15 December Saturday

തോറ്റു: പക്ഷെ ടിറ്റെ ടീമിനെ മാറ്റി

വെബ് ഡെസ്‌ക്‌Updated: Sunday Jul 8, 2018


തോറ്റിട്ടും വിജയിക്കുന്ന അപൂർവതയാണ് ബ്രസീൽ പരിശീലകൻ ടിറ്റെ. 'എന്നിൽ വേദന നിറഞ്ഞുനിൽക്കുന്നുണ്ട്. പക്ഷേ, എനിക്കിപ്പോഴും ആ മത്സരത്തെ വിലയിരുത്താൻകഴിയും'‐ ടിറ്റെ പറയുന്നു.

2002നുശേഷം ആദ്യമായാണ് ബ്രസീൽ ബ്രസീലിനെപ്പോലെ കളിച്ചത്. സംഘബോധത്തോടെ പന്ത് തട്ടിയത്. അഴകുള്ള ചലനങ്ങൾ കണ്ടത്. ലോകജേതാക്കളുടെ ശരീരഭാഷ ഉണ്ടായിരുന്നു ബ്രസീലിന്. 2002ൽ ലോകചാമ്പ്യൻമാരായ ടീം ബ്രസീലിന്റെ 20 വർഷത്തിനിടയിലെ മികച്ച സംഘമായിരുന്നു. അതിനെക്കാൾ മികവുണ്ടായിരുന്നു ടിറ്റെയുടെ കൂട്ടത്തിന്. ലോകകിരീടം പക്ഷേ, വഴുതിപ്പോയി. ഒറ്റത്തോൽവിയിൽ ടിറ്റെയും ബ്രസീലും ഇല്ലാതാകുന്നില്ല.
ടിറ്റെ ടീമിനെ ആധുനികവൽകരിച്ചു. ഒറ്റപ്പെട്ടു കിടക്കുകയായിരുന്നു ബ്രസീൽ ഫുട്ബോൾ. ബ്രസീലിന് പുറത്തുനിന്നുള്ള ഒന്നിനെയും ടിറ്റെയുടെ മുൻഗാമികളായ ലൂയിസ് ഫിലിപ് സ്കൊളാരിയും സ്വീകരിച്ചില്ല. ടിറ്റെ അങ്ങനെയായിരുന്നില്ല. കൊരിന്ത്യൻസിലുള്ളപ്പോൾ അവധിയെടുത്ത് യൂറോപ്യൻരാജ്യങ്ങൾ സന്ദർശിച്ചു. അവരുടെ കളിരീതി കണ്ടു, പഠിച്ചു, സ്വാംശീകരിച്ചു. തിരിച്ചെത്തി കൊരിന്ത്യൻസിനെ വിജയപഥങ്ങളിലേക്കു നയിച്ചു. കോപ അമേരിക്ക സെന്റിനാറിയോയിൽ പെറുവിനോടു തോറ്റ് ബ്രസീൽ ആദ്യറൗണ്ടിൽ പുറത്തായപ്പോൾ ടിറ്റെയ്ക്കായി ചുമലതല. ചുമതലയേറ്റെടുത്ത് 26 മത്സരങ്ങൾ ടിറ്റെ പൂർത്തിയാക്കി. തോറ്റത് രണ്ടെണ്ണം. വഴങ്ങിയത് വെറും എട്ട് ഗോൾ. ഒരു മത്സരത്തിൽ രണ്ട് ഗോൾ വഴങ്ങിയത് ഒരുതവണ. ലോകകപ്പ് ക്വാർട്ടറിൽ ബൽജിയത്തോടായിരുന്നു അത്. 26 മത്സരങ്ങളിൽ 53 ഗോൾ ബ്രസീൽ നേടി.

പ്രതിരോധത്തെ ഭദ്രമാക്കി, മുന്നേറ്റത്തെ സ്വതന്ത്രമാക്കി. ടീം സന്തുലിതമായി. ടിറ്റെയുടെ ഏറ്റവും വലിയ ലക്ഷ്യവും മന്ത്രവും അതായിരുന്നു. കളിക്കാരോട് ഉള്ളുതുറന്ന് സംസാരിച്ചു. അവർക്കൊപ്പം തമാശകൾ പറഞ്ഞ് പൊട്ടിച്ചിരിച്ചു. അവർ കളിക്കുന്ന ക്ലബ്ബുകളിൽ ചെന്ന് പരിശീലകരോട് സംസാരിച്ചു. ഓരോ കളിക്കാരന്റെയും ഇഷ്ടങ്ങൾ മനസ്സിലാക്കി. സൂപ്പർതാരങ്ങളല്ല, ഒറ്റച്ചരടിലെ മുത്തുകളാണ് വേണ്ടതെന്ന് ടിറ്റെ തീരുമാനിച്ചു. നെയ്മറെ അമിതമായി ആശ്രയിക്കുന്ന സ്വഭാവം മാറ്റി. തന്ത്രങ്ങളിൽ പിഴവുണ്ടായില്ല. ബൽജിയത്തിനെതിരെ വില്ലിയനു പകരം ഡഗ്ലസ് കോസ്റ്റയും ഗബ്രിയേൽ ജെസ്യൂസിന് പകരം റോബർട്ടോ ഫിർമിനോയും ഇറങ്ങിയിരുന്നെങ്കിൽ എന്ന ചർച്ചയുണ്ടായി. അതൊന്നും ടിറ്റെയെ ബാധിക്കില്ല.

പ്രധാന വാർത്തകൾ
Top