19 December Wednesday

യുഎഇ പൊതുമാപ്പ് ഡിസംബര്‍ 31വരെ നീട്ടി

അനസ് യാസിന്‍Updated: Monday Dec 3, 2018

മനാമ > അനധികൃത താമസക്കാർക്കായി യുഎഇ ആരംഭിച്ച പൊതുമാപ്പ് ഡിസംബർ 31 വരെ നീട്ടി. ആഗസ്തിൽ ആരംഭിച്ച പൊതുമാപ്പ് ഇത് രണ്ടാം തവണയാണ് നീട്ടുന്നത്. ദേശീയ ദിനാഘോഷവും രാഷ്ട്രപിതാവ് സായിദ് വർഷാചരണവും പ്രമാണിച്ച് പൊതുമാപ്പ് ഒരു മാസത്തേക്കു കൂടി നീട്ടാൻ യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സയദ് അൽ നഹ്യൻ  നിർദേശിക്കുകയായിരുന്നു. തിങ്കളാഴ്ച പൗരത്വ വിഭാഗം ഫെഡറൽ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ വിസ, താമസ രേഖകൾ ശരിയാക്കാൻ കഴിയാത്തവർക്ക് ഒരു അവസരം കൂടി ലഭിച്ചു.

ചൊവ്വാഴ്ച മുതൽ പൊതുമാപ്പിന് അപേക്ഷ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. ഈ കാലയളവിൽ താമസ നിയമം ലംഘിച്ചു രാജ്യത്തു കഴിയുന്ന വിദേശ തൊഴിലാളികൾക്ക് താമസം നിയമ വിധേയമാക്കാനോ പിഴയോ, ശിക്ഷയോ കൂടാതെ രാജ്യം വിടാനോ കഴിയും. രാജ്യത്തെ ഒമ്പതു സഹായ കേന്ദ്രങ്ങൾ  പൊതുമാപ്പിന് അപേക്ഷ സ്വീകരിക്കും. നേരത്തെ പൊതുമാപ്പിനായി നടപടിക്രമങ്ങൾ ആരംഭിച്ചവർക്ക് അത് പൂർത്തീകരിക്കാൻ സമയം നീട്ടി നൽകിയതുവഴി കഴിയുമെന്ന് ഫെഡറൽ അതോറിറ്റി ആക്ടിങ‌് ഡയറക്ടർ സഈദി റാഖൻ അൽ റഷീദി അറിയിച്ചു.

ദീർഘിപ്പിച്ച കാലയളവിൽ അനധികൃത താമസക്കാർക്ക് ആറു മാസത്തെ സ്വയം സ്പോൺസർഷിപ് വിസയ‌്ക്ക് അപേക്ഷിക്കാം. ഇതുപയോഗിച്ച് പുതിയ ജോലി കണ്ടെത്താനോ പുതിയ സ്പോൺസറെ കണ്ടെത്താനോ സാധിക്കും. ജോലി കണ്ടെത്തിയാൽ വിസ റസിഡൻസി വിസയിലേക്കു മാറ്റാം. എക്സിറ്റ് പെർമിറ്റിൽ രാജ്യം വിടുന്നവർക്ക് നിയമപരമായ മാർഗത്തിൽ യുഎഇയിലേക്ക‌് തിരിച്ചുവരാൻ തടസ്സമില്ല. സ്പോൺസറിൽ നിന്ന് ഒളിച്ചോടിയവർക്കും പാസ്പോർട്ടിൽ പ്രവേശന നിരോധന സീൽ പതിക്കില്ല. എന്നാൽ, അനധികൃത മാർഗത്തിലൂടെ രാജ്യത്ത് എത്തിയവർക്ക് രണ്ടു വർഷം കഴിഞ്ഞെ വീണ്ടും രാജ്യത്തേക്ക് പ്രവേശനം നൽകൂ.

നിയമലംഘകരില്ലാത്ത എമിറേറ്റ്സ് എന്ന ലക്ഷ്യത്തോടെയാണ് പൊതുമാപ്പ് പ്രഖ്യാപിച്ചത്. അനധികൃത താമസക്കാർക്ക് താമസം നിയമ വിധേയമാക്കി നാട്ടിലേക്ക‌് മടങ്ങാതെ ഇവിടെ തന്നെ ജോലി കണ്ടെത്താനാകുമെന്നാണ് പൊതുമാപ്പിന്റെ സവിശേഷത.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top