14 December Friday

പരമ്പര മുടങ്ങാതിരിക്കാൻ ബിസിസിഐ പണം വാഗ‌്ദാനം ചെയ‌്തു: ബ്രാവോ

വെബ് ഡെസ്‌ക്‌Updated: Sunday Nov 18, 2018

ട്രിനിഡാഡ‌് > ഇന്ത്യയിൽ നടന്ന ഏകദിന പരമ്പരയിൽനിന്ന‌് പിന്മാറാതിരിക്കാൻ ബിസിസിഐ പണം വാഗ‌്ദാനം ചെയ‌്തുവെന്ന‌് വെസ‌്റ്റിൻഡീസ‌് ക്രിക്കറ്റ‌് താരം ഡ്വയ‌്ൻ ബ്രാവോയുടെ വെളിപ്പെടുത്തൽ. 2014ൽ ആണ‌് സംഭവം. അന്ന‌് വിൻഡീസ‌് ക്രിക്കറ്റ‌് ബോർഡുമായുള്ള കരാർ തർക്കത്തെ തുടർന്ന‌് ടീമംഗങ്ങൾ പരമ്പരയിൽനിന്നു പിൻവാങ്ങാൻ തീരുമാനിച്ചിരുന്നു. ഇതൊഴിവാക്കാൻ അന്നത്തെ  ബിസിസിഐ പ്രസിഡന്റ‌് എൻ ശ്രീനിവാസൻ പണം വാഗ‌്ദാനം ചെയ‌്തുവെന്നാണ‌് ബ്രാവോ വെളിപ്പെടുത്തിയത‌്. അടുത്തിടെ അന്താരാഷ‌്ട്ര ക്രിക്കറ്റിൽനിന്നു വിരമിച്ച ബ്രാവോ ട്രിനിഡാഡ‌് ആൻഡ‌് ടൊബാഗോയിലെ ഒരു റേഡിയോയിൽ സംസരിക്കവെയാണ‌് ഇക്കാര്യം പറഞ്ഞത‌്. 

ഫോൺ സന്ദേശത്തിലൂടെയായിരുന്നു വാഗ‌്ദാനം. പുലർച്ചെ മൂന്നിനാണ‌് സന്ദേശം വന്നത‌്. അന്ന‌് ശ്രീനിവാസന്റെ ഉടമസ്ഥതയിലുള്ള ഐപിഎൽ ടീം ചെന്നൈ സൂപ്പർ കിങ‌്സിന്റെ താരം കൂടിയായിരുന്നു ബ്രാവോ. രാവിലെ എഴുന്നേറ്റപ്പോൾ സഹതാരങ്ങളോട‌് കളിക്കാൻ സമ്മർദം ചെലുത്തി. എന്നാൽ, ആരും തയ്യാറായില്ലെന്നും ബ്രാവോ പറഞ്ഞു. ഒത്തുതീർപ്പു ചർച്ചകൾക്കൊടുവിൽ  മൂന്നു മത്സരങ്ങൾ അന്നു ടീം കളിച്ചു. പിന്നീട‌് പരമ്പരയിൽനിന്നു പിന്മാറി.

ബിസിസിഐ തങ്ങളുടെ പ്രശ‌്നങ്ങൾ തിരിച്ചറിഞ്ഞ‌് പിന്തുണച്ചതായി ബ്രാവോ പറഞ്ഞു. എന്നാൽ, അത്തരം ഒരു ഒത്തുതീർപ്പിന‌് ടീം തയ്യാറായിരുന്നില്ല. സ്വന്തം ബോർഡ‌് തന്നെ പ്രശ‌്നം പരിഹരിക്കണമെന്നായിരുന്നു ടീമംഗങ്ങളുടെ തീരുമാനം.


പ്രധാന വാർത്തകൾ
Top