21 May Monday

ദിലീപ് ചൌഹാന് യുഎസ് കോണ്‍ഗ്രസിന്റെ ബഹുമതി; നവംബര്‍ 12നു 'ദിലീപ് ചൌഹാന്‍ ദിനം'

മാതക്കുട്ടി ഈശോUpdated: Monday Jan 2, 2017

ന്യൂയോര്‍ക്ക് > നവംബര്‍ 12 ന്യൂയാര്‍ക്കില്‍ ഇനി മുതല്‍ ഇന്‍ഡ്യന്‍ സമൂഹത്തിന് ചരിത്ര ദിനം. സൌത്ത് ഏഷ്യന്‍ സമൂഹത്തിന്റെ സമഗ്ര പുരോഗമനത്തിനായി അക്ഷീണം പ്രവര്‍ത്തിക്കുന്ന ഇന്‍ഡ്യന്‍ വംശജനായ ദിലീപ് ചൌഹാനെ ആദരിക്കുന്നതിന്റെ ഭാഗമായി യുഎസ് കോണ്‍ഗ്രസ് നവംബര്‍ 12 "ദിലീപ് ചൌഹാന്‍ ദിനം'' ആയി ആചരിക്കും. 2016 നവംബര്‍ 12ന് നടന്ന ലോംഗ് ഐലന്റ് ഗുജറാത്തി കള്‍ച്ചറല്‍ സൊസൈറ്റിയുടെ വര്‍ണ്ണാഭമായ ചടങ്ങില്‍ എഴുന്നൂറോളം പേരെ സാക്ഷി നിര്‍ത്തി ന്യൂയോര്‍ക്കിലെ 6-ാം കോണ്‍ഗ്രഷനല്‍ ഡിസ്ട്രക്ട് കോണ്‍ഗ്രസ് വുമന്‍ ഗ്രേസ് മെംഗ് തീരുമാനം അറിയിച്ചു. അമേരിക്കന്‍ കുടിയേറ്റക്കാരായ എല്ലാ ഇന്‍ഡ്യന്‍ സമൂഹത്തിനും അഭിമാനാര്‍ഹമായ സുവര്‍ണ്ണ നിമിഷങ്ങള്‍. ന്യൂയോര്‍ക്കില്‍ കോണ്‍ഗ്രസ് വുമന്‍ ആയി തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഏഷ്യന്‍ വനിതയാണ് മെംഗ്.

 

"ന്യൂയോര്‍ക്ക് സംസ്ഥാനത്തിലെ തന്നെ പ്രമുഖനായ ഒരു സാമൂഹിക നേതാവാണ് ദിലീപ് ചൌഹാന്‍'' മെംഗ് പ്രഖ്യാപിച്ചു. 'ഗെയ്റ്റ്‌വേ ടു സൌത്ത് ഏഷ്യന്‍ അമേരിക്കന്‍ കമ്മ്യൂണിറ്റി ഓഫ് ന്യൂയോര്‍ക്ക്' എന്ന സംരംഭത്തിലൂടെ അമേരിക്കയിലെ തെരഞ്ഞെടുക്കപ്പെട്ട വിവിധ കോണ്‍ഗ്രസ് അംഗങ്ങള്‍ക്കും, സ്റ്റേറ്റ് സെനറ്റര്‍മാര്‍ക്കും അസ്സംബ്ളി അംഗങ്ങള്‍ക്കും ന്യൂയോര്‍ക്കിലെ മറ്റ് സാമാജികര്‍ക്കും കഴിഞ്ഞ പത്ത് വര്‍ഷമായി ഏഷ്യന്‍ സമൂഹത്തെപ്പറ്റിയും ഇന്‍ഡ്യന്‍ സമൂഹത്തെപ്പറ്റിയും ധാരാളം അറിവ്  ചൌഹാന്‍ പകര്‍ന്നു നല്‍കുന്നു. നമ്മുടെ പ്രിയ കമ്മ്യൂണിറ്റി ലീഡറായ ദിലീപ് ചൌഹmനെ യുഎസ് കോണ്‍ഗ്രസ് ഈ വിധത്തില്‍ ആദരിക്കുന്നതിലും അംഗീകരിക്കുന്നതിലും ഞാന്‍ അഭിമാനമാനിക്കുന്നു. ന്യൂയോര്‍ക്ക് നിവാസികള്‍ക്കും എല്ലാ അമേരിക്കന്‍ സഹോദരങ്ങള്‍ക്കും കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അദ്ദേഹം നല്‍കിത്തരുന്ന അമൂല്യവും പാവനവുമായ സേവനങ്ങള്‍ക്ക് ഞാന്‍ നന്ദിയും അഭിനന്ദനവും അറിയിക്കുന്നു' മെംഗ് പ്രസ്താവിച്ചു.

 

"ഇത് സൌത്ത് ഏഷ്യന്‍ സമൂഹത്തിനായി എന്റെ എളിയ പ്രവര്‍ത്തനത്തിനുള്ള അംഗീകാരമാണ്. ജീവിത മൂല്യങ്ങള്‍ക്ക് ഊന്നല്‍ കൊടുത്ത് സമൂഹ നന്മക്കായി പ്രവര്‍ത്തിക്കുവാന്‍ പ്രചോദനവും പിന്‍താങ്ങലും നല്‍കി എന്നെ ഈ നിലയില്‍ എത്തിച്ച എന്റെ മാതാപിതാക്കള്‍ക്ക് നന്ദി. അംഗീകാരം ഏറ്റു വാങ്ങി ദിലീപ്് പറഞ്ഞു. ന്യൂയോര്‍ക്ക്് നിവാസികളായ എല്ലാ ഏഷ്യന്‍ സമൂഹവും പ്രത്യേകിച്ച് ഇന്‍ഡ്യന്‍ സമൂഹവും തങ്ങളുടെ സാമൂഹിക കടമയായി വോട്ടര്‍ ലിസ്റ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തും വോട്ട് രേഖപ്പെടുത്തിയും നമ്മുടെ സാമൂഹത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ചെറുകിട വ്യവസായങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാ ന്യൂനപക്ഷ സമൂഹക്കാരും കൌണ്‍ഡിയില്‍ രജിസ്റ്റര്‍ ചെയ്ത് “MWBE Certification” കരസ്ഥമാക്കി ഗവണ്‍മെന്റ് കോണ്‍ട്രാക്ട് ജോലികളില്‍ പങ്ക് ചേരണമെന്ന് അറിയിക്കുന്നു.' 

 

ന്യൂയോര്‍ക്ക് നാസ്സോ കൌണ്‍ഡിയില്‍ കംട്രോളര്‍ ജോര്‍ജ്ജ് മറഗോസിന്റെ ആഫീസില്‍ സൌത്ത് ഈസ്റ്റ് ഏഷ്യന്‍ അഫയേഴ്സ് ഡയറക്ടറായി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന ദിലീപ് ചൌഹാന്‍ ലോംഗ് ഐലന്റിലെ വിവിധ സംഘടനകളിലൂടെ സമൂഹനന്മക്കായി പല മേഖലകളില്‍ പ്രവര്‍ത്തിച്ചുവരുന്നു. ഗുജറാത്തി സമാജ് ഓഫ് ന്യൂയോര്‍ക്ക് ചെയര്‍മാനായി പ്രവര്‍ത്തിച്ച അദ്ദേഹം അസ്സോസിയേഷന്‍ ഓഫ് അമേരിക്കന്‍ ഫിസിഷ്യന്‍സ് ഓഫ് ഇന്‍ഡ്യന്‍ ഒറിജിന്‍ (AAPI) എന്ന സംഘടനയുടെ അഡ്വൈസറാണ്. സൌത്ത് ഏഷ്യന്‍ അമേരിക്കന്‍ വോയ്സ് (SAAVOICE) ബോര്‍ഡ് മെംബറായും, സര്‍വ്വീസ് നൌ ഫോര്‍ അഡള്‍ട്ട് പേഴ്സണ്‍സിന്റെ (SNAP) ഓണററി ഡയറക്ടറായും ന്യൂയോര്‍ക്ക് ഗുജറാത്തി സമാജ്, ന്യൂയോര്‍ക്ക് ബ്രാഹ്മിണ്‍ സൊസൈറ്റി എന്നിവയിലെ അംഗമായും പ്രവര്‍ത്തിക്കുന്നു. ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് ബിരുദധാരിയായ ചൌഹാന്‍, സിറ്റി ഹാള്‍ പൊളിറ്റിക്കല്‍ ന്യൂസിന്റെ "പൊളിറ്റിക്കല്‍ റൈസിംഗ് സ്റ്റാര്‍ ഫോര്‍ട്ടി അണ്‍ടര്‍ ഫോര്‍ട്ടി'' (Political Raising Star 40 under 40) എന്ന പദവി ലഭിച്ച അമേരിക്കയിലെ ആദ്യ സൌത്ത് ഏഷ്യനാണ്. നാസ്സോ കൌണ്‍ഡി നിവാസികളായ ന്യൂനപക്ഷക്കാരുടെ സമഗ്രവികസനത്തിന് ധാരാളം സംഭാവനകളാണ് ചൌഹാന്‍ നല്‍കിയിട്ടുള്ളത്.

 

നിവാസികള്‍ക്ക് അവരുടെ ഉത്തരവാദിത്വ ബോധം വര്‍ദ്ധിപ്പിക്കുന്നതിനും വ്യക്തികളുടെയും കുടുംബങ്ങളുടെയും ജീവിത നിലവാരം ഉയര്‍ത്തുന്നതിനും ആവശ്യമുള്ള നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും നല്‍കുന്ന കമ്മ്യൂണിറ്റി റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിലൂടെ ചൌഹാന്‍ പ്രവര്‍ത്തിക്കുന്നു.മലയാളീ സമൂഹവുമായി നല്ല സുഹൃത്ത് ബന്ധം സ്ഥാപിച്ചിട്ടുള്ള ദിലീപ് ചൌഹാന്റെ ഈ നേട്ടത്തില്‍ അമേരിക്കന്‍ മലയാളികള്‍ ഒന്നടങ്കം അഭിമാനിക്കുന്നെന്നും ധാരാളം സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വച്ച ചൌഹാന്റെ പേരില്‍ നവംബര്‍ 12 "ദിലീപ് ചൌഹാന്‍ ദിനം'' ആയി യുഎസ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചതില്‍ അദ്ദേഹം തികച്ചും യോഗ്യനാണെന്നും മൈനോറിറ്റി കമ്മ്യൂണിറ്റി അഡ്വൈസറി കമ്മറ്റി അംഗം ജോസ് ജേക്കബ് തെക്കേടം അഭിപ്രായപ്പെട്ടു.

പ്രധാന വാർത്തകൾ
Top