Top
18
Monday, December 2017
About UsE-Paper

യുഎഇയില്‍ വര്‍ക്ക് പെര്‍മിറ്റ് ഫീസ് പുതുക്കി; വിദേശികള്‍ക്ക് അധിക ബാധ്യത

Tuesday Dec 5, 2017
അനസ് യാസിന്‍

മനാമ > യുഎഇയില്‍ തൊഴിലാളികള്‍ക്കുള്ള വര്‍ക്ക് പെര്‍മിറ്റ് ഫീസ് പുതുക്കി. തൊഴിലാളികളെ വൈദഗ്ധ്യത്തിന്റെയും രാജ്യത്തിന്റെയും അടിസ്ഥാനത്തില്‍ തരംതിരിച്ചാണ് നിരക്ക് വര്‍ധിപ്പിച്ചത്. ഇതോടൊപ്പം കമ്പനികളെ ജീവനക്കാരുടെയും പ്രവര്‍ത്തനരീതികളുടെയും അടിസ്ഥാനത്തില്‍ തരംതിരിച്ചൂ. ഓരോ വിഭാഗത്തിലെയും വര്‍ക്ക് പെര്‍മിറ്റ് ഫീസുകള്‍ വ്യത്യസ്തമാണ്. ജീവനക്കാരെ മാറ്റുന്നതിനും നിരക്കുകള്‍ ഗണ്യമായി ഉയര്‍ത്തി.

യുഎഇ മാനവ വിഭവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം ആവിഷ്‌കരിച്ച പുതിയ നിരക്ക് കഴിഞ്ഞ ദിവസം നിലവില്‍ വന്നു. സ്ഥാനപത്തില്‍ വിദഗ്ധ തൊഴിലാളികളാണോ, അവിദഗ്ധ തൊഴിലാളികളാണോ കൂടുതല്‍ എന്നു കണക്കാക്കിയാണ് സ്ഥാനപനങ്ങളെ തരം തരിച്ചിട്ടുള്ളത്. ജിസിസി രാജ്യക്കാരെ ജോലിക്കുവെച്ച സ്ഥാപനങ്ങള്‍, സ്വദേശി ഉടമസ്ഥതയിലുള്ള മത്സ്യ ബന്ധന ബോട്ടുകളിലെ ജോലിക്കാര്‍ എന്നിവരെ നിരക്കില്‍ നിന്നൊഴിവാക്കി.
മത്സ്യബന്ധന ബോട്ടുകള്‍ ആദ്യ വിഭാഗത്തില്‍ പെടുന്നവയാണ്. ഇതില്‍ ചെറുതും വലുതുമായ യുവസംരംഭസഹായ സ്ഥാപനങ്ങള്‍ക്ക് അവിദഗ്ധ തൊഴിലാളികള്‍ക്കും വിദഗ്ധ തൊഴിലാളികള്‍ക്കും 300 ദിര്‍ഹം വീതമാണ് വര്‍ക്ക് പെര്‍മിറ്റ് നിരക്ക്.

രണ്ടാം വിഭാഗത്തില്‍ ഒന്നില്‍ കൂടുതല്‍ തൊഴിലാളികളുള്ള സ്ഥാപനങ്ങളാണ് വരുന്നത്. ഇതിനെ എ, ബി, സി, ഡി എന്നിങ്ങനെ ഉപ വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ഒന്നു മുതല്‍ മൂന്ന് ജീവനക്കാരുള്ള സ്ഥാപനങ്ങളില്‍ അവിദഗ്ധ തൊഴിലാളികള്‍ 2200 ദിര്‍ഹം, വിദഗ്ധ തൊഴിലാളികള്‍ 1000 ദിര്‍ഹം, നാലുമുതല്‍ പത്ത് ജീവനക്കാരുള്ള സ്ഥാപനങ്ങളില്‍ അവിദഗ്ധ തൊഴിലാളികള്‍ 2200 ദിര്‍ഹം, വിദഗ്ധ തൊഴിലാളികള്‍ 1000 ദിര്‍ഹം എന്നിങ്ങനെയാണ് ഉപ വിഭാഗങ്ങളില്‍ നിരക്ക്. പത്തോ അതിലധികമോ ജീവനക്കാരുള്ള സ്ഥാപനങ്ങളില്‍ ആദ്യ വിഭാഗത്തില്‍ അവിദഗ്ധ തൊഴിലാളികള്‍ 1200 ദിര്‍ഹം, വിദഗ്ധതൊഴിലാളികള്‍ 500 ദിര്‍ഹം, രണ്ടാം വിഭാഗത്തില്‍ അവിദഗ്ധ തൊഴിലാളികള്‍ 2200 ദിര്‍ഹം, വിദഗ്ധ തൊഴിലാളികള്‍ 1000 ദിര്‍ഹം എന്നിങ്ങനെ നല്‍കണം.

അഞ്ച് ശതമാനത്തിനും പത്തുശതമാനത്തിനും ഇടയില്‍ തൊഴിലാളികളുള്ള സ്ഥാപനത്തില്‍ അവിദഗ്ധ തൊഴിലാളികള്‍ 2700 ദിര്‍ഹം, വിദഗ്ധ തൊഴിലാളികള്‍ 1500 ദിര്‍ഹം, അഞ്ച് ശതമാനത്തില്‍താഴെ വിദഗ്ധതൊഴിലാളികളും 50 ശതമാനത്തിലധികം വിവിധ നാടുകളില്‍നിന്നുള്ള ജീവനക്കാരുമുള്ള സ്ഥാപനങ്ങള്‍  അവിദഗ്ധ തൊഴിലാളികള്‍ 3200 ദിര്‍ഹം, വിദഗ്ധ തൊഴിലാളികള്‍ 2000 ദിര്‍ഹം, 50 ശതമാനത്തില്‍ കുറവ് വിവിധ രാജ്യങ്ങളില്‍നിന്നുള്ള ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ അവിദഗ്ധ തൊഴിലാളികള്‍ 3200 ദിര്‍ഹം, വിദഗ്ധ തൊഴിലാളികള്‍ 2000 ദിര്‍ഹം എന്നിങ്ങനെ നല്‍കണം. പുതുക്കിയ നിരക്കുകളില്‍ നിയമ ലംഘനം വരുത്തുന്ന സ്ഥാപനങ്ങളാണ് മൂന്നാം വിഭാഗത്തില്‍ പെടുന്നത്.

പ്രവാസി തൊഴിലാളികള്‍ക്കും കമ്പനികള്‍ക്കും അധിക സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നതാണ് നിരക്ക് പുതുക്കല്‍.  അവിദഗ്ധ തൊഴിലാളികള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് നിരക്ക് ഗണ്യമായി വര്‍ധിപ്പിച്ചിട്ടുണ്ട്.