20 May Sunday

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കേരള മോഡലിന്റെ പ്രസക്തി: സെമിനാര്‍

വെബ് ഡെസ്‌ക്‌Updated: Monday May 14, 2018

റിയാദ് > കേളി കലാ സാംസ്‌കാരികവേദി ന്യൂസനയ ഏരിയയുടെ  ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍  കേരളാ മോഡലിന്റെ പ്രസക്തി എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാര്‍ സംഘടിപ്പിച്ചു. ഒരുജാതി ഒരുമതം ഒരുദൈവം മനുഷ്യന് എന്ന കാഴ്ചപ്പാട് എല്ലാജാതി മതവിഭാഗങ്ങള്‍ക്കകത്തും മനുഷ്യരെല്ലാം ഒന്നാണെന്ന ആശയം പ്രചരിപ്പിക്കുന്ന രീതിയില്‍ നവോത്ഥാന ചിന്തകളും പുരോഗമന ആശയങ്ങളും കേരളത്തില്‍ നിലനിന്നതും, ജാതിക്കും സമുദായത്തിനും അതീതമായി തൊഴിലാളികളുടെയും കൃഷിക്കാരുടെയും വര്‍ഗസംഘടനകള്‍ വളര്‍ത്തി എടുക്കുന്നതിനും സാമൂഹ്യനീതിയെയും സാമ്പത്തിക സമരങ്ങളെയും കൂട്ടിയോജിപ്പിച്ചുള്ള ഇടത് പുരോഗമന പ്രസ്ഥാനങ്ങളുടെ ഇടപെടലാണ് കേരളത്തിന്റെ മുന്നേറ്റത്തിന് അടിസ്ഥാനമായി തീര്‍ന്നത് എന്നും കേളി സെമിനാര്‍ അഭിപ്രായപ്പെട്ടു.

ബത്ത മാസ് ഓഡിറ്റോറിയത്തില്‍ ഏരിയാ ജോ:സെക്രട്ടറി മോഹനന്‍ മോഡറേറ്ററെ ക്ഷണിച്ചുകൊണ്ടാരംഭിച്ച സെമിനാറില്‍ കേന്ദ്ര സാംസ്‌കാരിക കമ്മിറ്റി അംഗം മഹേഷ് കോടിയത്ത് മോഡറേറ്റര്‍ ആയിരുന്നു. കേളികേന്ദ്ര കമ്മിറ്റി അംഗവും കേന്ദ്ര സാംസ്‌കാരിക കമ്മിറ്റി കണ്‍വീനറുമായ ടി.ആര്‍ സുബ്രഹ്മണ്യന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. നവോത്ഥാന പ്രസ്ഥാനങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് വന്ന ചിന്താഗതികളെ ഇടത് വര്‍ഗ നിലപാടില്‍ ഉറച്ചു നിന്ന ്മുന്നോട്ട് കൊണ്ടുപോയി എന്നതാണ് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി കേരളീയ ജീവിതത്തിലുണ്ടായ സാമൂഹിക സാമ്പത്തീക മുറ്റേത്തിനു ഇടയാക്കിയത്. നവോത്ഥാന പ്രസ്ഥാനങ്ങള്‍ കേരളത്തേക്കാള്‍ ശക്തമായിരുന്ന തമിഴ്‌നാട്ടിലും മഹാരാഷ്ട്രയിലും ഇന്നും ജാതീയത ഭീകരമായി തുടരുമ്പോള്‍, കേരളത്തില്‍ അതിന്റെ അടിത്തറയെതന്നെ തകര്‍ക്കുന്നതിനും ജാതീയമായ വിവേചനങ്ങളുടെ ക്രൂരമായ മുഖങ്ങള്‍ ഇല്ലാതാക്കുന്നതിനും കഴിഞ്ഞത് ഈ ഇടപെടലിന്റെ ഭാഗമായാണെുന്നും ടി.ആര്‍ അഭിപ്രായപ്പെട്ടു.

ഏരിയാ സാംസ്‌കാരിക വിഭാഗം കണ്‍വീനര്‍ ബേബിക്കുട്ടി പ്രബന്ധം അവതരിപ്പിച്ചു. കേളികേന്ദ്ര ആക്ടിംഗ് സെക്രട്ടറി ഷമീര്‍ കുന്നുമ്മല്‍, കേന്ദ്ര ജോ:ട്രഷറര്‍ വര്‍ഗീസ്, കേന്ദ്രസാംസ്‌കാരിക കമ്മിറ്റി അംഗം ജോഷി പെരിഞ്ഞനം, ഏരിയാ പ്രസിഡണ്ട് പുരുഷോത്തമന്‍, ട്രഷറര്‍ ജോര്‍ജ്ജ്‌വര്‍ഗീസ്, ഏരിയാ കമ്മിറ്റി അംഗങ്ങളായ കരുണാകരന്‍, ജയപ്രകാശ്, അബ്ദുള്‍ നാസര്‍, അബ്ബാസ്, സുരേഷ് ബാബു, ഷാജി, മണി, കരുണാകരന്‍ എന്നിവര്‍ സെമിനാറിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

ഏരിയാ ആക്ടിംഗ് സെക്രട്ടറി ജലീല്‍ സ്വാഗതവും എരിയാകമ്മിറ്റി അംഗം നിസാര്‍ മണ്ണഞ്ചേരി നന്ദിയും പറഞ്ഞു.


 

പ്രധാന വാർത്തകൾ
Top