15 November Thursday

ബ്രസീലും ഞെട്ടി; സ്വിറ്റ്‌സർലൻഡിനോട്‌ സമനില

വെബ് ഡെസ്‌ക്‌Updated: Monday Jun 18, 2018

മോസ്‌കോ > കനക കിരീടത്തിലേക്കുള്ള ബ്രസീലിന്റെ സ്വപ്ന യാത്രയ്ക്ക് സ്വിറ്റ്സർലൻഡിന്റെ ചുവപ്പുകൊടി. ഗ്രൂപ്പ് ഇയിലെ ആദ്യ കളിയിൽ സ്വിസുകാർ ബ്രസീലിനെ പിടിച്ചുകെട്ടി. ഫിലിപ് കുടീന്യോയുടെ മനോഹര ഗോളിന് സ്റ്റീവൻ സുബെറിന്റെ ഹെഡറിൽ സ്വിറ്റ്സർലൻഡ് മറുപടി. ജർമനി തോറ്റ, അർജന്റീന സമനിലയിൽ കുരുങ്ങിയ റഷ്യൻ ലോകകപ്പിൽ ബ്രസീലിനും നിരാശപ്പെടുത്തുന്ന തുടക്കം.

 നെയ്മറും ഗബ്രിയേൽ ജെസ്യൂസും കുടീന്യോയും വില്ലിയനും അണിനിരന്ന ബ്രസീൽ നിര. കാസെമിറോയും പൗളീന്യോയും കൂട്ടിന്. ടിറ്റെയുടെ സംഘം എല്ലാ തരത്തിലും ഒരുങ്ങി. ബ്രസീൽ മോഹിച്ചതുടക്കമായിരുന്നില്ല റോസ്റ്റോവ് അരീനയിൽ. പൗളീന്യോ തുടക്കത്തിൽ പാഴാക്കിയ അവസരത്തിനുശേഷം ബ്രസീൽ വിയർത്തു. അപ്രതീക്ഷിതമായി സ്വിസുകാർ ബ്രസീൽ പ്രതിരോധത്തിന് അതി സമ്മർദ്ദമുണ്ടാക്കി. പതുക്കെ ബ്രസീൽ കളിയിൽ മേധാവിത്തം നേടി. ജെസ്യൂസും നെയ്മറും വിടവുകളിലൂടെ പന്ത് പായിക്കാൻ തുടങ്ങി.

  ഇരുപതാം മിനിറ്റിൽ ബ്രസീൽ കാത്തിരുന്ന ഗോൾ. ഇടതുഭാഗമായിരുന്ന ആക്രമണകേന്ദ്രം. മാഴ്സെലോ നയിച്ചു. ക്രോസ് സ്വിസ് ബോക്സിലേക്ക്. സ്വിസ് പ്രതിരോധം പന്ത് തട്ടിയകറ്റി. ബോക്സിന് പുറത്ത് കുടീന്യോയുടെ കാലുകളിലേക്ക്.  ഈ ബാഴ്സലോണക്കാരൻ ഗോളിലേക്കുള്ള വഴി കണ്ടു. ഇടതുഭാഗം തെളിഞ്ഞു. 25വാര അകലെവച്ച് കുടീന്യോ പന്തിലേക്ക് കാൽതൊടുത്തു. വലയുടെ വലതുഭാഗത്തേക്ക് സ്വിസ് ഗോളി സോമ്മെർക്ക് ഒരു അവസരവും കൊടുക്കാതെ പന്ത് വലയ്ക്കുള്ളിലേക്ക് പറന്നിറങ്ങി. ബ്രസീൽ ആഘോഷിച്ചു, സ്വിസുകാർ പരിഭ്രമിച്ചു. നെയ്മറും കുടീന്യോയും ചേർന്ന് സ്വിസ് പ്രതിരോധനിരയെ പരീക്ഷിച്ചുകൊണ്ടിരുന്നു. നെയ്മറെ നിയന്ത്രിക്കാൻ സ്വിസ് കോച്ച് പെട്കോവിച്ച് വ്്ളാദിമിർ ബെഹ്റാമിയെ ചുമതലപ്പെടുത്തി.

  ഇടവേളയ്ക്കുശേഷം സ്വിസുകാർ തന്ത്രങ്ങളിൽ മാറ്റംവരുത്തി. ആക്രമണത്തിന് പ്രത്യാക്രമണമാണ് മറുവഴിയെന്ന് അവർ തീർച്ചപ്പെടുത്തി. രണ്ടാംപകുതിയുടെ തുടക്കം മുതൽ സ്വിസ് നിര മുന്നേറി. ഷെർദാൻ ഷക്കീരിയും ഗ്രാനിഷ് ഷാക്കയും ആക്രമണത്തിന് ഇറങ്ങി. ആദ്യപകുതിയിൽ മുനയൊടിഞ്ഞ സ്വിസ് നിരയുടെ ഗംഭീര തിരിച്ചുവരവ്. രണ്ടാംപകുതി തുടങ്ങി അഞ്ച് മിനിറ്റിനുള്ളിൽ സ്വിസുകാർ തിരിച്ചടിച്ചു. ബ്രസീലിന്റെ പ്രതിരോധപ്പിഴവിൽനിന്ന് ഗോൾ. ഷക്കീരിയുടെ കോർണർ ബ്രസീൽ ബോക്സിലേക്ക്. ബ്രസീലിന്റെ ആറ് പേർ ബോക്സിനുള്ളിൽ. പക്ഷേ, സുബെർ സ്വതന്ത്രനായിരുന്നു. ആരും മാർക്ക് ചെയ്യാനുണ്ടായിരുന്നില്ല. അനായാസം സുബെർ തലവച്ചു. ഗോൾ കീപ്പർ ബെക്കറെ കീഴടക്കി പന്ത് വലയിൽ. ബ്രസീൽ ഞെട്ടി.

 തിരിച്ചടിക്കാൻ ആഞ്ഞുശ്രമിച്ചു ബ്രസീൽ. നെയ്മറിനും കുടീന്യോയ്ക്കും സമ്മർദ്ദം ഇരട്ടിച്ചതല്ലാതെ സ്വിസ് പ്രതിരോധ നിരയെ പരീക്ഷിക്കാനായില്ല. കാസെമിറോയ്ക്ക് പകരം െഫർണാണ്ടീന്യോയെത്തി. ജെസ്യൂസിന് പകരം ഫിർമിനോ, പൗളീന്യോയ്ക്ക് പകരം റാഫേൽ അഗുസ്റ്റോ. ടിറ്റെ പരീക്ഷണങ്ങൾ നടത്തി. സമനില കുരുക്കഴിക്കാനായില്ല ബ്രസീലിന്. പ്രതീക്ഷയുടെ തുടക്കം സമനിലയിൽ അവസാനിപ്പിച്ചു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top