള്‍ 52 റണ്ണിന്റെ ലീഡുണ്ടായിരുന്നു ഓസീസിന്. മൂന്നു മത്സരം കഴിഞ്ഞപ്പോള്‍ ഇരു ടീമുകളും 1-1ന് ഒപ്പമാണ്. നിര്‍ണായകമായ നാലാം ടെസ്റ്റ് 25ന് ധര്‍മശാലയില്‍ ആരംഭിക്കും. 

എട്ട് വിക്കറ്റ് ശേഷിക്കെ 129 റണ്‍ പിന്നിലായിരുന്നു അഞ്ചാംദിനം ഓസീസ്. തോല്‍വി ഒഴിവാക്കുക മാത്രമായിരുന്നു അവരുടെ ലക്ഷ്യം. ഹാന്‍ഡ്സ്കോമ്പും (200 പന്തില്‍ 72*) മാര്‍ഷും (197 പന്തില്‍ 53*) അത് ഭംഗിയായി നടപ്പാക്കി. 62 ഓവറുകള്‍ ഈ സഖ്യം നേരിട്ടു. 124 റണ്‍ നേടി. ഇന്ത്യയുടെ ഒന്നാം ഇന്നിങ്സില്‍ ഇരട്ടസെഞ്ചുറി കുറിച്ച ചേതേശ്വര്‍ പൂജാരയാണ് മാന്‍ ഓഫ് ദി മാച്ച്. സ്കോര്‍: ഓസ്ട്രേലിയ 451, 6-196; ഇന്ത്യ 9-603 ഡി. ഹാന്‍ഡ്സ്കോമ്പിനെ തുടക്കത്തില്‍ അശ്വിന്റെ പന്തില്‍ കരുണ്‍ നായര്‍ വിട്ടുകളഞ്ഞു. അതൊഴിച്ചാല്‍ അവസരങ്ങള്‍ നല്‍കിയില്ല ഹാന്‍ഡ്സ്കോമ്പും മാര്‍ഷും. ഇന്ത്യന്‍ നിരയില്‍ രവീന്ദ്ര ജഡേജ നാല് വിക്കറ്റ് വീഴ്ത്തി.

ക്യാപ്റ്റന്‍ സ്്റ്റീവന്‍ സ്മിത്തും മാറ്റ് റെന്‍ഷോയും ശ്രദ്ധിച്ചാണ് അഞ്ചാംദിനം തുടങ്ങിയത്. തലേദിനം രണ്ടു മികച്ച പന്തുകളില്‍ ഡേവിഡ് വാര്‍ണറുടെയും നതാന്‍ ല്യോണിന്റെയും കുറ്റി പിഴുത ജഡേജ അഞ്ചാംദിനവും അപകടകാരിയായിരുന്നു. വിള്ളല്‍ വീണ പിച്ചില്‍ ജഡേജയുടെ പന്തുകള്‍ കുത്തിത്തിരിഞ്ഞു. ഇടംകൈയന്‍മാര്‍ക്കായിരുന്നു കൂടുതല്‍ ബുദ്ധിമുട്ട്. പക്ഷേ, റെന്‍ഷോ സമര്‍ഥമായി ജഡേജയെ ചെറുത്തു. സ്മിത്ത് മോശം പന്തുകളെ മാത്രം ശിക്ഷിച്ചു മുന്നേറി. ആദ്യ ഒരു മണിക്കൂറില്‍ ഇന്ത്യന്‍ ബൌളര്‍മാരെ ഇരുവരും നിരാശപ്പെടുത്തി. കോഹ്ലി ജഡേജയെ ഒരറ്റത്തും മറുവശത്ത് പേസര്‍മാരായ ഇശാന്ത് ശര്‍മയ്ക്കും ഉമേഷ് യാദവിന് ഓവറുകള്‍ നല്‍കി. ആര്‍ അശ്വിന് അവസരം നല്‍കിയില്ല.

ഉച്ചഭക്ഷണത്തിന് തൊട്ടുമുമ്പാണ് ഇന്ത്യക്ക് ആശ്വാസം കിട്ടിയത്. നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ ഇശാന്ത് റെന്‍ഷോയെ വിക്കറ്റിന് മുന്നില്‍ കുരുക്കി. ഓവര്‍ എറിയാനെത്തിയ ഇശാന്തിന്റെ ആദ്യ പന്ത് നേരിടുംമുമ്പ് റെന്‍ഷോ മാറിക്കളഞ്ഞു. കലിവന്ന ഇശാന്ത് പന്ത് വലിച്ചെറിഞ്ഞു. ഇശാന്തും റെന്‍ഷോയും വാക്കേറ്റമുണ്ടായി. സ്മിത്തും ഇടപെട്ടു. അമ്പയര്‍മാരെത്തി രംഗം ശാന്തമാക്കുകയായിരുന്നു. മൂന്നാമത്തെ പന്ത് ബൌണ്‍സറായിരുന്നു. റെന്‍ഷോയുടെ ഹെല്‍മെറ്റിനുള്ളില്‍ കുടുങ്ങി. നാലാമത്തെ പന്ത് മറ്റൊരു ബൌണ്‍സര്‍. പ്രകോപനങ്ങള്‍ക്കൊടുവില്‍ ഫുള്‍ലെങ്ത് പന്തെറിഞ്ഞ ഇശാന്ത് റെന്‍ഷോയുടെ ഏകാഗ്രത കളഞ്ഞു.  റെന്‍ഷോ (84 പന്തില്‍ 15) വിക്കറ്റിന് മുന്നില്‍ കുരുങ്ങി പുറത്തായി.

അടുത്ത ഓവറില്‍ സ്മിത്തിന്റെ അബദ്ധം ഇന്ത്യക്ക് ഇരട്ടിവീര്യം നല്‍കി. ജഡേജയുടെ പന്ത് വിട്ടുകളയാനുള്ള ക്യാപ്റ്റന്റെ തീരുമാനം പിഴച്ചു. ജഡേജയുടെ പന്ത് സ്മിത്തിന്റെ (68 പന്തില്‍ 21) കുറ്റിയും പിഴുതുപോയി. ഇന്ത്യ ജയം മണത്തു. സ്കോര്‍ 4-63. ഓസീസ് 89 റണ്ണിന് പിന്നില്‍.

ഉച്ചഭക്ഷണത്തിനുശേഷം എളുപ്പത്തില്‍ തീര്‍ക്കാമെന്ന് കരുതി ഇറങ്ങിയ വിരാട് കോഹ്ലിയെയും സംഘത്തെയും ഹാന്‍ഡ്സ്കോമ്പും മാര്‍ഷും ചേര്‍ന്ന് നിരാശയിലേക്ക് തള്ളിവിട്ടു. കുത്തിത്തിരിയുന്ന പന്തുകളെ വിട്ടുകളഞ്ഞും ആക്രമിച്ചും ഇവര്‍ മുന്നേറി. ജഡേജയെ ബഹുമാനിച്ചു. അശ്വിനെ ആക്രമിച്ചു. ബൌളര്‍മാരെ മാറിമാറി പരീക്ഷിച്ചിട്ടും ഫലമുണ്ടായില്ല. നാലാംദിനം ഇന്ത്യക്കു വേണ്ടി പൂജാര-സാഹ സഖ്യം നടത്തിയ ബാറ്റിങ് മികവിന്റെ മറ്റൊരു രൂപമായിരുന്ന ഹാന്‍ഡ്സ്കോമ്പ്-മാര്‍ഷ് സഖ്യം നടത്തിയത്. സമനില ഉറപ്പിച്ച ശേഷമായിരുന്നു മാര്‍ഷിന്റെ പുറത്താകല്‍. ജഡേജയ്ക്ക് വിക്കറ്റ്. ഒന്നാം ഇന്നിങ്സിലെ സെഞ്ചുറിക്കാരന്‍ ഗ്ളെന്‍ മാക്സ്വെലിനെ (15 പന്തില്‍ 2) പെട്ടെന്ന് പുറത്താക്കിയെങ്കിലും ഓസീസ് അപകടമേഖല കഴിഞ്ഞിരുന്നു അപ്പോഴേക്കും. ഒടുവില്‍ അഞ്ചാംദിനത്തിലെ കളി അവസാനിപ്പിക്കാന്‍ 16 മിനിറ്റ് ശേഷിക്കെ ഓസീസ് ക്യാപ്റ്റന്‍ സ്മിത്ത് ഇന്നിങ്സ് ഡിക്ളയര്‍ ചെയ്തു. ഇന്ത്യ ബാറ്റ് ചെയ്യാന്‍ തയ്യാറായില്ല. ക്യാപ്റ്റന്‍മാര്‍ കൈകൊടുത്ത് സമനിലയുമായി പിരിഞ്ഞു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top