23 September Sunday

പ്രധാനമന്ത്രി നിരക്ഷരൻ, കേന്ദ്ര സർക്കാരിന്റേത്‌ ചെറിയ മാധ്യമങ്ങളെ ഇല്ലാതാക്കി വലിയ മാധ്യമങ്ങളെ വരുതിയിലാക്കുന്ന നയം: സച്ചിദാനന്ദൻ

വെബ് ഡെസ്‌ക്‌Updated: Sunday May 13, 2018

കുവൈറ്റ്‌ സിറ്റി > നമ്മുടെ രാജ്യം ഭരിക്കുന്നത്‌ നിരക്ഷരനായ പ്രധാനമന്ത്രിയെന്ന് കവി സച്ചിദാനന്ദൻ. കേരള ആർട്ട്‌ ലവേഴ്സ്‌ അസോസിയേഷൻ, കല കുവൈറ്റ്‌ 40ാ‍ം വാർഷികാഘോഷങ്ങളുടെ ഭാഗമായ്‌ നടന്ന 'തരംഗം 2018’ ഉദ്ഘാടനം ചെയ്ത്‌‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വേദങ്ങളും ഉപനിഷത്തുകളും ഒന്ന് വായിച്ച്‌ പോലും നോക്കാതെ അതിനെക്കുറിച്ച്‌ തെറ്റിദ്ധാരണാ ജനകമായ പ്രസ്താവനകളാണു രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രിയിൽ നിന്നും ഉണ്ടാകുന്നത്‌. രാജ്യത്തെ പല മുഖ്യമന്ത്രിമാരും ഈ നിലവാരത്തിലാണു സംസാരിക്കുന്നത്‌. ഇന്ത്യയുടെ ചരിത്രവും, പുരാണങ്ങളും അറിയാത്ത ഈ മന്ത്രിമാർ ദിവസേന പുതിയ പ്രസ്താവനകളുമായി രംഗത്ത്‌ വരുന്നു. ‐ അദ്ദേഹം പറഞ്ഞു.

ചെറിയ മാധ്യമങ്ങളെ ഇല്ലാതാക്കി വലിയ മാധ്യമങ്ങളെ വരുതിയിലാക്കുന്ന നയമാണു കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്‌. വൻകിട മാധ്യമങ്ങളെ സ്വന്തം നുണ പ്രചാരണത്തിനായ്‌ ഉപയോഗിക്കുന്നു. കോർപ്പറേറ്റുകൾ  വെച്ചുകൊടുത്ത എല്ലിൻ കഷണം വായിലുള്ളതിനാൽ കോർപ്പറേറ്റുകൾക്കെതിരെയും, അവരെ പിന്താങ്ങുന്ന ഭരണകൂടത്തിനെതിരേയും സംസാരിക്കാൻ വൻകിട മാധ്യമങ്ങൾ തയ്യാറാകുന്നില്ല. മാധ്യമങ്ങളുടെ അടിസ്ഥാന ധർമ്മം അധികാരത്തോടെ സത്യം പറയുക എന്നതാണു. എന്നാൽ എല്ലിൻ കഷ്ണം വായിൽ വെച്ചിരിക്കുന്ന അവർക്ക്‌ ഒരിക്കലും സത്യം പറയാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.



കലകുവൈറ്റിന്റെ ഈ വർഷത്തെ മാതൃഭാഷാ പഠന പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും സച്ചിദാനന്ദൻ നിർവ്വഹിച്ചു. ഖാൽദിയ യൂണിവേഴ്സിറ്റി തിയറ്ററിൽ വെച്ച്‌ നടന്ന പരിപാടിയിൽ പ്രശസ്ത നടനും, ഈ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡ്‌ ജേതാവുമായ ഇന്ദ്രൻസ്‌ മുഖ്യാതിഥിയായി പങ്കെടുത്തു. കല കുവൈറ്റ്‌ പ്രസിഡന്റ്‌ ആർ നാഗനാഥൻ അധ്യക്ഷനായ സാംസ്‌കാരിക സമ്മേളനത്തിൽ കല കുവൈറ്റ്‌ ജനറൽ സെക്രട്ടറി സജി തോമസ്‌ മാത്യു സ്വാഗതം പറഞ്ഞു. കേരള പ്രവാസി ക്ഷേമനിധി ബോർഡ്‌ ഡയറക്‌ടർ എൻ അജിത്‌ കുമാർ,  ട്രഷറർ രമേഷ്‌ കണ്ണപുരം, പരിപാടിയുടെ മുഖ്യ പ്രായോജകരായ ബിഇസി കൺട്രി മാനേജർ മാത്യു വർഗ്ഗീസ്‌, ഗ്രൂപ്പ്‌ സർവ്വീസസ്‌ കമ്പനി സെയിൽസ്‌ & ടെക്നിക്കൽ മാനേജർ മുഹമ്മദ്‌ കെ സി‌, കല കുവൈറ്റ്‌ 40ാ‍ം വാർഷിക സ്വാഗതസംഘം ചെയർമാൻ ടി വി ഹിക്‌മത്‌, വനിതാവേദി ജനറൽ സെക്രട്ടറി ഷെറിൻ ഷാജു, ബാലവേദി പ്രസിഡന്റ്‌ അപർണ്ണ ഷൈൻ എന്നിവർ ആശംസകളർപ്പിച്ച്‌ സംസാരിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ ജെ സജി ചടങ്ങിനു നന്ദി രേഖപ്പെടുത്തി.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top