Top
24
Friday, November 2017
About UsE-Paper

വേള്‍ഡ് മലയാളി ഫെഡറേഷന്റെ ഗ്ലോബല്‍ കണ്‍വെന്‍ഷന് സമാപനം; പൊതുസമ്മേളനം സ്‌പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്‌തു

Wednesday Nov 8, 2017
വെബ് ഡെസ്‌ക്‌

വിയന്ന > ആഗോള മലയാളി സംഘടനയായ വേള്‍ഡ് മലയാളി ഫെഡറേഷന്റെ ദ്വിദിന സമ്മേളനം സമാപിച്ചു. സമാപനദിനത്തോട് അനുബന്ധിച്ച് നടന്ന പൊതുസമ്മേളനം കേരള നിയമസഭാ സ്‌പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. രാജ്യസഭാംഗം സുരേഷ്‌ഗോപി മുഖ്യാതിഥിയായിരുന്ന സമ്മേളനത്തില്‍ വിയന്നയിലെ ഇന്ത്യന്‍ മിഷന്റെ സ്ഥാനപതി രേണുപാല്‍, വിയന്ന സ്റ്റേറ്റ് കമ്മീഷന്‍ ഫോര്‍ യൂറോപ്യന്‍ ആന്‍ഡ് ഇന്റര്‍നാഷണല്‍ അഫയേഴ്‌സിന്റെ പ്രസിഡന്റ് പീറ്റര്‍ ഫ്‌ളോറിയാന്‍ ഷുട്സ്, ഓസ്ട്രിയന്‍ ഫെഡറേഷന്‍ ഓഫ് ബിസിനസ്‌മെന്‍ പ്രസിഡന്റ് ഡോ. ക്രിസ്റ്റോഫ് മാത്സ്നെറ്റെര്‍, ഓസ്ട്രിയയില്‍ നിന്നുള്ള രാജ്യസഭാംഗം ഡോ. ഹെറാള്‍ഡ് ട്രോഹ് എന്നിവര്‍ സംസാരിച്ചു. സംഘടനയുടെ ഗ്ലോബല്‍ ചെയര്‍മാന്‍ പ്രിന്‍സ് പള്ളിക്കുന്നേല്‍, ഗ്ലോബല്‍ കോഓര്‍ഡിനേറ്റര്‍ വര്‍ഗീസ് പഞ്ഞിക്കാരന്‍ എന്നിവര്‍ സമ്മേളനത്തിന് നേതൃത്വം നല്‍കി. 

കേരളത്തിലെ സാമൂഹ്യ, രാഷ്ട്രീയ, സാംസ്‌കാരിക, മാധ്യമ രംഗത്തുംനിന്നും പ്രശസ്ത വ്യക്തികളും, ഓസ്ട്രിയ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രമുഖരും അതിഥികളായി പങ്കെടുത്ത സമ്മേളനത്തില്‍ വനിതകള്‍ക്കും, യുവജനങ്ങള്‍ക്കും സിമ്പോസിയങ്ങളും സെമിനാറും നടന്നു. സമ്മേളനത്തോട് അനുബന്ധിച്ച് വിവിധ മേഖലകളില്‍ മികവ് പുലര്‍ത്തിയ വ്യക്തികളെ ആദരിക്കുന്ന പുരസ്‌കാര ചടങ്ങും സംഘടിപ്പിച്ചിരുന്നു. എന്‍ കെ അബ്ദു റഹിമാന്‍കേരളം, അഡ്വ. മുസ്തഫ സഫീര്‍ദുബായ്, ടി. ഹരിദാസ്ലണ്ടന്‍, ഡോ. അനീസ് അലിഖത്തര്‍, എസ് ശ്രീകുമാര്‍ലണ്ടന്‍, ഫാ. സെബാസ്റ്റ്യന്‍ നാഴിയമ്പാറകേരളം, ആര്‍ട്ടക്ക് ബില്‍ഡേഴ്‌സ്‌ കേരളം, ബ്രിട്ടോ പെരേപ്പാടന്‍ ഡബ്ലിന്‍, ആഷ മാത്യു ലണ്ടന്‍ എന്നിവരെ പുരസ്‌കാരം നല്‍കി ആദരിച്ചു. 



സംഘടനയിലെ വനിതകളുടെ നേതൃത്വത്തില്‍ '2018' സ്ത്രീശാക്തീകരണ വര്‍ഷമായി ആചരിക്കാന്‍ കര്‍മ്മപരിപാടികള്‍ ആവിഷ്‌കരിക്കുമെന്നും, സര്‍ക്കാര്‍ തലത്തില്‍ ബന്ധപ്പെട്ട് ഗ്ലോബല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചില സുപ്രധാന വിഷയങ്ങളില്‍ ഇടപെടലുകള്‍ നടത്തുമെന്നും കണ്‍വെന്‍ഷന്‍ കമ്മിറ്റി അറിയിച്ചു. നിറഞ്ഞ സദസില്‍ പ്രേക്ഷകരെ ആവേശത്തിലാക്കി തൈക്കുടം ബ്രിഡ്ജിന്റെ ലൈവ് ഷോയോട് കൂടിയാണ് ഡബ്ലിയു.എം.എഫ് ഗ്ലോബല്‍ കണ്‍വെന്‍ഷന് സമാപനം കുറിച്ചത്.