19 November Monday

ഏഷ്യ‐ആഫ്രിക്ക സമാസമം

വെബ് ഡെസ്‌ക്‌Updated: Monday Jun 25, 2018

യെക്കതറിൻബർഗ്

ആഫ്രിക്കയുടെ കരുത്തിന് ഏഷ്യയുടെ വേഗം മറുപടി നൽകിയപ്പോൾ 90 മിനിറ്റും ആവേശം നിറഞ്ഞുനിന്ന പോര് സമനിലയിൽ. കൂടുതൽ കരുതലോടെ കളത്തിലിറങ്ങിയ ജപ്പാനും സെനഗലും രണ്ടു ഗോൾ വീതം നേടി ഓരോ പോയിന്റ് പങ്കിട്ടു. ഇതോടെ ഇരുകൂട്ടരും നാലുപോയിന്റുമായി ഗ്രൂപ്പിൽ മുന്നിൽ തുടർന്നു.
ആദ്യമത്സരത്തിൽ ജയം നേടിയതിന്റെ ആത്മവിശ്വാസം ഇരുകൂട്ടരുടെയും കളിയിൽ കാണാനായി.  പന്ത് ഇരുപകുതിയിലേക്കും ഒരുപോലെ കയറിയിറങ്ങി. ആഫ്രിക്കയുടെ ശാരീരികമേൽക്കൈക്കു മുന്നിൽ പതറുമെന്നു പ്രതീക്ഷിച്ചിരുന്ന ജപ്പാൻ ഏവരെയും അമ്പരപ്പിച്ചു. ആഫ്രിക്കൻ കരുത്തിനെ അവർ വേഗം കൊണ്ട് കീഴടക്കി. എതിരാളിയെ ഭയക്കാതെ ജപ്പാൻ തനതായ കളി കാഴ്ചവച്ചു.

ആദ്യ മത്സരത്തിൽ 442 ശൈലിയിൽ പോളണ്ടിനെ കീഴടക്കിയ സെനഗൽ മുന്നേറ്റത്തിൽ സാദിയോ മാനെയെ മാത്രം നിർത്തിയാണ് ജപ്പാനെ നേരിട്ടത്. ഒരു മുന്നേറ്റക്കാരനെ മാത്രമാണ് ജപ്പാനും കളത്തിലിറക്കിയത്. ജയം അല്ലെങ്കിൽ സമനില എന്നതായിരുന്നു ഇരുകൂട്ടരുടെയും ലക്ഷ്യം എന്നു വ്യക്തമാക്കുന്നതായിരുന്നു ഈ നീക്കം. എന്നാൽ, കളിമുറുകിയപ്പോൾ ഇരുവർക്കും ആക്രമണത്തിലായിരുന്നു കൂടുതൽ ശ്രദ്ധ. രണ്ടു വട്ടം ലീഡു നേടിയ സെനഗലിനെ ജ    പ്പാൻ പിടിച്ചുകെട്ടുകയായിരുന്നു.

തുടക്കത്തിൽ തന്നെ കളിയുടെ നിയന്ത്രണം ഏറ്റെടുത്ത സെനഗൽ 12ാം മിനിറ്റിൽ ഗോളടിച്ചു. ലിവർപൂൾ താരം സാദിയോ മാനെയായിരുന്നു ഗോളിനവകാശി. ജപ്പാൻ പ്രതിരോധം അങ്കലാപ്പിലായ നീക്കത്തിൽ യൂസഫ് സബാലിയുടെ ഷോട്ട് ജപ്പാൻ ഗോളി ഈജി കവാഷിമ തട്ടിയകറ്റി. എന്നാൽ, പന്തു ചെന്നുവീണത് മാനെയുടെ മുന്നിൽ. പിഴവുറ്റ ഷോട്ടിലൂടെ മത്സരത്തിലെ ആദ്യ ഗോൾ(10).

ഗോൾ വഴങ്ങിയതോടെ ജപ്പാൻ ആക്രമണം കടുപ്പിച്ചു. 34ാം മിനിറ്റിൽ ഈ അധ്വാനത്തിന് ഫലമുണ്ടായി. നാഗട്ടോമോ ഇടതുവിങ്ങിലൂടെ കയറിവന്ന് രണ്ട് സെനഗൽ താരങ്ങളെ കബളിപ്പിച്ച് താകാഷി ഇനൂയിക്ക് കൈമാറി. ഗോളി ഖാദിം എൻഡോയിയെ കാഴ്ചക്കാരനാക്കി ഇനൂയി പന്ത് വലയിലാക്കി(11).
രണ്ടാം പകുതിയുടെ തുടക്കത്തിൽ ജപ്പാൻ കൂടുതൽ ആക്രമിച്ചു കളിച്ചു. സെനഗൽ ഒന്നു മങ്ങിയ ഘട്ടം. മൂന്ന് തുറന്ന അവസരങ്ങൾ ജാപ്പനീസ് മുൻനിരക്കാർ തുലച്ചു.  അവസാന 20 മിനിറ്റ് സെനഗൽ താളം വീണ്ടെടുത്തു. മൂസ വാഗ്യു എന്ന പത്തൊമ്പതുകാരന്റെ കന്നി രാജ്യാന്തരഗോളിലുടെ അവർ വീണ്ടും ലീഡ് നേടി(21).
ഈ ഗോളിനു പിന്നാലെ ജപ്പാൻ പരിശീലകൻ വരുത്തിയ മാറ്റം നിർണായകമായി. കഗാവയ്ക്കു പകരം കിസുകി ഹോണ്ടയെ ഇറക്കി. മുന്നു മിനിറ്റിനകം ഹോണ്ട സമനില നേടിക്കൊടുത്തു(22). അവസാനഘട്ടത്തിൽ ഇരുകൂട്ടരും ഗോളിനായി കിണഞ്ഞു ശ്രമച്ചെങ്കിലും ഫലമുണ്ടായില്ല.
 

പ്രധാന വാർത്തകൾ
Top