16 August Thursday

കുവൈറ്റ് അല്‍കന്ദരി ഷൂട്ടിങ്ങ് മത്സരം; ശരണ്യാ ദേവി ചാമ്പ്യന്‍

വെബ് ഡെസ്‌ക്‌Updated: Friday Jun 8, 2018

കുവൈറ്റ് സിറ്റി > പത്താമത് അല്‍ കന്ദരി ഷൂട്ടിങ്ങ് വനിതാ വിഭാഗം 50 മീറ്റര്‍ സ്‌നൈപര്‍ വിഭാഗത്തില്‍ മലയാളിയായ ശരണ്യ ദേവി ഒന്നാം സ്ഥാനവും ചാമ്പ്യന്‍ഷിപ്പും നേടി. അല്‍കന്ദരി ഷൂട്ടിങ്ങ് ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ വനിതക്ക് ഇത്രയും ഉയര്‍ന്ന സ്ഥാനം ലഭിക്കുന്നത്.

കുവൈറ്റിലെ മൈദാന്‍ ഷൂട്ടിങ്ങ് റേഞ്ചില്‍ വെച്ചു നടന്ന മത്സരത്തില്‍ നൂറു കണക്കിന് മത്സരാര്‍ത്ഥികളെ പിന്തള്ളിയാണ് ശരണ്യ ഒന്നാമതെത്തിയത്. അവസാന ഘട്ടത്തില്‍  തിരഞ്ഞെടുത്ത 20 പേരില്‍ കുവൈറ്റ് സ്വദേശിനികളായ ഫാത്തിമ ഇമാന്‍, വാസമിഹ് ബന്ദര്‍ എന്നിവര്‍ക്ക് രണ്ടും മൂന്നും സ്ഥാനങ്ങള്‍ ലഭിച്ചു. പിസ്റ്റള്‍, എയര്‍ ഗണ്‍ എന്നീ വിഭാഗങ്ങളിലായിരുന്നു മറ്റു മത്സരങ്ങള്‍.

എറണാകുളം സ്വദേശി മഹേഷിന്റെ ഭാര്യയായ ശരണ്യ ഖൈത്താന്‍ ഇന്ത്യന്‍ കമ്യൂണിറ്റി സ്‌കൂള്‍ അധ്യാപികയാണ്. കലാ സാംസ്‌ക്കാരിക മേഖലയില്‍ സജീവമായ ശരണ്യ നല്ലൊരു ചിത്രകാരി കൂടിയാണ്. 2017 ലെ തോപ്പില്‍ ഭാസി നാടക മത്സരത്തില്‍ മികച്ച രണ്ടാമത്തെ നടിക്കുള്ള അവാര്‍ഡും ശരണ്യക്കായിരുന്നു.

കുവൈത്തിലെ വിവിധ രംഗത്തുള്ള പൗരപ്രമുഖര്‍ പങ്കെടുത്ത ചടങ്ങില്‍ പാര്‍ലമെന്റ് അംഗം  ഫൈസല്‍ അല്‍കന്ദരി വിജയികള്‍ക്ക് മെഡലും ക്യാഷ് അവാര്‍ഡും സമ്മാനിച്ചു

 

പ്രധാന വാർത്തകൾ
Top