18 November Sunday

ലുക്കാക്കുവിന്റെ ഇരട്ട ഗോളിൽ ആധികാരിക വിജയവുമായി ബൽജിയം; പാനമയെ തകർത്തത് എതിരില്ലാത്ത മൂന്ന്‌ ഗോളുകൾക്ക്‌

വെബ് ഡെസ്‌ക്‌Updated: Monday Jun 18, 2018

മോസ്‌കോ > പാനമയെ മറുപടിയില്ലാത്ത മൂന്നു ഗോളിന് തകര്‍ത്ത് ബല്‍ജിയം ലോകകപ്പ്‌ അരങ്ങേറ്റം ആധികാരികമാക്കി. സ്‌ട്രൈക്കര്‍ റൊമേലു ലുക്കാക്കുവിന്റെ ഇരട്ടഗോളാണ് ബല്‍ജിയം വിജയത്തിന്റെ സവിശേഷത. ഡ്രെയ്‌സ് മെര്‍ടന്‍സാണ് ആദ്യ ഗോൾ നേടിയത്‌. 

ആദ്യ പകുതിയില്‍ ബല്‍ജിയത്തിനെ ഗോളടിക്കാതെ നവാഗതരായ പാനമ പൂട്ടിയിട്ടു. നിരവധി അവസരങ്ങളുണ്ടായിട്ടും ബെൽജിയത്തിന്‌ ലക്ഷ്യം കാണാനായില്ല. എന്നാൽ രണ്ടാം പകുതിയിൽ മറ്റൊരു ബൽജിയത്തെയാണ്‌ കളത്തിൽ കണ്ടത്‌. രണ്ടാം പകുതിയുടെ തുടക്കത്തിൽത്തന്നെ അവർ ലക്ഷ്യം കണ്ടു. 47ാം മിനിറ്റിൽ മെർടൻസ്‌ പാനമ പ്രതിരോധത്തിന്റെ നെഞ്ചുപിളർത്തി.

തുടർന്ന്‌ രണ്ട്‌ ഗോളുകൾ നേടി ലുക്കാക്കു ബൽജിയത്തിന്റെ വിജയം രാജകീയമാക്കി. കെവിൻ ഡി ബ്രുയ്‌ന്റെ ക്രോസിൽ തലവെച്ച്‌ 69ാം മിനിറ്റിലായിരുന്നു ലുക്കാക്കുവിന്റെ ആദ്യ ലോകകപ്പ്‌ ഗോൾ. 75 മിനിറ്റിൽ പന്തുമായി മുന്നേറിയ ലുക്കാക്കു പാനമ ഗോൾകീപ്പറെ നേർക്കുനേർ മറികടന്നു. മനോഹരമായൊരു ഫിനിഷിലൂടെ രണ്ടാമതും ഗോൾവല ചലിപ്പിച്ചകൊണ്ട്‌ ലുക്കാക്കു ബൽജിയത്തിന്റെ വിജയമുറപ്പിച്ചു. 

വമ്പൻടീമുകൾക്കെല്ലാം കാലിടറിയ ലോകകപ്പിൽ ആധികാരിക ജയം നേടിയ ഏക വമ്പൻ ടീമായി ബൽജിയം. ഇന്ന്‌ രാത്രി 11.30ന്‌ ടുണീഷ്യയെ നേരിടുന്ന ഇംഗ്ലണ്ടാണ്‌ ഇന്ന്‌ ആദ്യമത്സരം കളിക്കുന്ന മറ്റൊരു പ്രമുഖ ടീം.
 

മറ്റു വാർത്തകൾ
Top