14 November Wednesday

ഇംഗ്ലീഷ് വസന്തം

വെബ് ഡെസ്‌ക്‌Updated: Monday Jun 25, 2018


മോസ്കോ

ലോകകപ്പിലെ നവാഗതരായ പാനമയെ ഒന്നിനെതിരെ ആറ് ഗോളിന് തരിപ്പണമാക്കി ഇംഗ്ലണ്ട് പ്രീക്വാർട്ടറിലേക്ക് കുതിച്ചു. ക്യാപ്റ്റൻ ഹാരി കെയ്ൻ ഹാട്രിക് കുറിച്ചു. പ്രതിരോധക്കാരൻ ജോൺ സ്റ്റോൺസ് രണ്ടും ജെസ്സി ലിങ്ഗാർഡ് ഒരു ഗോളുംനേടി. പാനമയുടെ ചരിത്രത്തിലെ ആദ്യ ലോകകപ്പ് ഗോൾ ക്യാപ്റ്റൻ ഫിലിപ് ബലോയ്യുടെ ബൂട്ടിൽ വിരിഞ്ഞു.  ഇംഗ്ലണ്ടിന്റെ ഏറ്റവും വലിയ ലോകമകപ്പ് വിജയമാണിത്. ഇടവേളയിൽ 5‐0ന് മുന്നിലായിരുന്നു.
 
ഗ്രൂപ്പ് ജിയിൽ ഒരു മത്സരം ബാക്കിയിരിക്കെ ഇംഗ്ലണ്ടിനൊപ്പം ബൽജിയവും അവസാന 16ലേക്ക് മുന്നേറി. ടുണീഷ്യയും പാനമയും പുറത്തായി. എട്ടാം മിനിറ്റിൽ ഗോളടിച്ച് ഇംഗ്ലീഷുകാർ പടയോട്ടം തുടങ്ങി. കെയ്രൻ ട്രിപ്പിയറിന്റെ കോർണർകിക്ക് ജോൺ സ്റ്റോൺസ് തകർപ്പൻ ഹെഡ്ഡറിലൂടെ വലയിലെത്തിച്ചു. ഒരു ഗോൾ വീണതോടെ രണ്ടുതവണ പാനമ ഇംഗ്ലീഷ് ഗോൾമുഖത്തെത്തി. എഡ്ഗർ ബർകനാസിന്റെ ഷോട്ട് പുറത്തുപേയി. കളിയുടെ പൂർണനിയന്ത്രണം ഏറ്റെടുത്ത ഇംഗ്ലണ്ടിനെ തളക്കാൻ പാനമക്കായില്ല. അവർ പരുക്കൻ കളി പുറത്തെടുത്തു. പെനൽറ്റി ബോക്സിൽ ലിങ്ഗാർഡിനെ പിടിച്ചിട്ടതിന് ഫിദൽ എസ്കോബാറിന് പിഴയായി റഫറി പെനൽറ്റി വിധിച്ചു. ഗോളിയെ അനങ്ങാൻപോലും അനുവദിക്കാതെ കെയ്നിന്റെ ഷോട്ട് പോസ്റ്റിന്റെ ഇടതുഭാഗത്ത് തറച്ചു.
 
22 മിനിറ്റിൽ രണ്ട് ഗോളടിച്ച ഇംഗ്ലണ്ട് അടുത്ത മൂന്ന് ഗോൾ നേടിയത് ഒമ്പത് മിനിറ്റിൽ. മൂന്നാം ഗോൾ ലിങ്ഗാർഡിന്റെ വൈഭവത്തിൽ നിന്നായിരുന്നു. പെനൽറ്റി ബോക്സിന്റെ പുറത്തുനിന്നും പ്രതിരോധക്കാർക്കും ഗോളിക്കും മുകളിലൂടെ തകർപ്പൻ ഷോട്ട്. കെയ്നും സ്റ്റെർലിങ്ങും തലയിൽനിന്നും തലയിലേക്ക് തട്ടിക്കൊടുത്ത പന്ത് സ്റ്റോൺസ് തലകൊണ്ടുതന്നെ വലയിലെത്തിച്ചതാണ് നാലാമത്തെ ഗോൾ.  1966ലെ ലോകകപ്പ് ഫൈനലിനുശേഷം ഇംഗ്ലണ്ട് ഒരു കളിയിൽ നാല് ഗോളടിക്കുന്നത് ആദ്യം. ഇംഗ്ലണ്ടിനെ പിടിക്കാൻ വീണ്ടും പാനമ കൈക്കരുത്ത് പ്രയോഗിച്ചപ്പോൾ റഫറി വീണ്ടും പെനൽറ്റിക്ക് വിസിലൂതി.

ട്രിപ്പിയറിന്റെ കോർണർകിക്കിനിടെ ബോക്സിൽ കെയ്നിനെ അനിബൽ ഗൊഡോയ് കെട്ടിപ്പിടിച്ച് നിലത്തിട്ടു. കെയ്നിന്റെ കിക്ക് മുമ്പത്തെ അതേ വേഗത്തിൽ, അതേ സ്ഥാനത്ത്. അഞ്ചാം ഗോളിനൊപ്പം ഇടവേളയായി. ഇംഗ്ലണ്ട് ഒരിക്കലും ആദ്യ പകുതിയിൽ അഞ്ചു ഗോളടിച്ചിട്ടില്ല. രണ്ടാം പകുതിയിൽ ഒരു ഗോളെങ്കിലും നേടണമെന്ന വാശിയിലും ആഗ്രഹത്തിലുമായിരുന്നു പാനമ. പലതവണ അവർ ഗോളിനടുത്തെത്തി. മഷേൽ മുറില്ലോ ഗോളിയെ മറികടന്നെങ്കിലും ഗോൾവരയിൽ സ്റ്റോൺസ് പന്ത് അടിച്ചകറ്റി. മറുപടിയായി വീണ്ടും ഗോളടിച്ച് ഇംഗ്ലണ്ട് ആധിപത്യമുറപ്പിച്ചു. ലോഫ്റ്റസ് ചീക്കിന്റെ കരുത്തുറ്റഷോട്ട് കെയ്നിന്റെ ബൂട്ടിൽതട്ടി വലയിലേക്ക്.

ഭാഗ്യഗോളിൽ കെയ്ൻ ഹാട്രിക് തികച്ചു. 1966ൽ ജെഫ് ഹേഴ്സ്റ്റും 1986ൽ ഗാരി ലിനേക്കറും ഹാട്രിക് നേടിയശേഷമുള്ള ലോകകപ്പിലെ ഇംഗ്ലീഷുകാരുടെ മൂന്നാമത്തെ ഹാട്രിക്.   ഗോളിനായുള്ള പാനമയുടെ നിരന്തരമായ ഇടപെടലിന് ഫലമുണ്ടായി. 78‐ാം മിനിറ്റിൽ ലഭിച്ച ഫ്രീകിക്കാണ് പാനമയുടെ ചരിത്രമായത്. റികാർഡോ അവിലയുടെ കിക്കിൽ ചാടിവീണ ഫിലിപ് ബലോയ് പാനമയുടെ ആദ്യ ലോകകപ്പ് ഗോൾ കുറിച്ചു. സന്തോഷം സഹിക്കവയ്യാതെ പാനമ ആരാധകർ തുള്ളിച്ചാടി. അവരുടെ സന്തോഷം ലോകകപ്പ് നേടിയപോലെയായിരുന്നു.

പ്രധാന വാർത്തകൾ
Top