Top
22
Monday, January 2018
About UsE-Paper

3-ാം ഏകദിനം ഇന്ന്; പരമ്പര ആര്‍ക്ക്...?

Sunday Dec 17, 2017
വെബ് ഡെസ്‌ക്‌

വിശാഖപട്ടണം > മൂന്ന് കളിയുടെ ടെസ്റ്റ്പരമ്പര സ്വന്തമാക്കിയശേഷം ശ്രീലങ്കയുമായുള്ള ഏകദിന പരമ്പരയും നേടാനൊരുങ്ങി ഇന്ത്യ ഇന്നിറങ്ങുന്നു. വിജയകരമായ ഒരു കലണ്ടര്‍വര്‍ഷം പരമ്പര നേട്ടത്തോടെ അവസാനിപ്പിക്കാനാണ് താല്‍കാലിക ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ നേതൃത്വത്തില്‍ ഇന്ത്യയുടെ ലക്ഷ്യം. അതേസമയം ഇന്ത്യന്‍ മണ്ണില്‍ ആദ്യത്തെ ഏകദിന പരമ്പരയാണ് ലങ്കയുടെ യുവനിര സ്വപ്നംകാണുന്നത്. മുമ്പ് കളിച്ച ഒമ്പത് പരമ്പരയിലും ലങ്കയ്ക്ക് ഇന്ത്യയെ കീഴടക്കാനായില്ല. എട്ടെണ്ണത്തില്‍ തോറ്റു. ഒന്നില്‍ സമനിലകൊണ്ട് തൃപ്തിപ്പെട്ടു.

2015ല്‍ ദക്ഷിണാഫ്രിക്കയോട് തോറ്റശേഷം സ്വന്തം മണ്ണില്‍ ഇന്ത്യക്ക് പരമ്പര നഷ്ടപ്പെട്ടിട്ടില്ല. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് വിമാനംകയറുംമുമ്പ് ആ വിജയക്കുതിപ്പിന് അടിവരയിടാനുള്ള അവസരംകൂടിയാണ് ഇന്ത്യയുടെ മുന്നില്‍. വിശാഖപട്ടണത്തെ വൈഎസ്ആര്‍ സ്റ്റേഡിയത്തിലെ കളിക്കണക്കുകള്‍ ഇന്ത്യയുടെ ആ ലക്ഷ്യത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. കളിച്ച ഏഴു കളിയില്‍ ഒന്നില്‍ മാത്രമാണ് ഇവിടെ ആതിഥേയര്‍ തോറ്റത്. ഇവിടെ കളിച്ച അവസാന മത്സരത്തില്‍ ന്യൂസിലന്‍ഡിനെതിരെ കൂറ്റന്‍ ജയമായിരുന്നു ഇന്ത്യയുടേത്.

രണ്ടാം ഏകദിനത്തില്‍ ലങ്കയെ അടിമുടി തകര്‍ത്ത ജയത്തിനുശേഷം ഇന്ത്യയുടെ ആത്മവിശ്വാസം വാനോളം ഉയര്‍ന്നു. ധര്‍മശാലയിലെ അപ്രതീക്ഷിത തോല്‍വിക്ക് ഒത്ത മറുപടിയായി രോഹിതിന്റെ ഇരട്ടസെഞ്ചുറി തിളങ്ങിയ കളിയില്‍ ഇന്ത്യയുടെ ജയം.  യുവതാരം ശ്രേയസ് അയ്യരുടെയും ശിഖര്‍ ധവാന്റെയും ഇന്നിങ്സുകളും ആ ജയത്തിന് ചുക്കാന്‍പിടിച്ചു. ബൌളര്‍മാരുടെയും പ്രകടനം ഒപ്പത്തിനൊപ്പംനിന്നപ്പോള്‍ 140 റണ്ണിന്റെ വന്‍ ജയമാണ് ഇന്ത്യ കുറിച്ചത്.

എങ്കിലും നിര്‍ണായകമായ മത്സരത്തില്‍ ഇന്ത്യ കരുതലോടെയാകും ഇറങ്ങുക. ഒരു അട്ടിമറിക്ക് കെല്‍പ്പുള്ളവരാണെന്ന് ലങ്ക ആദ്യ മത്സരത്തില്‍ തെളിയിച്ചു. ആ കളി തോറ്റ രീതി രോഹിതിനെയും ടീമിനെയും പിടിച്ചുകുലുക്കിയിരുന്നു. അതുകൊണ്ടുതന്നെ രണ്ടാം ഏകദിനത്തില്‍ കരുതലോടെ തുടങ്ങി ആഞ്ഞടിക്കുകയായിരുന്നു ഇന്ത്യന്‍ ബാറ്റിങ്നിര. ബൌളിങ്ങില്‍ തളര്‍ന്നെങ്കിലും ബാറ്റിങ്ങില്‍ ലങ്ക ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. മുന്‍ ക്യാപ്റ്റന്‍ ഏഞ്ചലോ മാത്യൂസ് സെഞ്ചുറിയോടെ തിളങ്ങി. പരിക്ക് വിഷമിപ്പിക്കുന്നുണ്ടെങ്കിലും മൂന്നാം ഏകദിനത്തിനും മാത്യൂസ് ടീമിലുണ്ടാകുമെന്നത് ലങ്കയ്ക്ക് ആശ്വാസമായിട്ടുണ്ട്.

ബൌളര്‍മാരുടെ ശവപ്പറമ്പാണ് വൈഎസ്ആര്‍ സ്റ്റേഡിയം. പരമ്പരയിലെ ആദ്യ രണ്ടു കളിയിലും തിളങ്ങാനാകാതിരുന്ന സ്പിന്നര്‍മാരുടെ വിധി ഇവിടെയും വ്യത്യസ്തമാകില്ല. മീഡിയം പേസര്‍ നുവാന്‍ പ്രദീപിന് പകരം പേസര്‍ ദുഷ്മാന്ത ചമീരയെ ലങ്ക പരിഗണിച്ചേക്കും. അതേസമയം യുസ്വേന്ദ്ര ചഹാലിനെയും കുല്‍ദീപ് യാദവിനെയും നിലനിര്‍ത്തി ഇന്ത്യ പരീക്ഷണത്തിന് മുതിര്‍ന്നേക്കും.

Categories