Top
16
Saturday, December 2017
About UsE-Paper

സൗദിയില്‍ ഗാര്‍ഹികത്തൊഴിലാളി റിക്രൂട്ടിങ് കരാര്‍ ഓണ്‍ലൈനില്‍

Thursday Nov 30, 2017
അനസ് യാസിന്‍

മനാമ > സൗദിയിലേക്ക് ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനുള്ള കരാര്‍ പൂര്‍ണമായും ഓണ്‍ലൈനിലേക്ക് മാറ്റി. വിസ തെരഞ്ഞെടുപ്പുമുതല്‍ ജോലിക്കാര്‍ സൗദിയിലെത്തുന്നതുവരെ നടപടികള്‍ നിരീക്ഷിക്കാനും രേഖാമൂലമാക്കാനും പുതിയ സംവിധാനത്തിലൂടെ കഴിയുമെന്ന് തൊഴില്‍മന്ത്രാലയ വക്താവ് ഖാലിദ് അബല്‍ഖൈല്‍ അറിയിച്ചു. തൊഴിലാളി, തൊഴിലുടമ, റിക്രൂട്ടിങ് ഏജന്‍സി എന്നിവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയെന്നതാണ്് പുതിയ സംവിധാനത്തിന്റെ ലക്ഷ്യം.

 നേരത്തെ ആരംഭിച്ച 'മുസാനിദ്' ഓണ്‍ലൈന്‍ സംവിധാനം പരിഷ്‌കരിച്ചാണ് സമ്പൂര്‍ണ ഓണ്‍ലൈന്‍ സംവിധാനം യാഥാര്‍ഥ്യമാക്കിയത്. റിക്രൂട്ടിങ്ങിന്റെ ഇനം നിര്‍ണയിക്കല്‍, റിക്രൂട്ടിങ് ഏജന്‍സി തെരഞ്ഞെടുപ്പ്, വിവിധ തൊഴില്‍ കരാറുകളില്‍ അനുയോജ്യമായത് തെരഞ്ഞെടുക്കല്‍, പണമടയ്ക്കല്‍ എന്നിവ ഓണ്‍ലൈനില്‍ സാധ്യമാണ്. റിക്രൂട്ടിങ് ഏജന്‍സിയും തൊഴിലുടമയും തമ്മില്‍ ഉണ്ടായേക്കാവുന്ന പ്രശ്‌നങ്ങള്‍ക്കും കരാര്‍ സംബന്ധിച്ച തര്‍ക്കങ്ങളില്‍ സുതാര്യമായ തീരുമാനത്തിലെത്താനും പുതിയ സംവിധാനം സഹായിക്കും. മന്ത്രാലയത്തിനു കീഴിലെwww.musaned.gov.sa  എന്ന വെബ്‌സൈറ്റിലാണ് സേവനം ലഭ്യമാകുക.

സ്ത്രീ, പുരുഷ ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനാഗ്രഹിക്കുന്ന സൗദികളും വിദേശികളും മുസാനിദ് വെബ്‌സൈറ്റുവഴി റിക്രൂട്ട്‌മെന്റ് ഓഫീസുകളുടെയും കമ്പനികളുടെയും നിയമസാധുത ഉറപ്പുവരുത്തണമെന്ന് മന്ത്രാലയവക്താവ് അറിയിച്ചു. വ്യാജ കമ്പനികള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകും. ലൈസന്‍സുള്ള കമ്പനികളുടെ പേരുവിവരവും തൊഴിലാളികള്‍ ലഭ്യമായ രാജ്യങ്ങളും വെബ്‌സൈറ്റില്‍ ലഭ്യമാണ്.