23 September Sunday

അബായ പുതപ്പിച്ച് ഇന്ത്യക്കാരുടെ ജീവന്‍ രക്ഷിച്ച യു.എ.ഇ. യുവതി മാതൃകയായി

വെബ് ഡെസ്‌ക്‌Updated: Sunday Oct 1, 2017

അബുദാബി > വാഹനങ്ങള്‍ കൂട്ടിമുട്ടിയുണ്ടായ അപടത്തെ തുടര്‍ന്ന് വസ്‌ത്രത്തിന് തീ പിടിച്ച് മരണവെപ്രാളത്തില്‍ ഓടുകയായിരുന്ന ഇന്ത്യന്‍ ഡ്രൈവര്‍മാരെ അബായ (പര്‍ദ്ദ) പുതപ്പിച്ച് രക്ഷപ്പെടുത്തിയ യു.എ.ഇ. യുവതി പ്രതീകമായി. അജ്‌മാന്‍ സ്വദേശിനിയായ ജവഹര്‍ സെയ്ഫ് അല്‍ ഖുമൈത്തിയാണ് 'ദൈവത്തിന്റെ കൈ' എന്ന് റാസല്‍ ഖൈമ പോലീസ് വിശേഷിപ്പിച്ച ഈ ധീര യുവതി.

റാസല്‍ഖൈമ ഷൈക്ക് ഖലീഫ ഹോസ്‌പിറ്റലില്‍ ചികിത്സയില്‍ കഴിയുന്ന ഒരു സുഹൃത്തിനെ സന്ദര്‍ശിച്ചു മറ്റൊരു സുഹൃത്തിനോടൊപ്പം അജ്‌മാനിലേയ്ക്ക്‌ മടങ്ങവെയാണ് ജവഹര്‍ സ്വന്തം സുരക്ഷ നോക്കാതെ, തീയില്‍ കത്തിയമരുന്നത് ആരാണെന്നുപോലും അന്വേഷിക്കാതെ ഇന്ത്യന്‍ ഡ്രൈവര്‍മാരായ ജഗ്‌പാല്‍ സിംഗിനേയും ഹര്‍കിരത്ത് സിംഗിനേയും രക്ഷിച്ചത്.

യുവാക്കള്‍ ഓടിച്ച ട്രക്കില്‍ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. ഇന്ധന ടാങ്കില്‍ ഉരസിയതിനെ തുടര്‍ന്ന് തീ പടര്‍ന്ന് വാഹനത്തിലുണ്ടായിരുന്ന ജഗ്‌പാലിന്റേയും ഹര്‍കിരത്തിന്റേയും വസ്‌ത്രത്തില്‍ തീ പടരുകയായിരുന്നു. രക്ഷപ്പെടാനുള്ള വെപ്രാളത്തില്‍ ഇരുവരും വാഹനത്തില്‍ നിന്നിറങ്ങിയോടി. രണ്ട് ട്രക്കുകള്‍ റോഡില്‍ നിന്ന് കത്തുകയും, അതില്‍ നിന്ന് ഇറങ്ങിയ ഒരാള്‍ തീ പിടിച്ച വസ്‌ത്രവുമായി പ്രാണരക്ഷാര്‍ത്ഥം അങ്ങോട്ടുമിങ്ങോട്ടും നിലവിളിച്ചോടുകയും ചെയ്യുന്ന കാഴ്‌ച അതുവഴി വാഹമോടിച്ചു വന്നിരുന്ന ജവഹറിന്റെ ശ്രദ്ധയില്‍ പെടുകയായിരുന്നു.

 കാര്‍ റോഡരുകില്‍ നിറുത്തി കൂടെയുണ്ടായിരുന്ന സുഹൃത്തിനോട് അബായ (പര്‍ദ്ദ) അഴിച്ചു തരുവാന്‍ ആവശ്യപ്പെടുകയായിരുന്നു. ഉടന്‍ തന്നെ ജവഹര്‍ കാറില്‍ നിന്നും ഇറങ്ങിയോടി അബായ അവരുടെ ദേഹത്ത് പുതപ്പിച്ചു. മാത്രമല്ല ആംബുലന്‍സും മറ്റു പോലീസ് സുരക്ഷാ വിഭാഗങ്ങളും എത്തുന്നത് വരെ അവരെ പറഞ്ഞു സാന്ത്വനിപ്പിച്ചു ധൈര്യം പകര്‍ന്നു കൊടുക്കുകയും ചെയ്‌തു. 

സ്ഥലത്ത് തടിച്ചുകൂടിയ തൊഴിലാളികളില്‍ ആരും തന്നെ തീ പടര്‍ന്നു പിടിച്ച യുവാക്കളുടെ ജീവന്‍ രക്ഷിക്കാന്‍ മുന്നോട്ട് വരാതെ നില്‍ക്കവെയാണ് യു.എ.ഇ.യിലെ അജ്‌മാന്‍ സ്വദേശിനിയായ ജവഹര്‍ ധൈര്യം പ്രകടിപ്പിച്ചു രണ്ട് യുവാക്കളുടെ ജീവന്‍ രക്ഷിച്ചത്. പര്‍ദ്ദ ധാരിണിയായ യുവതി ഏഷ്യന്‍ യുവാക്കളെ അപകടത്തില്‍ നിന്ന് രക്ഷിച്ച വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായെങ്കിലും അവരാരായിരുന്നുുവെന്ന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. അവസാനം ജവഹറാണ് ഈ ധീര യുവതിയെന്ന് പിന്നീട്‌ തിരിച്ചറിയുകയായിരുന്നു. ജവഹറിനെ ആദരിക്കാനുള്ള ശ്രമത്തിലാണിപ്പോള്‍ റാസല്‍ഖൈമ പോലീസ് അധികൃതര്‍.



 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top