22 May Tuesday

നിയന്ത്രണം രാജ്ഞിയ്ക്ക്

ഷിജില്‍ പന്തക്കപ്പാറUpdated: Tuesday Feb 14, 2017


പുരാതന കാലത്തു ഇന്ത്യയില്‍ ആരംഭിച്ചു, ഇന്ന് ലോകം മുഴുവന്‍ പ്രചാരത്തിലുള്ള

ചെസ്സ് ഗെയിം ഏറ്റവും മികച്ച ബുദ്ധി വ്യായാമോപാധി കൂടിയാണ്. ബ്രെയിന്‍ ഡെവലപ്മെന്‍റ് കാലഘട്ടത്തില്‍, കുട്ടികള്‍ക്ക് പരിചയപ്പെടുത്തി കൊടുക്കാവുന്ന നല്ല വിനോദമാണ് ചെസ്സ്. വിശകലന പാടവം, ഉള്‍കാഴ്ച, ആഴത്തിലുള്ള ചിന്താശക്തി, ഭാവനാശേഷി, ഇവ ചെസ്സ് പ്രദാനം ചെയ്യുന്നു

ഓപ്പണിങ്, മിഡ്‌ഡില്‍ ഗെയിം, എന്‍ഡ് ഗെയിം ഇങ്ങനെ ഒരു ചെസ്സ് ഗെയിമിനെ വിലയിരുത്താം.

ശാസ്ത്രീയമായി ചെസ്സിന്‍റെ സമഗ്രമേഖലയെയും പരിചയപ്പെടുത്തുന്ന പംക്തി.

ചെസ്സ് ഗെയിം ജീവിതത്തിന്‍റെ ഒരു പരിഛേദം തന്നെയാണ്. രാജാവാണ് പരമപ്രധാനമായ പീസ് എങ്കിലും, ബോര്‍ഡില്‍ കാര്യങ്ങള്‍ ഒക്കെ തീരുമാനിക്കുന്നതും നിയന്ത്രിക്കുന്നതും രാജ്ഞിയാണ്.ചെസ്സ് പീസുകളില്‍ നമ്മള്‍ ഏറ്റവും കൂടുതല്‍ പോയിന്‍റ് നല്‍കിയത് ഏതിനെന്ന് നിങ്ങള്‍ ഓര്‍മിക്കുന്നുണ്ടാകും. രാജ്ഞിക്കാണത്.
രാജ്ഞി പവര്‍ഫുള്‍ ആകുന്നത് അതിന് കൂടുതല്‍ കളങ്ങള്‍ തന്‍്റെ നിയന്ത്രണത്തിനു കീഴില്‍ കൊണ്ടുവരാന്‍ സാധിക്കുന്നു എന്നതുകൊണ്ടാണ്.

സെന്‍ട്രലൈസ്‌ഡ്‌ ചെയ്ത ഒരു ക്വീന്‍ എത്ര കളങ്ങള്‍ നിയന്ത്രിക്കുന്നു എന്ന് ഈ ചിത്രം നമുക്ക് കാണിച്ചു തരുന്നു.തന്നിരിക്കുന്ന ചിത്രത്തില്‍ നിന്നും 27 കളങ്ങളാണ്, ബോര്ഡിന്‍റെ മധ്യഭാഗത്തുള്ള ഒരു ക്വീനിന്‍റെ നിയന്ത്രണ പരിധിയില്‍ എന്നു മനസിലാക്കാം.
മനുസ്‌മൃതിയില്‍ പറയുന്നതു പോലെ, പണ്ടുകാലത്ത് ഇത്ര സഞ്ചാരസ്വാതന്ത്ര്യം ഉണ്ടായിരുന്നില്ല. പതിനഞ്ചാം നൂറ്റാണ്ടു മുതലാണ് ക്വീനിന് ഇന്നത്തെ നിലയിലുള്ള സഞ്ചാര സ്വാതന്ത്ര്യം ലഭിക്കുന്നത്.

ഒരു ക്വീനിന് ലംബമായും തിരശ്ചീനമായും കോണോടു കോണും സഞ്ചരിക്കാന്‍ സാധിക്കും. ക്വീന്‍ മറ്റു പീസുകളോടൊപ്പം എതിര്‍ കിങ്ങിനെതിരെ ആക്രമണം നയിച്ചാണ് മിക്ക കളികളും വിജയിച്ചിട്ടുള്ളത്. ക്വീനിന്‍റെ ശക്തി എങ്ങനെ ഫലപ്രഥമായി ഉപയോഗപ്പെടുത്താം എന്നത് നിരന്തരമായ പരിശീലനത്തിലൂടെ ഒരു ചെസ്സ് കളിക്കാരന്‍ സ്വായത്തമാക്കേണ്ടതാണ്.

ചെസ്സ് മനോഭാവം


ഒരു ചെസ്സ് പ്ലെയറെ സംബന്ധിച്ച് ചെസ്സ് ഗെയിം മനോഭാവങ്ങളുടെ ഷിഫ്റ്റുകള്‍ കൂടിയാണ്. ചിലപ്പോള്‍ അടുത്ത സുഹൃത്തിനോടാകം അടുത്ത കളി കളിക്കേണ്ടത്. ബോര്ഡിന് മുന്നില്‍ ഇരുന്ന്, പരസ്പരം കൈ കൊടുത്ത്‌, ആദ്യ നീക്കം ആരംഭിക്കുന്നതുമുതല്‍ അത് ഒരു സൈനിക നീക്കം നയിക്കുന്ന കമാന്‍ഡറുടെ അല്ലെങ്കില്‍ ഒരു രാജ്യം സംരക്ഷിക്കേണ്ട, അക്രമിച്ച് വേറൊരു രാജ്യം കീഴടക്കേണ്ട രാജാവിന്‍റെ മാനസിക തലങ്ങളിലേക്ക് മാറുകയാണ്. ശത്രുവിന്‍റെ പലതരത്തിലുള്ള തന്ത്രങ്ങളെ അവനവിടെ അഭിമുഖീകരിക്കേണ്ടി വരുന്നു. ചിലപ്പോളത് ബോര്‍ഡിന് പുറത്ത് ഉള്ള, ഏകാഗ്രത തെറ്റിക്കാനുള്ള ചേഷ്ടകളോ ശബ്ദങ്ങളോ ഒക്കെയാകാം. ഇങ്ങനെയുള്ളതിനെയൊക്കെ ഒരു ചെറു പുഞ്ചിരിയോടെ അവഗണിച്ച്, ' ഈ ഗെയിം കഴിയുമ്പോള്‍ ഞാന്‍ ആയിരിക്കും വിജയി, ഇപ്പോള്‍ നല്ലൊരു നീക്കം നടത്തുകയാണ് എന്‍റെ കടമ, അതു മാത്രമേ ഞാന്‍ ഇപ്പോള്‍ ചെയ്യേണ്ടതുള്ളൂ.' എന്നു മനസിനെ ബോധ്യപ്പെടുത്തി കൂടുതല്‍ ഊര്‍ജസ്വലതയോടെ അവന്‍ നീക്കങ്ങള്‍ നടത്തുന്നു. അവസരം കാത്തുനിന്ന്, ശത്രു ദുര്‍ബലമായിടത്ത് ആക്രമണം നടത്തുന്നു. ശത്രുവിന്‍റെ ആക്രമണത്തിനെതിരെ പ്രതിരോധം ചമയ്ക്കുന്നു. അങ്ങനെ ആക്രമണവും പ്രതിരോധവും ഒക്കെ ചേര്‍ന്ന വന്‍ പോരാട്ടങ്ങള്‍ തന്നെ അവിടെ നടക്കുന്നു. അതിനൊടുവില്‍ ഒരാള്‍ അടിയറവുപറയുന്നു, അല്ലെങ്കില്‍ തുല്യതയില്‍ സന്ധിചെയ്ത് പരസ്പരം കൈകൊടുത്ത് പിരിയുന്നു. തങ്ങള്‍ നടത്തിയ സാഹസികമായ കാര്യങ്ങളുടെ ആത്മനിര്‍വൃതിയോടെ, അവര്‍ സാധരണ സ്നേഹസൗഹൃദ മാനസിക നിലയിലേക്ക് മാറുകയാണ്. ഒരു ത്രില്ലര്‍ മൂവി നല്‍കുന്ന അതെ അനുഭൂതിയാണ് ആസ്വദിച്ച് കളിക്കുന്ന ഒരുവനെ സംബന്ധിച്ച് ഒരു ചെസ്സ് ഗെയിം. ബോര്‍ഡിന് പുറത്ത് കളിക്കാര്‍ വീണ്ടും സൗഹൃദ ഭാഷണത്തിലേക്കും, ഗെയിമിലെ സാധ്യതകള്‍ പരസ്പരം പങ്കുവയ്ക്കുകയും ചെയ്യുന്നു. അതിനു ശേഷം അടുത്ത അങ്കത്തിനായ് സ്വയം നവീകരിച്ച്‌, ആയുധങ്ങള്‍ തേച്ചു മിനുക്കി, തയ്യാറെടുപ്പുകളിലേക്ക് നീങ്ങുന്നു..

മികച്ച ഒരു വ്യക്തിത്വം ഉണ്ടാക്കിയെടുക്കുക, അത് തിളക്കമുറ്റതാക്കുക എന്നത് കൂടിയാണ് ചെസ്സ് നമ്മെ പഠിപ്പിക്കുന്നത്. ജയപരാജയങ്ങളെ സമഭാവനയോടെ കണ്ട്, അനുഭവസമ്പത്ത് ആര്‍ജ്ജിച്ച് മുന്നോട്ട് പോവുക എന്നതാണ് ഇത് നല്‍കുന്ന സന്ദേശം. ചെസ്സ് ബോര്‍ഡില്‍ വീറും വാശിയുമൊടെ ഏറ്റുമുട്ടുന്ന കളിക്കാര്‍ അതിന് ശേഷം ഏറ്റവും അടുത്ത കൂട്ടുകാര്‍ കൂടിയായിരിക്കും, കാരണം അവര്‍ക്ക് ചെസ്സിന്‍റെ സ്നേഹത്തിലധിഷ്ടിതമായ ഭാഷയറിയാം.


ചെസ്സ് പ്രശ്നോത്തരി 3വൈറ്റ് ആദ്യ നീക്കം തുടങ്ങി വിജയിക്കുന്നു.

കഴിഞ്ഞ ലക്കത്തിലെ പ്രശ്നോത്തരിക്ക് ശരിയുത്തരം അയച്ചവരില്‍നിന്ന് നറുക്കിട്ടെടുത്ത വിജയി

അഞ്ജലി ടി പി
ടി സി എസ്, കൊച്ചി

 
ചെസ്സ് പ്രശ്നോത്തരി 2
ഉത്തരം

...Q*e3+
Q*e3, Rd1+
Kf2, Rf1+ # (0-1)
 
കണ്ടെത്തലുകള്‍ contact details സഹിതം ഈ മെയിലില്‍ അയക്കാം  legendchessclub@gmail.com

(ലേഖകന്‍ ഇന്റര്‍നാഷണല്‍ ഫിഡെ, അമേരിക്കന്‍ റേറ്റഡ് ചെസ്സ് പ്ലെയറും കോച്ചുമാണ്.അമേരിക്കയിലെ അറ്റ്ലാന്റിക് സിറ്റിയില്‍ വച്ചു നടന്ന മില്യനയര്‍ ചെസ്സ് ടൂര്‍ണമെന്റില്‍ ഉള്‍പ്പെടെ, ഇന്ത്യയിലെയും അമേരിക്കയിലെയും വിവിധ ടൂര്‍ണമെന്റുകളില്‍ സമ്മാനാര്‍ഹനായിട്ടുണ്ട്.

ഓണ്‍ലൈന്‍ ചെസ്സ് ക്ലബ്  www.legendchess.wordpress.comനടത്തുന്നു.)
പ്രധാന വാർത്തകൾ
Top