20 November Tuesday

പലചരക്കുകടകളിലും സമ്പൂര്‍ണ സൌദിവല്‍ക്കരണം വരുന്നു

അനസ് യാസിന്‍Updated: Wednesday Jul 26, 2017

മനാമ > മലയാളികളായ  പ്രവാസികളെ ഉള്‍പ്പെടെ കടുത്ത ആശങ്കയിലാഴ്ത്തി സൌദിയില്‍ പലചരക്കു കടകളിലും (ബഖാല) റെന്റ് എ കാര്‍ മേഖലയിലും സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം നടപ്പാക്കുന്നു. ഇരുമേഖലയിലും സ്വദേശിവല്‍ക്കരണം ഉടന്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

പലചരക്കു കടകളിലെ സമ്പൂര്‍ണ സൌദിവല്‍ക്കരണം വഴി ആദ്യവര്‍ഷം 20,000 സൌദികള്‍ക്ക് തൊഴില്‍ ലഭിക്കുമെന്നാണ് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം കണക്കുകൂട്ടല്‍. മൊബൈല്‍ ഫോണ്‍ വിപണനമേഖലയില്‍ സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം വഴി 8000 സൌദി യുവജനങ്ങള്‍ക്ക് തൊഴില്‍ ലഭിച്ചു. സ്വദേശികളെ ആകര്‍ഷിക്കുംവിധമായിരിക്കും ബഖാലകളിലും സ്വദേശിവല്‍ക്കരണം നടപ്പാക്കുകയെന്ന് മന്ത്രാലയം വൃത്തങ്ങള്‍ പറഞ്ഞു.

ഭക്ഷ്യവസ്തുക്കളും മറ്റും വില്‍ക്കുന്ന മൊബൈല്‍ യൂണിറ്റുകളില്‍ സമ്പൂര്‍ണ സൌദിവല്‍ക്കരണത്തിനുള്ള തീരുമാനവും വൈകാതെ നിലവില്‍ വരും. ഈ മേഖലയില്‍ 6000ത്തിലേറെ സൌദികള്‍ക്ക് തൊഴില്‍ ലഭിക്കുമെന്നാണ് കരുതുന്നത്.

റെന്റ് എ കാര്‍ സ്ഥാപനങ്ങളിലെ സൌദിവല്‍ക്കരണത്തിലൂടെ അയ്യായിരത്തിലേറെ പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം.  ആശുപത്രികളിലും ഹെല്‍ത്ത് സെന്ററുകളിലും 7500 സൌദി ഡോക്ടര്‍മാര്‍ക്കും നേഴ്സുമാര്‍ക്കും മന്ത്രാലയം തൊഴില്‍ ലഭ്യമാക്കിയിട്ടുണ്ട്. 2020 ഓടെ ആരോഗ്യമേഖലയില്‍ 93,000 സൌദികള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിനാണ് പദ്ധതിയിടുന്നത്.
മലയാളികള്‍ വന്‍തോതില്‍ തൊഴില്‍ ചെയ്യുന്ന മേഖലയാണ് ബഖാല, ബൂഫിയ തുടങ്ങിയവ. പ്രവാസികളില്‍ വലിയൊരു ഭാഗം ഇവിടെ ജോലിചെയ്യുന്നു.

പ്രധാന വാർത്തകൾ
Top