13 December Thursday

ഏഷ്യാ കപ്പ്: ഇന്ത്യക്ക് അനായാസ ജയം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 19, 2018

ദുബായ് > ഏഷ്യാകപ്പിലെ കരുത്തരുടെ പോരാട്ടത്തില്‍ ഇന്ത്യയ്‌ക്ക് പാകിസ്ഥാനെതിരെ അനായാസ ജയം. എട്ടു വിക്കറ്റിനാണ് മുന്‍ ചാമ്പ്യന്‍മാരായ പാകിസ്ഥാനെ ഇന്ത്യ തകര്‍ത്തത്. ആദ്യം ബാറ്റു ചെയ്‌ത‌ പാകിസ്ഥാന്‍ 43.1 ഓവറില്‍ 162 റണ്ണില്‍ ഒതുങ്ങി. മറുപടിക്കിറങ്ങിയ ഇന്ത്യ 21 ഓവര്‍ ബാക്കിനില്‍ക്കെ ലക്ഷ്യം മറികടന്നു.

മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ ഭുവനേശ്വര്‍ കുമാര്‍, കേദാര്‍ ജാദവ് എന്നിവരാണ് പാക്കിസ്ഥാനെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്. ഏഴ് ഓവറില്‍ ഭുവനേശ്വര്‍ 15 റണ്‍ മാത്രമാണ് വഴങ്ങിയത്. ജാദവ് ഒമ്പത് ഓവറില്‍ നല്‍കിയത് 23 റണ്‍. രണ്ടു വിക്കറ്റെടുത്ത ജസ്പ്രീത് ബുമ്ര ഇവര്‍ക്ക് നല്ല പിന്തുണയായി. കുല്‍ദീപ് യാദവിനാണ് ഒരു വിക്കറ്റ്.

മറുപടി ബാറ്റിങ്ങില്‍ രോഹിത് ശര്‍മ ശിഖര്‍ ധവാന്‍ സഖ്യം മികച്ച തുടക്കമാണ് ഇന്ത്യയ്‌ക്ക് സമ്മാനിച്ചത്. 39 പന്തില്‍ 52 റണ്‍സുമായിട്ടാണ് രോഹിത് മടങ്ങിയത്. അര്‍ധസെഞ്ചുറിക്ക് നാലു റണ്‍സ് അകലെ ധവാനും പുറത്തായി. മൂന്നാം വിക്കറ്റില്‍ 56 റണ്‍സ് കൂട്ടിച്ചേര്‍ത്ത അമ്പാട്ടി റായുഡു ദിനേഷ് കാര്‍ത്തിക് സഖ്യം കൂടുതല്‍ വിക്കറ്റ് നഷ്ടം കൂടാതെ ഇന്ത്യയെ വിജയത്തിലെത്തിച്ചു. റായുഡു 46 പന്തില്‍ മൂന്നു ബൗണ്ടറികളോടെയും കാര്‍ത്തിക് 37 പന്തില്‍ രണ്ടു ബൗണ്ടറിയും ഒരു സിക്‌സും സഹിതവും 31 റണ്‍സ് വീതം നേടി പുറത്താകാതെ നിന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top