Top
18
Saturday, November 2017
About UsE-Paper

സോളാർ കമീഷൻ റിപ്പോർട്ടും ജനകീയ സമരങ്ങളും

Friday Nov 10, 2017
ഹിക്‌മത്ത് ടി വി,കുവൈറ്റ്

ഭരണകൂടങ്ങള്‍ ജനവിരുദ്ധ നയങ്ങള്‍ കൈകൊള്ളൂമ്പോള്‍ അതിനെതിരെ ജനങ്ങളെ അണിനിരത്തി ജനകീയ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുക എന്നത് ജനപക്ഷ പ്രസ്ഥാനങ്ങളുടെ പ്രഥാമിക കടമയാണ്. ആ അര്‍ത്ഥത്തില്‍ സോളാര്‍ സമരത്തെയും തുടര്‍ നടപടികളെയും പരിശോധിക്കേണ്ടത്.

ജനലക്ഷങ്ങൾ അണിനിരന്ന,  കേരളം കണ്ട  ഏറ്റവും പ്രധാനപ്പെട്ട ജനകീയ സമരത്തിന്റെ വിജയമാണ്‌ ഏറ്റവും അവസാനം പുറത്തുവന്ന സോളാർ കമീഷൻ റിപ്പോർട്ട്‌. ഒരു ഭരണ സംവിധാനം മുഴുവനും അതിന്‌ നേതൃത്വം കൊടുത്ത പാർട്ടിയുടെ നേതൃത്വമാകെയും അഴിമതിയുടേയും അസാന്മാർക്കിക ഇടപെടലിന്റെയും കേന്ദ്രമായി മാറിയതായും സോളാർ കമീഷൻ റിപ്പോർട്ട്‌ സൂചിപ്പിക്കുന്നു.‌ എന്നാൽ ആ സമരത്തെ ഒത്തുതീര്‍പ്പ് സമരമെന്നും മറ്റും പറഞ്ഞ്‌ ആക്ഷേപിച്ചവർക്കുള്ള മറുപടികൂടിയാണ്‌ ഇന്ന് നിയമസഭയിൽ വെച്ച ജ: ശിവരാജൻ കമീഷൻ റിപ്പോർട്ട്‌.  

കേരളത്തിന്റെ ഗ്രാമങളിൽ നിന്ന് ആരംഭിച്ച്‌ തെരുവോരങ്ങളിലേക്കും അവിടെനിന്നും ലക്ഷങ്ങൾ പങ്കെടുത്ത്‌ നടത്തിയ ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റ് സ്തംഭിപ്പിക്കുന്ന രാപ്പകൽ സമരമെന്നടുത്തേക്കും മാറിയത്‌, സമരങ്ങളിൽ ഉന്നയിക്കുന്ന മുദ്രാവാക്യങ്ങൾ പൂർണ്ണാർത്ഥത്തിൽ ജനമനസ്സിൽ എത്തിക്കാൻ കഴിഞ്ഞതിന്റെ തെളിവായിരുന്നു. ജന വിരുദ്ധ നയങ്ങൾ കൈക്കൊള്ളുന്ന ഭരണ സംവിധാനങ്ങൾക്ക്‌ നേരെ ജനകീയ സമരമല്ലാതെ മറ്റ്‌ മാർഗ്ഗമില്ലെന്നാണ്‌ ഇത്‌ തെളിയിക്കുന്നത്‌. മാത്രവുമല്ല, നമ്മള്‍ കണ്ട് ശീലിച്ച സമര മാര്‍ഗ്ഗങ്ങളില്‍ നിന്നും വ്യത്യസ്തമായി സംഘടിപ്പിച്ചതായിരുന്നു രാപ്പകല്‍ സമരം.  ഭരണ കേന്ദ്രം പൂര്‍ണ്ണമായും  നിശ്ചലമാക്കിയപ്പോള്‍ പോലും ക്രമ സമാധാനാ പ്രശ്നങ്ങളൊന്നും ഉണ്ടായില്ല എന്നത് എടുത്ത് പറയേണ്ടതാണ്. ഇത് ഇടതുപക്ഷ സമരങ്ങളുടെ പൊതു അച്ചടക്കത്തെ സൂചിപ്പിക്കുന്നത്കൂടിയായി.

മാറിക്കൊണ്ടിരിക്കുന്ന വര്‍ത്തമാനകാല ലോകത്ത് സമൂഹം അനുഭവിക്കുന്ന പൊതു പ്രശ്നങ്ങള്‍ ഏറ്റെടുത്ത് സമര രംഗത്തേക്ക് വരേണ്ടി വരും. എന്നാല്‍ ജനങ്ങളുടെ പൊതു പിന്തുണ സമരങ്ങളില്‍ ഉന്നയിക്കുന്ന മുദ്രാവാക്യത്തിന് നേടിയെടുക്കണമെങ്കില്‍ പുതു സമര രീതികള്‍ സ്വീകരിച്ചേ മതിയാകൂ. ആ അര്‍ത്ഥത്തില്‍ ഒരു വേറിട്ട സമര രീതി ആവിഷ്കരിച്ചു നടപ്പിലാക്കാന്‍ ഇടത്പക്ഷത്തിന് പറ്റി എന്നുള്ളത് ഈ സമരത്തിന്‍റെ പ്രത്യേകതകളില്‍ ഒന്നായിരുന്നു.

ഒരു സമരം, അതില്‍ ഉന്നയിച്ച മുദ്രാവാക്യങ്ങളോട് പലപ്പോഴും കാലക്രമേണയായിരിക്കും നീതിപുലര്‍ത്തുക, അങ്ങിനെയെങ്കില്‍ സോളാര്‍ അഴിമതിക്കെതിരെയുള്ള സമരം ഉണ്ടാക്കിയ നേട്ടങ്ങളില്‍ ആദ്യത്തേത്, കളങ്കിത സര്‍ക്കാരിനെ മാറ്റുക എന്നതായിരുന്നു. അത് ജനം തെരഞ്ഞെടുപ്പില്‍ നല്ല പോലെ നടപ്പിലാക്കുകയും ചെയ്തു. തുടര്‍ന്ന്‍ ആ സമരത്തിന്‍റെയുല്പ്പെടെയുള്ള ഉപോല്പന്നമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ ചുമതലയായിരുന്നു സമരത്തിന്‍റെ ഭാഗമായി ഉണ്ടായ കമീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുക എന്നുള്ളത്. അക്കാര്യത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ നീതി പുലര്‍ത്തുകയും ചെയ്തു. ജുഡീഷ്യൽ അന്വേഷണ കമീഷൻ റിപ്പോർട്ടുകൾ അട്ടത്ത്‌ വെക്കുന്ന പതിവ്‌ പ്രവണത അവസാനിപ്പിച്ച പിണറായി സർക്കാറിന്റെ നിലപാടും ഏറെ പ്രശംസനീയമാണ്‌.

രാജ്യം ഭരിക്കുന്ന അര്‍ദ്ധ ഫാസിസ്റ്റ് സര്‍ക്കാര്‍ നടപ്പിലാക്കൊണ്ടിരിക്കുന്ന വര്‍ഗീയ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ വ്യാപകമായ പ്രക്ഷോഭം ആവശ്യപ്പെടുന്ന സമകാലിക സാഹചര്യത്തില്‍ സോളാര്‍ ഉള്‍പ്പെടെയുള്ള അഴിമതി വിരുദ്ധ പോരാട്ടങ്ങളും തുടര്‍ന്ന്‍ അധികാരത്തില്‍ വന്ന ഇടത് സര്‍ക്കാര്‍ എടുത്ത ശക്തമായ നടപടികളും കരുത്തേകും. ദേശീയ തലത്തില്‍ കേവലം തെരഞ്ഞെടുപ്പ് സഖ്യമെന്ന രാഷ്ട്രീയ കൂട്ടുകെട്ടിനപ്പുറം വിശാല അടിസ്ഥാനത്തിലുള്ള പ്രക്ഷോഭവും മതനിരപേക്ഷതയും ജനാധിപത്യവും സംരക്ഷിക്കാനുള്ള സമര സഖ്യവുമാണ് ഉണ്ടാവേണ്ടത്. ഇടത്പക്ഷം നേതൃത്വം നല്‍കുന്ന അത്തരമൊരു ബദല്‍ രാഷ്ട്രീയത്തിനായി നമുക്ക് കാത്തിരിക്കാം...

 

 

Related News

കൂടുതൽ വാർത്തകൾ »