18 June Monday
പ്രീക്വാര്‍ട്ടര്‍, ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ കൊച്ചിയില്‍ നടക്കും

ഫിഫ അണ്ടര്‍ 17 ലോകകപ്പ്: ആവേശം വാനോളം ഉയരുന്നു; കൊച്ചിയില്‍ തീപാറിക്കാന്‍ ബ്രസീലും സ്‌പെയിനും ഏഴിന് കളത്തിലിറങ്ങും

വെബ് ഡെസ്‌ക്‌Updated: Thursday Sep 14, 2017

കൊച്ചി > ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ഇന്ത്യയില്‍ കൊച്ചി, ഡല്‍ഹി, ഗോവ, മുംബൈ, കൊല്‍ക്കത്ത, ഗുവാഹത്തി എന്നീ കേന്ദ്രങ്ങളില്‍ വെച്ച് 2017 ഒക്‌ടോബര്‍ 6 മുതല്‍ 28 വരെ നടക്കും. കൊച്ചിയില്‍ ഒക്‌ടോബര്‍ 7, 10, 13, 18, 22 തീയതികളിലായാണ് മത്‌സരങ്ങള്‍ നടക്കുക. ഒക്ടോബര്‍ ഏഴിന് നടക്കുന്ന മത്‌സരത്തില്‍ വമ്പന്‍മാരായ  ബ്രസീലും സ്‌പെയിനും ഏറ്റുമുട്ടും. രണ്ട് മത്‌സരങ്ങളാണ് എഴിനുള്ളത്. രാത്രി എട്ടിന് നടക്കുന്ന മത്‌സരത്തില്‍ ദക്ഷിണ കൊറിയ നൈജറിനെ നേരിടും.  മറ്റ് മത്‌സരങ്ങള്‍ ഇങ്ങനെ;

ബ്രസീല്‍ വേഴ്‌സസ് സ്‌പെയില്‍ ( 07/10/2017 ) വൈകുന്നേരം 5 മണി; ദ. കൊറിയ വേഴ്‌സസ് നൈജര്‍ ( 07/10/2017) രാത്രി 8 മണി; സ്‌പെയിന്‍  വേഴ്‌സസ് നൈജര്‍    (10/10/2017) വൈകുന്നേരം 5 മണി; ദ. കൊറിയ വേഴ്‌സസ് ബ്രസീല്‍ (10/10/2017) രാത്രി 8 മണി; ഗിനിയ വേഴ്‌സസ് ജര്‍മനി (13/10/2017)  വൈകുന്നേരം 5 മണി; സ്‌പെയിന്‍  വേഴ്‌സസ് ദ. കൊറിയ (13/10/2017) രാത്രി 8 മണി.

    18ാം തീയതി പ്രീ ക്വാര്‍ട്ടര്‍ മത്‌സരത്തിനും, 22 ാം തീയതി ക്വാര്‍ട്ടര്‍ ഫൈനല്‍ മത്‌സരത്തിനും കൊച്ചി വേദിയാകും. ഇതിന്റെ വിജയകരമായ നടത്തിപ്പിനു വേണ്ടി കേരള മുഖ്യമന്ത്രി ചെയര്‍മാനായും, സംസ്ഥാന കായിക വകുപ്പ് മന്ത്രി വര്‍ക്കിംഗ് ചെയര്‍മാനുമായി സംഘാടക സമിതി രൂപീകരിച്ചിട്ടുണ്ട്. ലോകകപ്പ് ഫുട്‌ബോളിന്റെ പ്രചാരണത്തിന് വേണ്ടി കേരള സ്‌റ്റേറ്റ്‌ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും, കായിക യുവജന കാര്യാലയത്തിന്റെയും നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. വണ്‍ മില്ല്യണ്‍ ഗോള്‍, (2) ദീപശിഖാ റിലേ ബോള്‍ റണ്‍, (3) സെലിബ്രിറ്റി ഫുട്‌ബോള്‍ മത്‌സരങ്ങള്‍ എന്നിവയാണ് ഇതില്‍ പ്രധാനപ്പെട്ടവ

വണ്‍ മില്ല്യ ഗോള്‍


2017 സെപ്‌തംബര്‍ 27 ന് വൈകുന്നേരം 3 മണി മുതല്‍ 7 മണി വരെ കേരളത്തിലെ 941 ഗ്രാമ പഞ്ചായത്തുകളിലും, 87 മുനിസിപ്പാലിറ്റികളിലും, 6 കോര്‍പ്പറേഷനുകളിലും വിവിധ സ്‌കൂള്‍/കോളേജ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമായി പൊതുജന പങ്കാളിത്തത്തോടെ ഒരു മില്ല്യണ്‍ (പത്തു ലക്ഷം) ഗോളുകള്‍ അടിക്കുന്നു. ഇതിലൂടെ വ്യത്യസ്ത പ്രായപരിധിയിലുള്ള പരമാവധി ആളുകളെ ഫിഫ ലോകകപ്പിനെക്കുറിച്ച് ബോധവാന്മാരാക്കുക എന്നതാണ് ലക്ഷ്യം. ഈ ലക്ഷ്യം കൈവരിക്കുന്നതിലേക്കായി കുറഞ്ഞത് ഓരോ ഗ്രാമ പഞ്ചായത്തുകളിലും രണ്ട് കേന്ദ്രവും, 2,000 ഗോളുകളും; ഓരോ മുനിസിപ്പാലിറ്റികളിലും 10 കേന്ദ്രങ്ങളും 10,000 ഗോളുകളും; ഓരോ കോര്‍പ്പറേഷനുകളിലും 15 കേന്ദ്രങ്ങളും 15,000 ഗോളുകളും; എന്നിങ്ങനെയാണ് ഉദ്ദേശിക്കുന്നത്.


പരിപാടിയിലേക്ക് ആവശ്യമായി ലെവന്‍സ് / സെവന്‍സ് / ഫൈവ്‌സ് ഗോള്‍പോസ്‌റ്റുകള്‍ ഇതിനുവേണ്ടി ഉപയോഗിക്കാവുന്നതാണ്. നിലവിലുളള ഗോള്‍പോസ്‌റ്റുകളോ, താല്‍ക്കാലികമായി ക്രമീകരിക്കുന്ന ഗോള്‍പോസ്‌റ്റുകളോ ഇതിലേക്കായി ഉപയോഗിക്കാവുന്നതാണ്. ഒരു വ്യക്തിയ്ക്ക് ഒരു ഗോള്‍ മാത്രമേ അനുവദിക്കുകയുള്ളു. ഗോള്‍ കീപ്പര്‍ ഉണ്ടായിരിക്കുതന്നല്ല. ഓരോ കേന്ദ്രങ്ങളിലേയും ഗോളുകളുടെ എണ്ണം തിട്ടപ്പെടുത്തുവാന്‍ ഒരു വോളന്റിയറെ ചുമതലപ്പെടുത്തേണ്ടതാണ്. മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ഗോളുകളുടെ എണ്ണം തിട്ടപ്പെടുത്തുന്നതാണ്. പെനാല്‍റ്റി സ്‌പോട്ടില്‍ നിന്നാണ് കിക്കുകള്‍ എടുക്കേണ്ടത്. ഏറ്റവും കൂടുതല്‍ ഗോളുകള്‍ അടിക്കുന്ന ജില്ല/ ഗ്രാമ പഞ്ചായത്ത്/ മുനിസിപ്പാലിറ്റി/ കോര്‍പ്പറേഷന്‍ എന്നിവയ്ക്ക് പ്രത്യേക സമ്മാനം നല്‍കുന്നതാണ്.

ഇതു കൂടാതെ ഏറ്റവും കൂടുതല്‍ ഗോള്‍ അടിച്ച സെന്ററിനും സമ്മാനം ഉണ്ടാകും. മുകളില്‍ പറഞ്ഞ രൂപത്തില്‍ സജ്ജീകരിയ്‌ക്കുന്ന കേന്ദ്രങ്ങളുടെ വിവരവും ചുമതലപ്പെടുത്തുന്ന വോളന്റിയര്‍മാരുടെ വിശദാശംങ്ങളും സെപ്തംബര്‍ 20 ന് മുമ്പ് അതാത് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലുകള്‍ തയ്യാറാക്കും. ഓരോ ജില്ലയിലും കേന്ദ്രീകൃത വീഡിയോ വാള്‍ സ്ഥാപിക്കുവാന്‍ ഒരു കേന്ദ്രം സജ്ജികരിക്കുന്നതാണ്.

ദീപശീഖാ റിലേ


ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ മത്‌സര പ്രചരണാര്‍ത്ഥം കാസര്‍ഗോഡ് ജില്ലയില്‍ നിന്നും ദീപശിഖ റിലേ നടത്തുന്നതാണ്. പ്രമുഖ ഫുട്‌ബോള്‍ താരങ്ങളായ അര്‍ജ്ജുന അവാര്‍ഡ് ജേതാവ് ശ്രീ.ഐ.എം.വിജയന്‍, ശ്രീ.സി.കെ.വിനീത് എന്നിവര്‍ റിലേക്ക് നേതൃത്വം നല്‍കുന്നതാണ്. ഒക്‌ടോബര്‍  3ാം തീയതി രാവിലെ 9 മണിക്ക് കാസര്‍ഗോഡ് നിന്നാരംഭിച്ച് വടക്കന്‍ ജില്ലകളില്‍ പര്യടനം നടത്തി ഒക്‌ടോബര്‍ 6ാം തീയതി കൊച്ചിയില്‍ എത്തിച്ചേരും. ഡിസ്‌പ്ലേ വാഹനങ്ങള്‍, എക്‌സിബിഷന്‍ വാഹനങ്ങള്‍ എന്നിവ ദീപശിഖ റിലേയുടെ വാഹന വ്യൂഹത്തില്‍ ഉള്‍പ്പെടുന്നതാണ്. ഓരോ ദിവസത്തെയും സമാപനത്തില്‍ പ്രത്യേക ചടങ്ങുകള്‍ സംഘടിപ്പിക്കും. അതാത് ജില്ലയിലെ കായിക താരങ്ങള്‍, പഴയ കായിക താരങ്ങള്‍, സാംസ്‌കാരിക നായകന്‍മാര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.ബോള്‍ റണ്‍


തിരുവനന്തപുരം ജില്ലയിലെ കളിയിക്കാവിളയില്‍ നിന്നും ഒക്‌ടോബര്‍ 3ാം തീയതി രാവിലെ 9 മണിക്ക് ആരംഭിച്ച് ഫുട്‌ബോള്‍ കൈമാറി തെക്കന്‍ ജില്ലകളില്‍ പര്യടനം നടത്തി ഒക്‌ടോബര്‍ 6ാം തീയതി കൊച്ചിയില്‍ സമാപിക്കുന്നതാണ്. ബോള്‍ റണ്‍ പ്രമുഖ ഫുട്‌ബോള്‍ കായിക താരങ്ങളായ ശ്രീ. ജിജു ജേക്കബ്, ശ്രീ.എം.രാജീവ് കുമാര്‍, ശ്രീ. വി. പി ഷാജി എന്നിവരുടെ നേതൃത്വത്തിലായിരിക്കും നടക്കുന്നത്.

 സെലിബ്രിറ്റി ഫുട്‌ബോള്‍ മത്സരങ്ങള്‍

ഫിഫ അണ്ടര്‍ 17 ഫുട്‌ബോള്‍ മത്സരങ്ങളോട് അനുബന്ധിച്ച് സമൂഹത്തിലെ വിവിധ മേഖലയിലെ പ്രമുഖ വ്യക്തികളുടെ ടീമുകള്‍ പങ്കെടുക്കുന്ന 3 സെലിബ്രിറ്റി ഫുട്‌ബോള്‍ മത്‌സരങ്ങള്‍ സംഘടിപ്പിക്കും. 

 1.ചീഫ് മിനിസ്റ്റേഴ്‌സ് ഇലവന്‍ വേഴ്‌സസ് സ്പീക്കേഴ്‌സ് ഇലവന്‍
 2. സിവില്‍ സര്‍വ്വീസസ് എ ടീം വേഴ്‌സസ് സിവില്‍ സര്‍വ്വീസസ് ബി ടീം
 3. മീഡിയ എ ടീം വേഴ്‌സസ് മീഡിയ ബി ടീം

ഈ മത്സരങ്ങള്‍ തിരുവനന്തപുരം കോഴിക്കോട് ജില്ലകളില്‍ വെച്ച് നടത്തുവാന്‍ തീരുമാനിച്ചു. തീയതി നിശ്‌ചയിക്കുന്നതാണ്. ഫിഫ അണ്ടര്‍ 17 ഫുട്‌ബോള്‍ മത്‌സരത്തിന്റെ പ്രധാന വേദിയായ ജവഹര്‍ലാല്‍ നെഹ്‌റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയവും, പരിശീലന വേദികളായ പനമ്പളളി നഗര്‍ സ്‌പോര്‍ട്‌സ് കൗസില്‍ സ്റ്റേഡിയവും, മഹാരാജാസ് കോളേജ് സ്റ്റേഡിയവും, ഫോര്‍ട്ട് കൊച്ചി വേളി സ്റ്റേഡിയവും, പരേഡ് ഗ്രൗണ്ടും സജ്ജമായിട്ടുണ്ട്. മേല്‍ സൂചിപ്പിച്ച പരിപാടികളുടെ വിശദാംശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ വിവിധ വകുപ്പുകള്‍ക്ക് കായിക വകുപ്പില്‍ നിന്നും പ്രത്യേകം നല്‍കുന്നതാണ്.

വേള്‍ഡ് കപ്പിന് സ്വീകരണം
   
സെപ്തംബര്‍ 22 ന് കൊച്ചിയില്‍ എത്തിച്ചേരുന്ന ഫിഫ അണ്ടര്‍ 17 ലോക കപ്പിന് (ട്രോഫി) ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ വെച്ച് സ്വീകരണം നല്‍കുന്നു. തുടര്‍ന്ന് 23ാം തീയതി കൊച്ചിയിലെ വിവിധ സ്‌കൂളുകളില്‍ പ്രദര്‍ശന പര്യടനം നടത്തിയതിന് ശേഷം 24 ന് ഫോര്‍ട്ട് കൊച്ചിയിലെ വാസ്‌കോഡ ഗാമ സ്‌ക്വയറില്‍ കലാപരിപാടികളോടെ സമാപിപിക്കും 

പ്രധാന വാർത്തകൾ
Top