26 September Wednesday

ലക്ഷ്യം ഭേദിച്ചു 3‐5‐2

വെബ് ഡെസ്‌ക്‌Updated: Monday Jun 25, 2018


"എതിരാളികൾ ദുർബലരാണെങ്കിലും അലസരാകരുത്, എത്രയും വേഗം ഗോളടിക്കണം''. ഇതായിരുന്നു പരിശീലകൻ ഗാരേത് സൗത്ഗേറ്റ് ആവശ്യപ്പെട്ടത്. എന്നാൽ, ഹാരി കെയ്നും കൂട്ടരും അടിച്ചുകൂട്ടിയത് പരിശീലകന്റെ പ്രതീക്ഷയ്ക്കും അപ്പുറം. ടുണീഷ്യക്കെതിരെ വിജയഗോളിന് അവസാനമിനിറ്റുവരെ കാക്കേണ്ടി വന്ന ഇംഗ്ലണ്ട് ഫിനിഷിങ്ങിലെ എല്ലാ കുറവും പരിഹരിച്ചു.ഈ ലോകകപ്പിൽ മികച്ചഫലം തന്നുകൊണ്ടിരിക്കുന്ന 3‐5‐2 ശൈലിയുടെ മുഴുവൻ ആക്രമണോത്സുകതയും ഇംഗ്ലീഷ് പ്രകടനത്തിൽ കണ്ടു.

ഫൈനൽ തേഡിൽ ഈ ലോകകപ്പിൽ ഒരു ടീമും ഇത്ര അനായാസവും കൃത്യതയാർന്നതുമായ പ്രകടനം കാഴ്ചവച്ചിട്ടില്ല. റഹിം സ്റ്റെർലിങ്ങിന്റെയും ജെസി ലിങ്ഗാർഡിന്റെയും അതിവേഗവും ചുറുചുറുക്കും ഹാരി കെയ്നിന്റെ കൗശലവും ശൈലിക്ക് പൂർണത നൽകി.സ്റ്റെർലിങ്ങിന്റെയും ലിങ്ഗാർഡിന്റെയും ഡ്രിബ്ലിങ്പാടവം പ്രതിരോധത്തെ ചിതറിച്ചു. ഇവരെ പിടിക്കാൻ കടുംകൈ പ്രയോഗിച്ചത് പെനൽറ്റിക്കും ഫ്രീകിക്കിനും വഴിവച്ചു.  പെനൽറ്റി ബോക്സിലെ ഒഴിഞ്ഞ ഇടങ്ങൾ തിരിച്ചറിഞ്ഞ് തക്കംപാർക്കാൻ റെമേലു ലുക്കാക്കുവിനേക്കാൾ മിടുക്കുണ്ടായിരുന്നു കെയ്നിന്.

  പ്രതിരോധത്തിൽ ആൾക്കൂട്ടം തീർത്താണ് പാനമ ബൽജിയത്തെ 45 മിനിറ്റ് പിടിച്ചുനിർത്തിയത്. എന്നാൽ, വിങ്ങുകളിലൂടെ കുതിച്ച ഇംഗ്ലണ്ട് അവരുടെ കണക്കുകൂട്ടൽ തെറ്റിച്ചു. പന്ത് അധികനേരം കാലിൽവെക്കാനൊന്നും ഇംഗ്ലീഷുകാർ മെനക്കെട്ടില്ല. ബോൾ പൊസഷനിലെ വ്യത്യാസം 57‐43 മാത്രം. പന്ത് കിട്ടിയാൽ വിങ്ങിലൂടെയും മധ്യത്തിലൂടെയും ഒരുപോലെ എതിർ ഗോൾമുഖത്തേക്ക് കുതിച്ചു. കുതിപ്പ് കണിശമായപ്പോൾ പാനമ വല നിറഞ്ഞു.മധ്യനിരയിൽ അഞ്ചുപേരെ അണിനിരത്തിയതോടെ ഈ മേഖലയിൽ ഭാവനാസമ്പന്നനായ ഒരു താരമില്ലെന്ന കുറവിന് പരിഹാരമായി. ഹെൻഡേഴ്സണിൽനിന്നാണ് ഗോളിലേക്ക് നീക്കങ്ങൾ തുടങ്ങിയത്. ലിങ്ഗാർഡും സ്റ്റെർലിങ്ങും ഈ പന്തുകളുമായി അതിവേഗം പെനൽറ്റിബോക്സിലെത്തി. ഡെലെ ആല്ലിക്കു പകരംവന്ന ലോഫ്റ്റസ് ചീക്കിന്റെ കൃത്യതയുള്ള പാസുകളും ഡ്രിബ്ലിങ് വൈദഗ്ധ്യവും മുതൽക്കൂട്ടായി.

മധ്യനിര കാര്യങ്ങൾ ഭംഗിയാക്കിയപ്പോൾ മുന്നേറ്റക്കാർ സ്വന്തം പകുതിയിലേക്ക് വരേണ്ടി വന്നില്ല. അവർ ഗോളടിയിൽ പരമാവധി ശ്രദ്ധിച്ചു. ജോലിഭാരം കുറവായിരുന്ന ഇംഗ്ലീഷ് പ്രതിരോധവും ഗോളടിക്കാനുള്ള മൂഡിലായിരുന്നു. സ്റ്റോപ്പർ ബാക്ക് ജോൺ സ്റ്റോൺസ് ചുളുവിൽ രണ്ട് ഗോളടിച്ചത് ഈ തക്കത്തിലാണ്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top